- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പു; ജനവിധി തേടുന്നവരിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് അടക്കമുള്ളവർ; പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത് 2.86 കോടി വോട്ടർമാർ
പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട വോട്ടെടുപ്പു തുടങ്ങി. ഏറ്റവും കൂടുതൽ വോട്ടർമാരും സ്ഥാനാർത്ഥികളും മണ്ഡലങ്ങളും ഉള്ള ഘട്ടമാണ് ഇത്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആർജെഡിയുടെ തേജസ്വി യാദവ് മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. തേജസ്വി യാദവ് മത്സരിക്കുന്നത് വൈശാലി ജില്ലയിലെ രാഘോപുരിലാണ്. മുപ്പത്തിയൊന്നുകാരനായ തേജസ്വിയുടെ സിറ്റിങ് സീറ്റ് കൂടിയാണിത്.
ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവ് 1995, 2000 തിരഞ്ഞെടുപ്പുകളിലും ഭാര്യ റാബ്റി ദേവി 2005ലും വിജയിച്ച മണ്ഡലമാണ് രാഘോപുർ. 2010ൽ പക്ഷേ, റാബ്റി ദേവി ജെഡിയു സ്ഥാനാർത്ഥി സതീഷ് കുമാറിനോടു പരാജയപ്പെട്ടു. കഴിഞ്ഞതവണ ബിജെപി സ്ഥാനാർത്ഥിയായെത്തിയ സതീഷ് കുമാറിനെ തോൽപിച്ച് തേജസ്വി മണ്ഡലം തിരിച്ചുപിടിച്ചു. ഇക്കുറിയും സതീഷ് കുമാറാണ് തേജസ്വിയുടെ എതിരാളി. എൽജെപി സ്ഥാനാർത്ഥിയായി മുൻ ബിജെപി അംഗം രാകേഷ് റോഷനും രംഗത്തുണ്ട്. തേജസ്വിയുടെ മൂത്ത സഹോദരൻ തേജ് പ്രതാപ് യാദവ് സമസ്തിപുർ ജില്ലയിലെ ഹസൻപുർ മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. ഹസൻപുരിൽ തുടർച്ചയായി രണ്ടുതവണ വിജയിച്ച ജെഡിയു സിറ്റിങ് എംഎൽഎ രാജ്കുമാർ റായിയാണ് എതിർസ്ഥാനത്ത്.
ആകെയുള്ള 243ൽ 94 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ 71 മണ്ഡലങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തിൽ 17 ജില്ലകളിലായുള്ള ആകെ മണ്ഡലങ്ങളിൽ 13 എണ്ണം എസ്സി സംവരണമാണ്. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. 41,362 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. സാനിട്ടൈസേഷൻ ഫോഴ്സിനെ ഉൾപ്പെടെ നിയോഗിച്ച് ബൂത്തുകളെല്ലാം സാനിട്ടൈസ് ചെയ്തുകഴിഞ്ഞു. വോട്ടു ചെയ്യാനെത്തുന്നവർക്ക് ഒറ്റത്തവണ ഉപയോഗിക്കാനുള്ള കയ്യുറ ഉൾപ്പെടെ നൽകും. വോട്ടെടുപ്പിനു ശേഷവും ബൂത്തുകൾ ശുചീകരിക്കും. ആകെ 2.86 കോടി വോട്ടർമാരാണ് ഇത്തവണ. അതിൽ 1.5 കോടി പേർ പുരുഷന്മാരും 1.35 കോടി പേർ വനിതകളുമാണ്. 980 തേഡ് ജെൻഡർ വോട്ടർമാരുമുണ്ട്. മത്സരിക്കാനും തേഡ് ജെൻഡർ വിഭാഗത്തിലെ ഒരു സ്ഥാനാർത്ഥിയുണ്ട്.
ആകെ 1463 സ്ഥാനാർത്ഥികളാണു ജനവിധി തേടുന്നത്. ഇതിൽ 1316 പേർ പുരുഷന്മാരും 146 പേർ വനിതകളുമാണ്. തലസ്ഥാനത്തെ നാലു പ്രധാന മണ്ഡലങ്ങളായ പട്ന സാഹിബ്, കുംഹാർ, ബാൻകിപുർ, ദിഘ എന്നിവയിലും മൂന്നിന് വോട്ടെടുപ്പ് നടക്കും. നാല് മണ്ഡലവും നിലവിൽ ബിജെപിയുടെ കീഴിലാണ്. പട്ന സാഹിബിൽ തുടർച്ചയായി ആറു തവണ ജയിച്ച മന്ത്രി നന്ദ് കിഷോർ യാദവാണ് ഇത്തവണയും മത്സരിക്കുന്നത്. ബിജെപി വിട്ട നടൻ ശത്രുഘ്നൻ സിൻഹയുടെ മകൻ ലവ് സിൻഹയാണ് ബാൻകിപുരിൽ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിയുടെ നിതിൻ നാബിനാണ് എതിർസ്ഥാനത്ത്. മുൻ തിരഞ്ഞെടുപ്പിനു സമാനമായി കുംഹാറിൽ ബിജെപിയുടെ അരുൺ സിൻഹയും ദിഘയിൽ സഞ്ജിവ് ചൗരസ്യയുമാണ് മത്സരിക്കുന്നത്. ദിഘയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ വോട്ടർമാർ. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയിലെ ഏഴു മണ്ഡലങ്ങളും മത്സരത്തിനുണ്ട്.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് മഹാരാജ്ഗഞ്ചിലാണ് 27 പേർ. കുറവ് ദരൗലിയിലും നാലു പേർ. 56 സീറ്റുകളിലേക്കാണ് ആർജെഡി മത്സരിക്കുന്നത്. സഖ്യകക്ഷിയായ കോൺഗ്രസ് 24 സീറ്റിലും. ഇവർക്കൊപ്പം മഹാസഖ്യത്തിൽ അംഗങ്ങളായ സിപിഎമ്മും സിപിഐയും നാലു വീതം സീറ്റുകളിൽ മത്സരിക്കുന്നു. സിപിഐ എംഎല്ലും ഏതാനും സീറ്റുകളിലേക്കു മത്സരിക്കുന്നുണ്ട്. എൻഡിഎയിൽ ബിജെപി മത്സരിക്കുന്നത് 46 സീറ്റുകളിലേക്കാണ്. ജെഡിയുവാകട്ടെ 43 സീറ്റിലും. ശേഷിച്ച അഞ്ചു മണ്ഡലങ്ങളിൽ മുകേഷ് സാഹ്നിയുടെ വികാസ്ശീൽ ഇൻസാൻ പാർട്ടിയും മത്സരിക്കുന്നു.
അവസാന നിമിഷം എൻഡിഎ സഖ്യംവിട്ട ചിരാഗ് പാസ്വാന്റെ എൽജെപി 52 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്. എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ ജയിച്ച രണ്ടു മണ്ഡലത്തിൽ ഉൾപ്പെടെയാണിത്. തേഡ് ജെൻഡർ വിഭാഗത്തിൽ മത്സരിക്കുന്ന ഒരേയൊരു സ്ഥാനാർത്ഥിയായ റാം ദർശൻ പ്രസാദ് എൽജെപിയിൽനിന്നാണ്.