നളന്ദ: സംവരണത്തിന്റെ കാര്യത്തിൽ വെള്ളം ചേർക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദയിൽ തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവെയാണു പ്രധാനമന്ത്രിയുടെ പരാമർശം.

ജാതി സംവരണത്തിൽ പുനർവിചിന്തനം വേണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തി വരവെയാണു സംവരണത്തിൽ വെള്ളം ചേർക്കുന്ന പ്രശ്‌നമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത്. ബിജെപി സർക്കാർ അധികാരത്തിൽ ഇരിക്കുന്ന കാലത്ത് സംവരണം അതുപോലെ തന്നെ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ ശിൽപി അംബ്ദേക്കർ സംവരണാവകാശം കൊണ്ടുവന്നത് സാമൂഹ്യപരമായി പിന്നാക്കം നിൽക്കുന്നവർക്ക് വേണ്ടിയാണ്. അത് മാറ്റാൻ ഈ സർക്കാർ ഉദ്ദേശിക്കുന്നില്ല. അങ്ങേയറ്റം പിന്നാക്കം നിൽക്കുന്ന സമുദായത്തിലെ അംഗമാണ് താനും. എന്നാൽ, ബിഹാറിൽ ബിജെപിക്കെതിരെ തിരിഞ്ഞിരിക്കുന്ന ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിനോ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോ താൻ ഈ പറയുന്നത് ദഹിക്കണമെന്നില്ലെന്നും മോദി പറഞ്ഞു.

ബിഹാറിൽ മാറ്റത്തിനു കളമൊരുങ്ങുന്നതായി മോദി നേരത്തെ ട്വീറ്റിൽ കുറിച്ചിരുന്നു. അസാധാരണമായ ആവേശമാണ് മുന്നണിയിലുള്ളതെന്നും മോദി കുറിക്കുന്നു. ബിഹാർ തെരഞ്ഞെടുപ്പിനിറങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നൽകിയ ട്വീറ്റിലാണ് ഈ അവകാശവാദം. ബിഹാറിൽ ആറു ദിവസത്തിനുള്ളിൽ 17 റാലികളിലാണ് മോദി പങ്കെടുക്കുക. ഒമ്പതുദിവസം മോദി പ്രചാരണത്തിനെത്താഞ്ഞത് ബിജെപി.ക്കുള്ളിലും പുറത്തും ചോദ്യംചെയ്യപ്പെട്ടിരുന്നു.

ബീഹാറിൽ നിതീഷ് കുമാർ-ലാലു പ്രസാദ് കൂട്ടുകെട്ടിന് വ്യക്തമായ മുൻതൂക്കമെന്നാണ് സൂചന. ലാലുവിന്റെ കരുത്തിൽ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സൂചനയുണ്ടായിരുന്നു. ബീഫ് വിവാദവും ദാദ്രി സംഭവവുമെല്ലാം വാർത്തയായതും ബിജെപിക്ക് തിരിച്ചടിയായി. ഇതോടെ പ്രധാനമന്ത്രിയുടെ ചില റാലികൾ റദ്ദാക്കി. എന്നാൽ ഇതൊന്നും ബിജെപിയുടെ സാധ്യതയെ ബാധിച്ചിട്ടില്ലെന്ന വാദമാണ് ഇപ്പോൾ പാർട്ടി ഉയർത്തുന്നത്. ഒത്തൊരുമയോടെ അവസാനഘട്ടത്തിൽ ഇരച്ചുകയറി ജയമാണ് ലക്ഷ്യമിടുന്നത്. അതിന് മോദി പ്രചരണത്തിൽ സജീവമാകണമെന്നാണ് ആർഎസ്എസിന്റേയും നിലപാട്. ഈ സാഹചര്യത്തിലാണ് മോദിയുടെ ട്വീറ്റും റാലികളും.

അവസാനനിമിഷം അദ്ദേഹത്തിന്റെ റാലികൾ റദ്ദാക്കിയത് തെറ്റായസന്ദേശം നൽകുമെന്ന് പാർട്ടി അംഗം ശത്രുഘ്‌നൻ സിൻഹ പറഞ്ഞു. മോദിയുടെ അസാന്നിധ്യം പാർട്ടി തോൽവിമണക്കുന്നു എന്നതിന്റെ സൂചനയായി ആർ.ജെ.ഡി. നേതാവ് ലാലുപ്രസാദ് യാദവ് ഉൾപ്പെടെയുള്ള എതിരാളികൾ വ്യാഖ്യാനിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇനിവരുന്ന മൂന്നുഘട്ടത്തിലും അദ്ദേഹം പ്രചാരണത്തിനിറങ്ങുമെന്നുകാട്ടി ബിജെപി. ശനിയാഴ്ച പത്രപ്പരസ്യം നൽകിയത്. പ്രചാരണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയതാണ് പരസ്യം. ഇതിന് തൊട്ട് പിന്നാലെയാണ് തന്റെ പ്രതീക്ഷ തുറന്നുകാട്ടി മോദിയുടെ ട്വീറ്റ് എത്തുന്നത്.

മോദിക്ക് ബിഹാറിൽ പ്രതീക്ഷയില്ലെന്നും അതുകൊണ്ടാണ് റാലികൾ വെട്ടിച്ചുരുക്കിയതെന്നുമായിരുന്നു നിതീഷിന്റേയും ലാലുവിന്റേയു വാദം. ഇതിനെ തകർക്കാനാണ് ട്വീറ്റ്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ബീഹാറിൽ സജീവമാണ്. ബിഹാർ പിന്നാക്കസംസ്ഥാനമായി തുടരണമെന്നല്ല അതിനെ മുന്നാക്കസംസ്ഥാനമാക്കാനാണ് എൻ.ഡി.എ. ആഗ്രഹിക്കുന്നതെന്ന് ബിജെപി. അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മുസഫർനഗറിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ലാലുവിന്റെ 15 വർഷത്തെ ഭരണത്തിൻകീഴിൽ ദളിതരും പിന്നാക്കക്കാരും ഒട്ടേറെ സഹിച്ചെന്ന് ഷാ ആരോപിച്ചു. യുവാക്കൾ, ദളിതർ, പിന്നാക്കക്കാർ, സ്ത്രീകൾ എന്നിവർക്കുവേണ്ടിയുള്ള വികസനനയങ്ങൾക്കും അവ ഫലപ്രദമായി നടപ്പാക്കുന്നതിനും എൻ.ഡി.എ.യ്ക്ക് വോട്ടുചെയ്യാൻ ഷാ അഭ്യർത്ഥിച്ചു.

അതിനിടെ, മുലായംസിങ് യാദവിന്റെ മൂന്നാംമുന്നണിയിൽ അംഗമായിരുന്ന സമ്രാസ് സമാജ് പാർട്ടി നേതാവ് നാഗ്മണി അതുവിട്ട് നിതീഷ് കുമാർ നേതൃത്വം നൽകുന്ന മഹാസഖ്യത്തിൽ ചേർന്നു. തിരഞ്ഞെടുപ്പിന്റെ ആദ്യരണ്ടുഘട്ടങ്ങളിലും മൂന്നാംമുന്നണിയിൽ നിന്നശേഷമാണ് നാഗ്മണിയുടെ കൂടുമാറ്റം. മുലായത്തെയും പപ്പു യാദവിനെയും പോലുള്ള നേതാക്കൾ ബിജെപി.ക്കുവേണ്ടി പ്രവർത്തിക്കുകയാണെന്നാരോപിച്ചാണ് ഇദ്ദേഹം മുന്നണിവിട്ടത്. ആർവാൾ ജില്ലയിലെ കുർത്ത മണ്ഡലത്തിൽനിന്ന് ഇദ്ദേഹവും സമസ്തിപുരിലെ മോർവയിൽനിന്ന് ഭാര്യ സുചിത്ര സിൻഹയും മത്സരിക്കുന്നുണ്ട്.

ബിഹാറിലെ രാഷ്ട്രീയ സാഹചര്യം നിതീഷിന് അനുകൂലമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലാലുവുമായി ചേർന്നതോടെ എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ സ്വാധീനം നിതീഷിന് ഉണ്ടാക്കാനായി. യാദവ വോട്ടുകളും പിന്നോക്ക് വോട്ടുകളും ഒരുമിച്ച് നിതീഷിന് അനുകൂലമായെന്നാണ് നിരീക്ഷണങ്ങൾ.