തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിൽ തെരഞ്ഞെടുപ്പ് നടന്നാലും അതിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൂട്ടരാണ് മലയാളികൾ. ആ നാട്ടിൽ ഇല്ലാത്ത കൗതുകവും ആകാംക്ഷയുമാണ് ഫലമറിയാൻ വേണ്ടി മലയാളികൾക്ക് ഉള്ളത്. അത് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും ബിഹാർ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലായാലും കണക്കാണ്.

ഇന്ന് ബിഹാർ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ മലയാളികൾ ചാനലുകൾക്ക് മുന്നിൽ ആകാംക്ഷയോടെ കാത്തിരിക്കയാണ്. മലയാളിയുടെ താൽപ്പര്യം അറിഞ്ഞു വിളമ്പുക എന്നതു പോലെയാണ് മലയാളം ചാനലുകളും റിപ്പോർട്ടു ചെയ്തത്. ആർജെഡി സംഖ്യം മുന്നിലാകുമെന്ന എക്‌സിറ്റ് പോളുകൾ പുറത്തുവന്നപ്പോൾ മുതൽ കേരളത്തിൽ വലിയ ആഹ്ലാദപ്രകടനങ്ങൾ സൈബർ ഇടങ്ങളിൽ നടന്നിരുന്നു. ആ സഖ്യം വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് മുന്നിലേക്കാണ് മലയാളം ചാനലുകൾ ഇന്ന് ഫലസൂചന പറഞ്ഞു തുടങ്ങിയത്.

മലയാളത്തിലെ മിക്ക ചാനലുകളും ആർജെഡി സഖ്യം അധികാരത്തിലേക്കെന്ന വിധത്തിലാണ് തുടക്കത്തിൽ വാർത്തകൾ നൽകിയത്. അതേസമയം തന്നെ ദേശീയ ചാനലുകൾ തെരഞ്ഞെടുപ്പു ഫലം റിപ്പോർട്ടു ചെയ്തത് ഇഞ്ചോടിഞ്ച് എന്ന നിലയിലായിരുന്നു. ഇത് കേരളത്തിൽ എത്തിയപ്പോൾ ആർജെഡി വിജയിക്കുന്ന ഘട്ടത്തിലെത്തി.

എന്നാൽ, തെരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഇതൊന്നുമല്ല ചിത്രം. അവിടെ നൂറിലേറെ സീറ്റുകളുടെ ഫലസൂചനയാണ് പുറത്തുവന്നത്. ഔദ്യേഗിക ലീഡു നില പ്രകാരം ബിജെപി 28 സീറ്റിൽ മുന്നിൽ, ആർജെഡി ആകട്ടെ 29 സീറ്റിലും. 20 സീറ്റിൽ ജനതാദൾ യുണൈറ്റഡും കോൺഗ്രസ് 12 സീറ്റിലും മുന്നൽ നില്ക്കുന്നു.

ഇപ്പോഴത്തെ അവസ്ഥയിൽ ബിഹാർ ആര് ഭരിക്കും എന്ന് അറിയാൻ ഉച്ചായാകും എന്ന് ഉറപ്പാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ തോന്നിയതു പടി റിസൽട്ടു പറഞ്ഞവർ അധികം വൈകാതെ കൃത്യമായ റിസൽട്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്.