- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയുടെ കണ്ണുവെട്ടിച്ചും പരസ്യമായും ബാന്ധവം; തേജസ്വി യാദവിന്റെ ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് ബിജെപിക്ക് നിതീഷിന്റെ ആദ്യ റെഡ് സിഗ്നൽ; ജാതി സെൻസസിൽ നിതീഷിനെ തുണച്ച് തേജസ്വി; ജെഡിയു ബിജെപിയോട് കൂട്ടുവെട്ടിയത് മാസങ്ങളായുള്ള കരുനീക്കത്തിന് പിന്നാലെ
പാട്ന: ജെഡിയു ബിജെപിയുമായുള്ള കൂട്ടുവെട്ടിയത് തേജസ്വി യാദവുമായുള്ള മുൻധാരണയുടെ അടിസ്ഥാനത്തിൽ. അത് ഇന്നും ഇന്നലെയുമല്ല, മാസങ്ങളായി കൂടിയാലോചിച്ച് എടുത്ത തീരുമാനം. ബിഹാറിൽ രണ്ടാമത് ഒരുവട്ടം കൂടി സർക്കാരുണ്ടാക്കാൻ ഒന്നിക്കുമെന്ന തീരുമാനം.
2015 മുതൽ 2017 വരെ ജെഡിയുവും, ആർജെഡിയും. കോൺഗ്രസും ബിഹാറിൽ സർക്കാരിന്റെ ഭാഗമായിരുന്നു. പിന്നീട് നിതീഷ് ആ സഖ്യം ഉപേക്ഷിച്ച് എൻഡിഎയുമായി കൂട്ടുകൂടി. ബിജെപിയുമായുള്ള ദീർഘകാല ബന്ധം, ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം കൂട്ടിയിണക്കുകയായിരുന്നു നിതീഷ്. ബിജെപി, ജെഡിയുവിനെ പിളർത്താൻ നോക്കുന്നുവെന്ന ആശങ്ക അടക്കം പല കാരണങ്ങളും ഇപ്പോൾ പറയുന്നുണ്ടെങ്കിലും, തേജസ്വി യാദവുമായി അണിയറയിൽ നടത്തിയ കരുനീക്കങ്ങളുടെ പരിണത ഫലമാണ് പുതിയ രാഷ്ട്രീയ നാടകം.
മെയിൽ, തേജസ്വി യാദവ് തന്റെ വീട്ടിൽ ഒരുക്കിയ ഇഫ്താർ പാർട്ടിയിൽ നീതീഷ് പങ്കെടുത്തതോടെ അകലം കുറഞ്ഞു. 72 കാരനായ നിതീഷ് താൻ ഇഫ്താറിൽ പങ്കെടുക്കുന്നു എന്ന കാര്യം മാധ്യമങ്ങളുടെയും ബിജെപിയുടെയും ശ്രദ്ധയിൽ പെടുത്താൻ വിശേഷാൽ ശ്രദ്ധിക്കുകയും ചെയ്തു. അതുപോലെ തേജസ്വി നിതീഷിന്റെ ഇഫ്താർ പാർട്ടിയിൽ പങ്കെടുത്തപ്പോൾ, 32 കാരനെ ഗേറ്റ് വരെ അനുഗമിച്ച് ആദരവ് കാട്ടാൻ മുഖ്യമന്ത്രി മറന്നില്ല.
ഇതിന് പിന്നാലെ, തേജസ്വിയുടെ പിതാവ് ലാലു പ്രസാദ യാദവിന് എതിരെ പുതിയ അഴിമതി കേസ് രജിസ്റ്റർ ചെയ്തപ്പോൾ, മുഖ്യമന്ത്രിയോ, ജെഡിയുവിലെ ആരെങ്കിലുമോ ഒരു പ്രസ്താവനയും ഇറക്കിയില്ല. മറ്റൊരു അഴിമതി കേസിൽ ജാമ്യം കിട്ടിയ ശേഷം ആശുപത്രിയിൽ കഴിഞ്ഞിരുന്ന 74 കാരനായ ലാലുവിന് എതിരെ വീണ്ടും കേന്ദ്രം നടപടി എടുത്തതിനോട് അതൃപ്തി രേഖപ്പെടുത്തുകയായിരുന്നു നിതീഷ്.
ജൂണിൽ, അവസാനിച്ച നിയമസഭാ സമ്മേളനത്തിൽ തേജസ്വിയും എംഎൽഎമാരും നിതീഷ് സർക്കാരിനെ വിമർശിക്കാൻ വിസമ്മതിച്ചു. ആർജെഡി സഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടുപോലും. ലാലുവിന്റെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡൽഹിയിലേക്ക് പറക്കേണ്ടി വന്നപ്പോൾ, നിതീഷ് വ്യക്തിപരമായി മേൽനോട്ടം വഹിച്ചാണ് യാത്രയ്ക്ക് സൗകര്യങ്ങൾ ഒരുക്കിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച വിലക്കയറ്റത്തിന് എതിരെ ആർജെഡി പ്രതിഷേധം നയിച്ചപ്പോൾ അത് പ്രധാന റോഡുകളിൽ മതിയായ സുരക്ഷയോടെ, നിതീഷിന്റെ ആശീർവാദത്തോടെ ആയിരുന്നു എന്നും വ്യക്തം. ജാതി സെൻസസ് നടത്താനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതോടെ, മെയിൽ നിതീഷ് സർവകക്ഷിയോഗം വിളിച്ച് ബിഹാറിൽ അത്തരമൊരു കണക്കെടുപ്പ് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. തേജസ്വി യാദവായിരുന്നു ഇതിനെ ഏറ്റവും അധികം പിന്തുണച്ചത്.
മറുനാടന് മലയാളി ബ്യൂറോ