പട്‌ന: മന്ത്രിമാർക്ക് സർക്കാർ നൽകുന്ന ഔദ്യോഗിക വസതികൾ വാടകയ്ക്ക് മറിച്ചു നൽകുന്നതായി റിപ്പോർട്ട്. നിതീഷ് കുമാർ മന്ത്രിസഭയിലെ ചില മന്ത്രിമാർ തങ്ങളുടെ ബംഗ്ലാവുകൾ കല്യാണ ചടങ്ങുകൾ അടക്കമുള്ള സ്വകാര്യ പരിപാടികൾക്കായി വൻ തുകയ്ക്ക് വാടകയ്ക്കു നൽകുന്നതായി ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ബീഹാറിലെ ന്യൂനപക്ഷകാര്യ മന്ത്രിയും ആർജെഡി എംഎൽഎയുമായ മന്ത്രി അബ്ദുൾ ഗഫൂറിന്റെ ഔദ്യോഗിക വസതി ഒരു ദിവസത്തേയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപയ്ക്കാണ് വാടകയ്ക്കു നൽകുന്നതെന്നാണ് റിപ്പോർട്ട്. ബംഗ്ലാവിലെ മറ്റു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുകയും ഈടാക്കുന്നുണ്ട്. കലാ-സാംസ്‌കാരിക വകുപ്പ് മന്ത്രി ശിവ്ചന്ദ്ര റാമിന്റെ ബംഗ്ലാവും ഇങ്ങനെ വാടകയ്ക്കു കൊടുക്കുന്നതായി റിപ്പോർട്ട് പറയുന്നു.

ഇടനിലക്കാരും ഈവന്റ് മാനേജർമാരുമാണ് ഇതിന് മധ്യവർത്തികളായി പ്രവർത്തിക്കുന്നത്. കൂടുതലായി കല്യാണ ചടങ്ങുകൾ നടത്തുന്നതിനാണ് ബംഗ്ലാവുകൾ നൽകുന്നത്. ബംഗ്ലാവിൽ വധൂവരന്മാർക്കായി ശീതീകരിച്ച പ്രത്യേകം മുറികളും ലഭ്യമാണ്. ഇതിന് പ്രത്യേകം തുക ഈടാക്കുന്നുണ്ടെന്ന് ഇടനിലക്കാരിൽ ചിലർ വ്യക്തമാക്കുന്നു.

എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കല്യാണ ആവശ്യങ്ങൾക്ക് സ്ഥലം ലഭിക്കാതെവരുന്ന സാഹചര്യത്തിൽ സഹപ്രവർത്തകരായ ചിലർക്ക് ബംഗ്ലാവ് വിട്ടുനൽകാറുണ്ടെന്നും ഇത് പണംവാങ്ങിയിട്ടല്ലെന്നും മന്ത്രി ശിവചന്ദ്ര റാം പ്രതികരിച്ചു.

എന്നാൽ, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അറിവോടെയാണ് മന്ത്രിമാർ ബംഗ്ലാവുകൾ വാടകയ്ക്കു കൊടുക്കുന്നതെന്നും ഇവിടെ നടക്കുന്ന പല ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കാറുണ്ടെന്നും മുൻ ഉപമുഖ്യമന്ത്രി സുശീൽ മോദി ആരോപിച്ചു