- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറിൽ ജൂനിയർ പാർട്ണർ സീനിയർ പാർട്നറാകുന്ന വിസ്മയ കാഴ്ച; ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മുന്നേറുമ്പോൾ നിതീഷിന് മൗനം; 116 സീറ്റിലെ ഫലം പുറത്തുവന്നപ്പോൾ 62 സീറ്റിൽ എൻഡിഎക്കും 50 സീറ്റിൽ മഹാസഖ്യത്തിനും ജയം; കോൺഗ്രസ് നിറം മങ്ങിയപ്പോൾ ഭേദപ്പെട്ട പ്രകടനവുമായി ഇടതുപാർട്ടികൾ; മന്ദഗതിയിൽ നടക്കുന്ന വോട്ടെണ്ണലിന്റെ അന്തിമ ഫലം വൈകും
പട്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ സഖ്യത്തിന് മേൽക്കൈ. 60% വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 116 സീറ്റുകളിലെ ഫലം പുറത്തുവന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 62 സീറ്റുകളിൽ എൻഡിഎയും 50ൽ മഹാസഖ്യവും വിജയിച്ചു. മറ്റുള്ളവർ 4 സീറ്റിലും വിജയിച്ചു. ലീഡ് നിലയിൽ എൻഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുവെന്നാണ് സൂചനകൾ. 243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്.
മഹാസഖ്യത്തിൽ ആർജെഡി 65 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 18 സീറ്റിലും ഇടത് പാർട്ടികൾ 17 സീറ്റിലും ലീഡ് ചെയ്യുന്നു. ചിരാഗ് പാസ്വാന്റെ എൽജെപി 2 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇത്തവണ മഹാസഖ്യത്തിനൊപ്പം മത്സരിച്ച കോൺഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. കഴിഞ്ഞതവണ 27 സീറ്റുകൾ നേടിയ കോൺഗ്രസ് ഇത്തവണ 18 സീറ്റുകളിൽ ഒതുങ്ങി. എന്നാൽ ഇടത് പാർട്ടികൾ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. സിപിഐഎംഎൽ 10 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. സിപിഐ മൂന്നിലും സിപിഎം നാല് സീറ്റിലും ലീഡ് ചെയ്യുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് പ്രകാരം ആകെയുള്ള 4.10 കോടി വോട്ടുകളിൽ ഒരുകോടി വോട്ടുകളാണ് ഇതുവരെ എണ്ണിയത്. വോട്ടെണ്ണൽ മന്ദഗതിയിൽ നടക്കുന്നതിനാൽ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരുകോടി വോട്ടുകൾ മാത്രമാണ് ഇതുവരെ എണ്ണാനായതെന്നും ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഒരുകോടി വോട്ടുകൾ എണ്ണാൻ അഞ്ചുമണിക്കൂറാണ് എടുത്തത്. ബാക്കി വോട്ടുകൾ കൂടി എണ്ണിത്തിട്ടപ്പെടുത്താൻ പുലർച്ചെവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നിഗമനം.
4.10കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്. സാധാരണഗതിയിൽ 25-26 റൗണ്ടുകൾ കൊണ്ട് എണ്ണിത്തീർക്കേണ്ട വോട്ട്, ഇത്തവണ 35 റൗണ്ട് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ എച്ച് ആർ ശ്രീനിവാസ് വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് വോട്ടെണ്ണുന്നതിനാലാണ് ഇത്രയും സമയം എടുക്കുന്നത്. 72,723 പോളിങ് സ്റ്റേഷനുകളാണ് നേരത്തെയുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ഇത് 1,06,515ആയി.
ഏറ്റവും ഒടുവിലെ ട്രെൻഡുകൾ പ്രകാരം എൻഡിഎ ആർജെഡി നയിക്കുന്ന മഹാസഖ്യത്തേക്കാൾ മുന്നിലാണ്. അന്തിമ ഫലം വന്നിട്ടില്ലെങ്കിലും ഒരുകാര്യം വ്യക്തം. ബിഹാറിൽ ഇതുവരെ ജൂനിയർ പാർട്ണറായിരുന്ന ബിജെപി ഇനി സീനിയർ പാർട്‌നറാവുകയാണ്. എൽജെപിയും ചെറുകക്ഷികളും അവരവരുടെ റോളുകൾ വഹിക്കും.
പല മണ്ഡലങ്ങളിലും ഇരു മുന്നണി സ്ഥാനാർത്ഥികളും തമ്മിൽ നേരിയ വോട്ടിന്റെ വ്യത്യാസമാണുള്ളത്. 35 സീറ്റുകളിൽ ആയിരത്തിൽ താഴെയാണ് ലീഡ് നില. ഏഴു മണ്ഡലങ്ങളിൽ 500 വോട്ടിൽ താഴെ വ്യത്യാസത്തിലാണ് പോരാട്ടം നടക്കുന്നത്. ഗ്രാമീണ മേഖലകളിൽ വോട്ടെണ്ണൽ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.കോവിഡ് മാനദണ്ഡം പാലിക്കേണ്ടതിനാൽ ഇത്തവണ 63% അധികം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്
മറുനാടന് ഡെസ്ക്