പട്‌ന: ബിഹാറിലെ നിതീഷ് കുമാർ മന്ത്രിസഭ വികസിപ്പിച്ചു. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ് അടക്കം 31 പേർ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

മഹാസഖ്യ സർക്കാരിൽ ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപ മുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പിന്റെ ചുമതലയാണ്. തേജസ്വിയുടെ സഹോദരൻ തേജ് പ്രതാപിന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം എന്നീ വകുപ്പുകൾ നൽകി. 31 പേരെ കൂടി ഉൾപ്പെടുത്തിയാണ് മഹാസഖ്യ സർക്കാർ മന്ത്രിസഭാ വികസനം പൂർത്തിയാക്കിയത്.

മഹാസഖ്യ സർക്കാർ വികസിപ്പിച്ചപ്പോൾ കൂടുതൽ നേട്ടം സ്വന്തമാക്കിയത് ആർജെഡിയാണ്. 79 എംഎൽമാരുള്ള ആർജെഡിക്ക് 16 മന്ത്രിമാരെ ലഭിച്ചു. മുഖ്യമന്ത്രി പദവിക്ക് പുറമേ, ആഭ്യന്തരവും കൈകാര്യം ചെയ്യുന്ന നിതീഷിന്റെ പാർട്ടിക്ക് 11 മന്ത്രിമാരുണ്ട്. സ്വതന്ത്ര എംഎൽഎ ആയ സുമിത് കുമാറിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മന്ത്രിസ്ഥാനങ്ങൾ ഭാവിയിലെ മന്ത്രിസഭ വികസനം മുന്നിൽ കണ്ട് ഒഴിച്ചിട്ടിരിക്കുകയാണ്.

കോൺഗ്രസിന് രണ്ടും ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചക്ക് ഒരു മന്ത്രി പദവിയും ലഭിച്ചു. പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള പതിനേഴ് പേരാണ് മന്ത്രിസഭയിലുള്ളത്. സ്വതന്ത്രനും സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടും.

ആർ.ജെ.ഡി- തേജ് പ്രതാപ് യാദവ്, സുരേന്ദ്ര യാദവ്, ലളിത് യാദവ്, കുമാർ സർവഗീത്, സുരേന്ദ്ര റാം, ഷാനവാസ് ആലം, സമീർ മഹാസേത്, ഭാരത് മണ്ഡൽ, അനിത ദേവി, സുധാകർ സിങ്. ജെ.ഡി.യു- വിജയ് കുമാർ ചൗധരി, അശോക് ചൗധരി, സഞ്ജയ് ഝാ, മദൻ സാഹ്നി, ജയന്ത് രാജ്, ഷീല മണ്ഡൽ, ബിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, സുനിൽ കുമാർ, ജമാ ഖാൻ. കോൺഗ്രസ്- അഫാഖ് ആലം, മുരാരി ലാൽ ഗൗതം, എച്ച്.എ.എം- സന്തോഷ് സുമൻ, സ്വതന്ത്രൻ- സുമിത് കുമാർ സിങ്

പന്ത്രണ്ട് എംഎൽഎമാരുള്ള സിപിഐ(എംഎൽ) സഖ്യ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മന്ത്രിസഭയുടെ ഭാഗമാകാനില്ലെന്ന നിലപാട് എടുത്തിരിക്കുകയാണ്. രണ്ട് വീതം എംഎൽഎമാരുള്ള സിപിഎം, സിപിഐ പാർട്ടികളും മന്ത്രിസഭയുടെ ഭാഗമാകുന്നില്ല. സർക്കാർ നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്നത്ര എംഎൽഎമാരില്ലാത്തതിനാലാണ് മന്ത്രിസഭയുടെ ഭാഗമാകാത്തതെന്നാണ് ഇടത് നേതൃത്വത്തിന്റെ വിശദീകരണം.

മുഖ്യമന്ത്രിയായി ജെ.ഡി (യു) അധ്യക്ഷൻ നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും ഓഗസ്റ്റ് പത്തിന് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജെ.ഡി (യു) -ആർ.ജെ.ഡി- കോൺഗ്രസ് സഖ്യ സർക്കാർ ഓഗസ്റ്റ് 24ന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള നീക്കത്തിലാണ്.

ബിജെപിയെ ഭരണത്തിൽ നിന്ന് പുറന്തള്ളിയാണ് ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം അധികാരത്തിലേറിയത്. ബിജെപി സഖ്യത്തിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ സഖ്യം അവസാനിപ്പിച്ച് പ്രതിപക്ഷ ചേരിക്കൊപ്പം ചേരുകയായിരുന്നു.

ബിഹാർ നിയമസഭയിൽ 242 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കേവല ഭൂരിപക്ഷത്തിന് 122 പേരുടെ പിന്തുണ മതി. ആർ.ജെ.ഡി 79, ജെ.ഡി.യു 44, കോൺഗ്രസ് 19, സിപിഐ-എം.എൽ 12, സിപിഐ 2, സിപിഎം 2 എന്നിങ്ങനെ 160 എംഎ‍ൽഎമാരുടെ പിന്തുണയാണ് നിതീഷിനുള്ളത്. ബിജെപിക്ക് 77ഉം ഒപ്പമുള്ള ഹിന്ദുസ്ഥാനി അവാമി മോർച്ചക്ക് നാലും സീറ്റാണുള്ളത്.

നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറിൽ ഇത് രണ്ടാം തവണയാണ് അധികാരത്തിൽ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സർക്കാർ അധികാരത്തിലേറിയത്. 2017ൽ ആർ.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബിജെപിയുമായുള്ള ബന്ധം പുനഃസ്ഥാപിച്ചതോടെ സഖ്യം പൊളിയുകയായിരുന്നു