പട്‌ന: ജനപ്രിയനായ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. എന്നാൽ, അദ്ദേഹത്തിനു കല്ലുകടിയാകുമോ ലാലുപ്രസാദ് യാദവുമായുള്ള കൂട്ടുകെട്ട് എന്ന കാര്യം ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് തങ്ങൾ അവകാശം ഉന്നയിക്കുന്നില്ലെങ്കിലും ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്ന വാദമാണ് ലാലുവിന്റെ അനുയായികൾ ഇന്നയിക്കുന്നത്. ലാലുവിന്റെ ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബ്രി ദേവിതന്നെയാണ് ലാലുവിനും മക്കൾക്കു വേണ്ടി കരുക്കൾ നീക്കുന്നതെന്നാണു സൂചന.

ലാലുപ്രസാദ് യാദവിന്റെ ആർ.ജെ.ഡി വൻ നേട്ടമുണ്ടാക്കിയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ രണ്ട് മക്കൾക്കും മന്ത്രിപദം ലഭിക്കുമോ എന്ന ചർച്ച സജീവമാണ്. ലാലുവിന്റെ ആൺമക്കളായ തേജസ്വി യാദവും തേജ് പ്രതാപും മികച്ച ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുവരും ആദ്യമായാണു മത്സരിക്കുന്നത്. ഇതിനിടെ, ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അർഹതയുണ്ടെന്ന തരത്തിൽ റാബ്രിദേവിയുടെ പരാമർശം വന്നത് മക്കളിൽ ഒരാളെ ആ സ്ഥാനത്തേക്കു പരിഗണിക്കണം എന്ന സൂചനയാണ് നൽകുന്നത്. മറ്റൊരാൾക്കു മന്ത്രിസ്ഥാനം വേണമെന്നും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ആവശ്യപ്പെടാൻ ആർജെഡി ഒരുങ്ങും. ക്ലീൻ ഇമേജുള്ള നിതീഷ് കുമാറിന് അഴിമതി നടത്തിയതിനെ തുടർന്ന് മത്സരിക്കാൻ പോലും കഴിയാത്ത ലാലുവിന്റെ മക്കളെ ചുമക്കുന്നത് എന്തുമാത്രം പ്രതിസന്ധി സൃഷ്ടിക്കുമെന്നതു കാത്തിരുന്നു തന്നെ കാണേണ്ടി വരും.

രാഘോപൂർ മണ്ഡലത്തിൽ നിന്ന് 91236 വോട്ടുകൾ നേടിയാണ് ലാലുവിന്റെ മൂത്ത പുത്രനായ തേജസ്വി തിരഞ്ഞെടുക്കപ്പെട്ടത്. ലാലുവിന്രെ രാഷ്ട്രീയ പിൻഗാമിയായി വിലയിരുത്തപ്പെടുന്നതും തേജസ്വിയെയാണ്. ക്രിക്കറ്ററും ബിസിനസുകാരനുമായി പൊതുജനശ്രദ്ധ നേടിയാണ് തേജ്വസി രാഷ്ട്രീയക്കളരിയിൽ അങ്കത്തിനിറങ്ങിയത്. മഹുവയിൽ നിന്ന് ഇരുപത്തി എണ്ണായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തേജ് പ്രതാപ് നിയമസഭയിലേക്ക് കന്നി വിജയം നേടിയത്. 66927 വോട്ട് നേടി എൻ.ഡി.എയുടെ സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ച സ്ഥാനാർത്ഥിയെയാണ് 25കാരനായ തേജ് പരാജയപ്പെടുത്തിയത്.

ഇവരെ ഉൾക്കൊള്ളിക്കുകയും ലാലുവിന്റെ കയ്യിൽ കടിഞ്ഞാൺ പോകുകയും ചെയ്താൽ നിതീഷിന് ഇക്കുറി ബിഹാർ ഭരണം പ്രതിസന്ധി സൃഷ്ടിച്ചേക്കും. എന്നാൽ, ഈ പ്രതിസന്ധി തരണം ചെയ്ത് ഒത്തൊരുമയോടെ പോയാലേ മഹാസഖ്യത്തിനു നിലനിൽപ്പുള്ളൂ.

വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് കുതിച്ചാൽ അത് മോദിക്ക് എതിരായ ബദലാകും. ബീഹാറിൽ ഏറെ ശക്തിയുള്ള പാർട്ടിയായി ബിജെപി മാറിക്കഴിഞ്ഞു. എന്നാൽ ആഴത്തിൽ വേരോട്ടമുള്ള നിതീഷും ലാലും ഒന്നിച്ചതോടെ കഥ കഴിഞ്ഞു. പക്ഷേ കരുതലോടെ അവർ ഉണ്ടാകും. മഹാസഖ്യത്തിൽ വിള്ളലുണ്ടാക്കി ബിഹാർ പിടിക്കുകയാകും സംഘപരിവാർ അജണ്ട. ബിജെപിക്കെതിരെ ഒന്നിച്ച നിതീഷും ലാലുവും രണ്ട് വഴിക്ക് ചിന്തിക്കുന്നവരാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരത്തിൽ ചർച്ച പുരോഗമിക്കുന്നത്. എത്രനാൾ മഹാസഖ്യമെന്ന ചോദ്യമാണ് ഇപ്പോഴെ ഉന്നയിക്കപ്പെടുന്നത്. എന്നാൽ ദേശീയ തലത്തിൽ നേതാവായി ഉയരണമെന്ന ആഗ്രഹമുള്ളതിനാൽ ലാലുവിനെ പിണക്കാൻ നിതീഷ് തയ്യാറാകില്ലെന്നതും മഹാസഖ്യത്തെ ഏറെ നാൾ മുന്നോട്ടു കൊണ്ടുപോയേക്കും.