ബീഹാറിൽ സ്ഥാനാർത്ഥി നിർണയത്തിൽ ജാതിസമവാക്യം ഉറപ്പിച്ച് ബിജെപി സഖ്യം തിരഞ്ഞെടുപ്പിൽ എതിരാളികളെ തുടക്കത്തിലേ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. പ്രഖ്യാപിക്കപ്പെട്ട 43 സ്ഥാനാർത്ഥികൾ 17 ജാതിയിൽനിന്നുള്ളവരാണ്. ബിജെപിക്ക് വരേണ്യ സമുദായങ്ങളുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന മുൻകാല ധാരണ പൊളിക്കുന്നതാണ് പിന്നോക്ക സമുദായങ്ങളിൽനിന്നുള്ള ഈ സ്ഥാനാർത്ഥി നിർണയം.

മുൻകാലങ്ങളിൽ കണ്ടിരുന്നതുപോലെ മുന്നോക്കവും പിന്നോക്കവുമായുള്ള ഏറ്റുമുട്ടലാകില്ല ഇത്തവണത്തെ ബീഹാർ തിരഞ്ഞെടുപ്പെന്ന് വ്യക്തമാക്കുന്നതാണ് ബിജെപിയുടെ നടപടി. 160 സീറ്റുകളിൽ മത്സരിക്കുന്ന പാർട്ടി, ശേഷിക്കുന്ന സീറ്റുകളിൽ കൂടുതൽ ജാതിക്കാർക്ക് അവസരം നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. ബീഹാറിലെ ജാതിവ്യവസ്ഥയെ മുഴുവൻ പ്രതിനിധാനം ചെയ്യുന്ന പട്ടികയാവും അമിത് ഷായുടെ മനസ്സിൽ എന്നാണ് കരുതുന്നത്.

ജാതി ധ്രുവീകരണമുണ്ടാക്കാതെ നോക്കുകയാണ് ഇത്തരമൊരു സ്ഥാനാർത്ഥി പട്ടികയിലൂടെ അമിത് ഷാ ഉദ്ദേശിക്കുന്നത്. ബിജെപി ബ്രാഹ്മണ പാർട്ടിയാണെന്ന ആരോപണം ഇക്കുറി എതിരാളികൾക്ക് ഉന്നയിക്കാനുമാവില്ല. വോട്ടർമാരിൽ പാതിയിലേറെയും പിന്നോക്ക വിഭാഗങ്ങളിൽപ്പെടുന്ന ബീഹാറിൽ ഇത്തരമൊരു നിലപാട് ബിജെപി ആദ്യമായാണ് സ്വീകരിക്കുന്നത്.

ബിജെപിയുടെ പുതിയ മുഖം പ്രതിസന്ധിയിലാക്കുന്നത് പിന്നോക്ക വോട്ടുകളെ അമിതമായി ആശ്രയിച്ചിരുന്ന നിതീഷ് കുമാറിനെയും ലാലു പ്രസാദ് യാദവിനെയും പോലുള്ളവരെയണ്. പിന്നോക്കപ്പാർട്ടിയെന്ന് അവകാശപ്പെടാൻ അവർക്കുമാവില്ല. സ്ഥിരതയ്യാർന്ന ഭരണമെന്ന ആശയവും ബിജെപി മുന്നോട്ടുവെക്കുന്നു. അടിക്കടി മുഖ്യമന്ത്രിമർ മാറുന്നതും പ്രസിഡന്റ് ഭരണം വരുന്നതും കണ്ടുശീലിച്ച ബീഹാറുകാർക്ക് ഇതും ഏറെ പ്രതീക്ഷ പകരുന്നകാര്യമാണ്.

ജാതിവോട്ടുകളാണ് ബീഹാറിലെ രാഷ്ട്രീയത്തെ എക്കാലവും നിയന്ത്രിച്ച് നിർത്തയിരുന്നത്. ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ബ്രാഹ്മണന്മാരും എട്ട് ശതമാനത്തോളം വരുന്ന താക്കൂർമാരും നാലരശതമാനത്തോളം വരുന്ന വൈശ്യരുമാണ് ബിജെപിയുടെ പ്രധാന വോട്ടുബാങ്കുകളായി വിലയിരുത്തപ്പെട്ടിരുന്നത്. ജനസംഖ്യയിൽ പാതിയിലേറെ പിന്നോക്കവിഭാഗങ്ങളാണ് ബിഹാറിലുള്ളത്. ഇതിൽ 15 ശതമാനത്തോളം വരുന്ന യാദവന്മാരും മുസ്ലീങ്ങളും തിരഞ്ഞെടുപ്പിൽ നിർണായകമാകും. മുന്നോക്കക്കാരും പിന്നോക്കക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽനിന്ന് ബീഹാറിലെ മുഴുവൻ ജനതയെയും ബാധിക്കുന്ന തിരഞ്ഞെടുപ്പായി ഇത്തവണ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.