- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവരണ മുറിവ് ഉണക്കാൻ പ്രധാനമന്ത്രിയുടെ റാലികൾക്കും കഴിയുന്നില്ല; ദാദ്രിയും ബീഫും ദളിത് വിവാദവും ബിജെപിക്ക് തലവേദന തന്നെ; ജാതി രാഷ്ട്രീയത്തിന്റെ കരുത്തിൽ നിതീഷ്-ലാലു സഖ്യം തൂത്തുവാരുമെന്ന് സൂചന; ബിഹാർ മോദിയുടെ വാട്ടർലൂ ആവുമോ?
പാട്‌ന: ബീഹാറിലെ ദളിത് രാഷ്ട്രീയം അനുകൂലമാക്കാൻ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിയുന്നില്ല. ദളിതർക്കെതിരായ കേന്ദ്രമന്ത്രി വികെ സിംഗിന്റെ പട്ടി പരമാർശം കൂടിയായപ്പോൾ ബിഹാറിൽ ബിജെപിയുടെ സാധ്യതകൾ മങ്ങലേൽക്കുകയാണ്. നിയമ സഭയിലേക്ക് നടക്കുന്ന ജനവിധിയിൽ നിതീഷ്‌കുമാറിന്റെ ഐക്യദളും ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും ഉ

പാട്‌ന: ബീഹാറിലെ ദളിത് രാഷ്ട്രീയം അനുകൂലമാക്കാൻ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിയുന്നില്ല. ദളിതർക്കെതിരായ കേന്ദ്രമന്ത്രി വികെ സിംഗിന്റെ പട്ടി പരമാർശം കൂടിയായപ്പോൾ ബിഹാറിൽ ബിജെപിയുടെ സാധ്യതകൾ മങ്ങലേൽക്കുകയാണ്. നിയമ സഭയിലേക്ക് നടക്കുന്ന ജനവിധിയിൽ നിതീഷ്‌കുമാറിന്റെ ഐക്യദളും ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും ഉൾപ്പെട്ട മഹാസഖ്യത്തിനാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് പേരും കൂടി അധികാരം തിരിച്ചു പിടിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ജാതിയും മതവും നിർണായകമായി മാറിയ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ പോലും ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തൽ.
അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കളം പിടിക്കാൻ ബിജെപി സർവ്വ ശക്തിയുമായി രംഗത്തുണ്ട്. ബിഹാറിൽ ലാലു ശക്തനാകുന്നതിന്റെ സൂചനകൾ ഉണ്ട്. യാദവർ ഒന്നടങ്കം ലാലുവിന് പിന്നിൽ അണിനിരക്കുന്നു. ഈ ജാതി രാഷ്ട്രീയത്തിനൊപ്പം നിതീഷ് കുമാറിന്റെ വികസന പ്രതിച്ഛായയയും മഹാസഖ്യത്തിന്റെ സാധ്യത കൂട്ടി. ദളിത് വോട്ടുകളുടെ ഏകീകരണത്തിലൂടെ ജയം ഉറപ്പിച്ചെന്ന ഭാവത്തിലാണ് മഹാ സഖ്യം. രണ്ട് പേരും കൂടി 40 ശതമാനത്തിലധികം വോട്ട് നേടുമെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇവർ രണ്ട് പേർ കൂടി ഒന്നിച്ചിരുന്നുവെങ്കിൽ ഇത്രയും വോട്ട് കിട്ടുമായിരുന്നു. ഇതിനൊപ്പം ദളിത് രാഷ്ട്രീയത്തെ എതിരാക്കുന്ന ബിജെപിയുടെ നടപടികളും ലാലുവിനും നിതീഷിനും ഗുണം ചെയ്തു. ഈ സാഹചര്യത്തിലാണ് സംവരണ വിഷയത്തിൽ മോദിയുടെ ചില പരാമർശമെത്തിയത്.
ബിജെപി സർക്കാരുകൾ എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഉണ്ടാകുമെന്നും സംവരണത്തിൽ തന്റെ സർക്കാർ വെള്ളം ചേർക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു. ബിഹാറിലെ നളന്ദയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് അംബ്ദേക്കർ നൽകിയ അവകാശങ്ങൾ എന്റെ സർക്കാർ ഇല്ലാതാക്കില്ല. മോദി വ്യക്തമാക്കി. താൻ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജാതിയിൽപ്പെട്ടവനാണ്. അതിനാൽതന്നെ ലാലുപ്രസാദിനും നിതീഷ് കുമാറിനും അത് ദഹിക്കില്ല. പ്രധാനമന്ത്രി പറഞ്ഞു. അടുത്ത മൂന്നു ഘട്ടം തിരഞ്ഞെടുപ്പിലും ജാതി സമവാക്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതിനാലാണ് മോദി വീണ്ടും സംവരണവും ജാതിയും പ്രചാരണ വിഷയമാക്കുന്നത്. എന്നാൽ ഇതൊന്നും ഏൽക്കുന്നില്ലെന്നാണ് സൂചന.
ദാദ്രി സംഭവവും ബീഫ് വിവാദത്തിനുമൊപ്പം സംവരണ പ്രശ്‌നവും ഉയർത്തിയായിരുന്നു മഹാസഖ്യത്തിന്റെ ബിഹാറിലെ മുന്നേറ്റം. ഈ വിഷയങ്ങളിൽ പ്രതികരിക്കാൻ പോലും മോദി ആദ്യം തയ്യാറായിരുന്നില്ല. ഈ സാഹചര്യവും മഹാസഖ്യം അനുകൂലമാക്കി. ലോകസഭാ തെരഞ്ഞെടുപ്പിൽ നേടിയ വൻവിജയത്തെ ആധാരമാക്കി പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞത് ബിജെപി നേതൃത്വം നൽകുന്ന എൻ.ഡി.എയ്ക്ക് വിനയാകുമെന്നാണ് നിഗമനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലാലുവും നിതീഷും വെവ്വേറെയാണ് മത്സരിച്ചത്. അങ്ങനെ വോട്ടുകൾ ഭിന്നച്ചതായിരുന്നു ബിജെപിക്ക് ഗുണകരമായത്. അങ്ങനെ ബീഹാർ തൂത്തുവാരി. എന്നാൽ എതിരാളികൾ രണ്ടു പേരും ഒന്നിച്ച് ബിജെപിയെ നേരിടാനെത്തിയതോടെ കാര്യങ്ങൾ മാറി. ദളിത് രാഷ്ട്രീയത്തെ നിതീഷും യാദവ വോട്ടുകളെ ലാലുവും അനുകൂലമാക്കിയതോടെ ബിജെപി പ്രതിരോധത്തിലായി. മോദി തരംഗവും അലയടിച്ചില്ല.
ബിഹാറിൽ തിരിച്ചടിയുണ്ടാകുന്നത് മോദി പ്രതാപത്തിന് കടുത്ത വെല്ലുവിളിയാണ്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ അധികാരത്തിൽ തിരിച്ചെത്തുന്നതിനും വെല്ലുവിളിയാകും. നിതീഷ്-ലാലു കൂട്ടുകെട്ടിന് സമാനമായ മുന്നണികൾ ബിജെപിക്ക് എതിരെ എല്ലാ സംസ്ഥാനത്തും രൂപപ്പെടും. തമിഴ്‌നാട്, കേരളം തുടങ്ങി അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുന്നേറ്റത്തിനും മോദി തരംഗം ഇല്ലാതാകുന്നതോടെ ബിജെപിക്ക് കഴിയാതെ വരും. എല്ലാത്തിനുമുപരി പാർലമെന്റിൽ പ്രതിപക്ഷ ആക്രമണവും കടുക്കും. ലോക നേതാവായി മാറാനുള്ള മോദിയുടെ തന്ത്രങ്ങൾക്കും തിരിച്ചടിയാകും. ഇന്ത്യയിൽ പ്രധാനമന്ത്രി പദത്തിൽ വീണ്ടുമെത്താൻ കഴിയില്ലെന്ന പ്രചരണങ്ങൾ അഗോള തലത്തിൽ മോദിക്ക് എതിരെ ശക്തിപ്പെടും.
മോദി തരംഗമായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ തുണച്ചത്. ഈ തെരഞ്ഞെടുപ്പിലും പ്രചാരണ പോസ്റ്ററുകളിൽ നിറഞ്ഞുനിൽക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുമാണ്. ബാഹറികളുടെ (വരുത്തർ) പാർട്ടി എന്ന ആക്ഷേപമാണ് ലാലുവും നിതീഷും ഉയർത്തിയത്. ബിഹാറുകാരനായ നേതാവിനെ ഉയർത്തിക്കാട്ടാൻ കഴിയാത്തതാണ് തിരിച്ചടിയായത്. സംസ്ഥാന ബിജെപിയിലെ ഭിന്നതയും ഇതിന് കാരണമായി. എന്നാൽ സംവരണവും ദാദ്രിയും ബീഫും ചർച്ചയായതാണ് തിരിച്ചടിക്ക് കാരണമെന്നാണ് സംസ്ഥാന ഘടകത്തിന്റെ ഇപ്പോഴത്തെ വാദം. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്ന് വരുത്താനാണ് ഈ നീക്കം. കോൺഗ്രസിന്റെ അടിവേര് ഇളകിയെന്നത് മാത്രമാണ് ബീഹാറിൽ ബിജെപിക്ക് ആശ്വസിക്കാൻ വക നൽകുന്നത്.
സവർണ വോട്ടുകളുടെ ധ്രുവീകരണത്തിന് ബിജെപിയുടെ തന്ത്രങ്ങൾ സഹായകമായി. പക്ഷേ, ബീഹാറിൽ അധികാരത്തിൽ എത്താൻ അത് പോരാ. 15 ശതമാനമേയുള്ളൂ സവർണർ. മുസ്ലിം (17 ശതമാനം), യാദവ (14 ശതമാനം), കുർമി (4 ശതമാനം) വിഭാഗങ്ങളുടെ പിന്തുണ മഹാസഖ്യത്തിനാണ്. ഈ ജാതി രാഷ്ട്രീയമാണ് വിവാദങ്ങളിലൂടെ ലാലുവും നിതീഷും സ്വന്തമാക്കിയത്. വിജയ സാദ്ധ്യത സംബന്ധിച്ച് അഭിപ്രായ സർവേകളുടെ ഫലം വ്യത്യസ്തമാണ്. സീ ' ഗ്രൂപ്പിന്റെ സർവേയിൽ എൻ.ഡി.എ 147 സീറ്റും മഹാസഖ്യം 64 സീറ്റും നേടുമെന്നാണ്. എന്നാൽ, മഹാസഖ്യം 137 സീറ്റും എൻ.ഡി.എ 95 സീറ്റും നേടുമെന്നാണ് സി.എൻ.എൻ ഐ.ബി.എൻ' സർവേയിലെ കണ്ടെത്തൽ.
എന്തായാലും, ലോക്;സഭാ തിരഞ്ഞെടുപ്പിലെ വിജയം എൻ.ഡി.എ ആവർത്തിച്ചാൽ അത് ഒരു അദ്ഭുതമായിരിക്കും. ബിജെപി ഏറെ പിന്നിലായാൽ സംവരണം പുനഃപരിശോധിക്കണമെന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവന പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ വിമർശനത്തിന് വഴിവച്ചേക്കും. സമാജ് വാദി പാർട്ടിയുടെ നേതൃത്വത്തിൽ സോഷ്യലിസ്റ്റ് മതേതര മോർച്ചയും സിപിഎമ്മിന്റെ നേതൃത്വത്തിൽ ആറ് പാർട്ടികൾ അടങ്ങിയ ഇടതുമുന്നണിയും പ്രത്യേകമാണ് മത്സരിക്കുന്നത്. എന്നാൽ ഇവർക്കൊന്നും കാര്യമായ പിന്തുണ നേടാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. ഇവർക്ക് വോട്ട് ഭിന്നിപ്പിക്കാൻ കഴിയാത്തതും ബിജെപിക്കും മോദിക്കും തിരിച്ചടിയാണ്.

