- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവേകളിൽ നിന്ന് വ്യത്യസ്തമായി മഹാസഖ്യം അവസാന റൗണ്ടിൽ കയറിവരുന്നു; നിതീഷിനുനേരെ തുടർച്ചയായി ജനരോഷം; രണ്ടാംഘട്ടത്തിൽ 53.51 ശതമാനം പോളിങ്; 94 മണ്ഡലങ്ങളിലായി വിധി എഴുതിയത് 2.85 കോടി ജനങ്ങൾ; ബിഹാറിൽ ഭരണവിരുദ്ധ വികാരം എൻഡിഎയെ മുക്കുമോ?
പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്. 94 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ വിധി എഴുതി. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, തേജ്വസി യാദവ് (രാഘോപുർ), എൽ.ജെ.പി പ്രസിഡന്റ് ചിരാഗ് പാസ്വാൻ എന്നിവർ ഇന്നാണ് വോട്ടു ചെയ്തത്.കോവിഡ് രോഗികൾക്ക് വോട്ടു ചെയ്യാനായി വൈകീട്ട് ആറു മണിവരെ തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടിങ് അനുവദിച്ചിരുന്നു. എൻ.ഡി.എയിൽ ബിജെപി 46, ജെ.ഡി.യു 43, മഹാസഖ്യത്തിൽ ആർ.ജെ.ഡി 56, കോൺഗ്രസ് 24 എന്നിങ്ങനെയാണ് രണ്ടാം ഘട്ടത്തിൽ മത്സരിക്കുന്ന മണ്ഡലങ്ങൾ.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവും ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും തേജസ്വിയുടെ അമ്മയുമായ റാബ്രി ദേവിയും പട്നയിലെ വെറ്റിനറി കോളെജിലെത്തി വോട്ട് രേഖപ്പെടുത്തി. ബീഹാറിൽ മാറ്റവും പുരോഗതിയും അത്യാവശ്യമാണെന്ന് വോട്ടിങ് കഴിഞ്ഞ് പുറത്തിങ്ങവെ റാബ്രി ദേവി പറഞ്ഞു.എൽ.ജെ.പി തലവനായ ചിരാഗ് പാസ്വാൻ ഖാഗരിയയിലെ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. നിതീഷ് മുക്ത് ബീഹാറിനായി വോട്ട് ചെയ്യണമെന്നായിരുന്നു പാസ്വാൻ പറഞ്ഞത്. ബീഹാർ ജനത നിതീഷ് കുമാറിനെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞു.
ആകെ 243 നിയമസഭാ മണ്ഡലങ്ങളാണ് ബീഹാറിലുള്ളത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയും കോൺഗ്രസും ജനതാദളും ഒരുമിച്ച് ജനവിധി തേടിയ ഘട്ടത്തിൽ ഈ 94 സീറ്റുകളിൽ 70 സീറ്റുകൾ സഖ്യം നേടിയിരുന്നു. ആർ.ജെ.ഡിക്ക് 33 സീറ്റുകളും ജെ.ഡി.യുവിന് 30 സീറ്റുകളും കോൺഗ്രസിന് ഏഴ് സീറ്റുകളുമായിരുന്നു അന്ന് ലഭിച്ചത്.ജെ.ഡി.യുവിന്റെ ശക്തികേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന സ്ഥലത്താണ് ഇന്നത്തെ വോട്ടെടുപ്പ് നടന്നത്.എന്നാൽ ജെ.ഡി.യു മഹാസഖ്യത്തിൽ പുറത്ത് വന്ന് എൻ.ഡി.എയ്ക്കൊപ്പമായതിനാൽ ഈ ജനവിധി ബിജെപിക്ക് നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിലാണ് ബിജെപി ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത് എന്നതും പാർട്ടിക്ക് ഈ തെരഞ്ഞെടുപ്പ് എത്രത്തോളം നിർണായകമാണ് എന്നത് ചൂണ്ടിക്കാണിക്കുന്നതാണ്. 94 സീറ്റുകളിൽ 46 സീറ്റുകളിൽ ബിജെപി മത്സരിക്കുന്നുണ്ട്. അഞ്ച് സീറ്റുകളിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെട്ട വികാശീൽ ഇൻസാൻ പാർട്ടിയും ബാക്കി 43 സീറ്റുകളിൽ ജെ.ഡി.യുവുമാണ് മത്സരിക്കുന്നത്.
നിതീഷിന്റെ റാലികളിൽ തുടർച്ചയായി ജനരോഷം
തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങവെ അഭിപ്രായ സർവേകളിൽനിന്ന് വ്യത്യസ്തമായി മഹാസഖ്യം കയറിവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്്. നേരത്തെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ബിജെപി അധികാരത്തിൽ വരും എന്നാണ് സർവേകൾ പ്രവചിച്ചിരുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായലും മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെയാണെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു. അതിനിടെ ശത്രുക്കളാൽ വലയം ചെയ്യപ്പെട്ട് ക്ഷീണിതനായ നിതീഷ് കുമാറിനെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. നിതീഷിന്റെ തെരഞ്ഞെുടപ്പ് റാലികൾക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുന്നതിനിടെ നിതീഷ് കുമാറിന് നേരെ സവാളയേറാണ് ഉണ്ടായത്. ധുബനി, ഹർലഖിയിലെ നടന്ന റാലിയിൽ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജനങ്ങൾക്കിടയിൽ നിന്ന് ഒരാൾ മുഖ്യമന്ത്രിക്ക് നേരെ സവാള എറിഞ്ഞത്. അതിനൊപ്പം ഇഷ്ടിക കഷ്ണങ്ങളും വലിച്ചെറിഞ്ഞു.മദ്യക്കടത്ത് നടക്കുന്നു, പരസ്യമായി വില്പനയും നടക്കുന്നു. അത് തടയുന്നതിൽ നിങ്ങൾ വിജയിച്ചിട്ടില്ലെന്ന് വിളിച്ചു പറഞ്ഞായിരുന്നു ആക്രമണം. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നിലേക്കെത്തുകയും പ്രതിരോധം തീർക്കുകയും ചെയ്തു. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നതിന്റെ സൂചനയായാണ് റാലികളിൽ അടിക്കടിയുണ്ടാവുന്ന പ്രശ്നങ്ങൾ വിലയിരുത്തപ്പെടുന്നത്.
എൻ.ഡി.എയെ വീണ്ടും തിരഞ്ഞെടുക്കാൻ ബിഹാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. ഇതു നാലാം തവണയാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സംസ്ഥാനത്ത് എത്തുന്നത്. മോദിയുടെ റാലിയിൽ കാണുന്ന വലിയ ആവേശം മാത്രമാണ് എൻഡിഎക്ക് പ്രതീക്ഷ നൽകുന്നത്.
മറുനാടന് ഡെസ്ക്