ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ മന്ദഗതിയിൽ പുരോഗമിക്കുമ്പോഴും എൻഡിഎ സഖ്യം അധികാരത്തിലേക്ക് സൂചനകൾ. തുടർച്ചയായ മണിക്കൂറുകളിൽ എൻഡിഎ സഖ്യമാണ് കേവലഭൂരിപക്ഷം കടന്ന ലീഡിൽ തുടരുന്നത്. അതേമയം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അറുപതോളം മണ്ഡങ്ങളാണ് ബിഹാറിന്റെ വിധി നിർണായകമാകുക.

ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ശേഷം എൻഡിഎ ലീഡ് പിടിച്ചെങ്കിലും എന്തും സംഭവിക്കാമെന്ന നിലയാണ് ഇപ്പോഴുമുള്ളത്. കേവല ഭൂരിപക്ഷം കടന്ന് 127 സീറ്റുകളിൽ എൻഡിഎയും 105 സീറ്റുകളിൽ മഹാസഖ്യവുമാണ് ഇപ്പോൾ ലീഡ് ചെയ്യുന്നത്. എന്നാൽ നേരിയ വോട്ടിൽ ഈ ട്രെൻഡിനെ മാറ്റിമറിക്കാനാവുന്ന മണ്ഡലങ്ങളുമുണ്ട്. ഇത്തരം 60-70 സീറ്റുകളാണ് നിലവിലുള്ളത്. മൂവായിരത്തിൽ താഴെ മാത്രം ലീഡ് നിലയുള്ള സീറ്റുകളിൽ ട്രെൻഡ് മാറിമറിയാൻ അധികനേരം വേണ്ടിവരില്ല. 20-25 ശതമാനം വോട്ടുകൾ മാത്രമേ എണ്ണിയിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.

അഞ്ച് ശതമാനത്തിൽ കുറവ് വോട്ട് ലീഡുള്ള അറുപതിലധികം മണ്ഡലങ്ങളുണ്ട്. 20 മുതൽ 3000 വരെയാണ് ലീഡ്. ഇതിൽ കഹൽഗാവ്, പട്ന, തരാരി, കല്യാൺപുർ, മധുബാണി, പാർസ, തുടങ്ങി 45ഓളം സീറ്റുകളിൽ ആയിരത്തിൽ താഴെ മാത്രമാണ് ലീഡ് ഉള്ളത്. വോട്ടെണ്ണലിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഈ ലീഡ് നില മാറിയാൽ ബിഹാറിലെ തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറിമറിയും. അങ്ങനെവന്നാൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനുമപ്പുറം മറ്റൊരു സൂപ്പർ സസ്പെൻസിലേക്കാവും ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലവും.

നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദ പ്രകടനം നടത്തരുതെന്ന് ബിഹാറിൽ പ്രവർത്തകർക്ക് പാർട്ടികളുടെ നിർദേശവും നൽകി കഴിഞ്ഞു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് വോട്ടെണ്ണൽ നടക്കുന്നതിനാൽ ഫല പ്രഖ്യാപനം പൂർത്തിയാകുമ്പോൾ രാത്രിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിന് പിന്നാലെയാണിത്.

4.10 കോടി വോട്ടുകളാണ് ബിഹാറിൽ പോൾ ചെയ്തിട്ടുള്ളത്. ഉച്ചയോടെ ഇതിൽ ഒരു കോടി വോട്ടുകൾ മാത്രമേ ഇതുവരെ എണ്ണിതീർന്നിട്ടുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാൽ ടേബിളുകളുടെ എണ്ണം കുറവാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

നിലവിലെ ലീഡ് നിലയനുസരിച്ച് ഭരണപക്ഷമായ എൻഡിഎക്കാണ് മുൻതൂക്കമുള്ളത്. എൻഡിഎ കേവലഭൂരിപക്ഷം കടന്നെങ്കിലും തൊട്ടുപിന്നിലായി മഹാസഖ്യമുണ്ട്. ഗ്രാമീണമേഖലയിൽ തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് ഫലം വരാനിരിക്കുന്നതേയുള്ളൂവെന്നും അപ്പോൾ കാര്യങ്ങൾ മാറിമറിയുമെന്നും ആർജെഡി നേതാക്കൾ അറിയിച്ചു. പട്നയിലെ ബിജെപി ആസ്ഥാനത്തും ജെഡിയു ആസ്ഥാനത്തും പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയെങ്കിലും പിന്നീട് ഇത് നിർത്തിവെച്ചു.

അതിനിടെ മുന്നണിലെ രണ്ടാം കക്ഷി ആയാലും നിതീഷ് കുമാർ തന്നെയാകും മുഖ്യമന്ത്രിയെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് തന്നെയാണെന്ന നേരത്തെ ജെഡിയുവും അറിയിച്ചിരുന്നു.