- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ തിരഞ്ഞെടുപ്പ് ശരിക്കും ഒരുക്ലിഫ് ഹാങ്ങർ; എൻഡിഎയും മഹാസഖ്യവും തമ്മിലുള്ള നേർത്ത വ്യത്യാസം 12,768 വോട്ടുകൾ; ഒന്നാഞ്ഞുപിടിച്ചാൽ മഹാസഖ്യം അധികാരക്കസേരയിൽ ഇരിക്കുമായിരുന്നോ? കസേര കിട്ടിയില്ലെങ്കിലും ജേതാവ് താനെന്ന് തേജസ്വി യാദവ്; പണവും തട്ടിപ്പും കൈയൂക്കും കൊണ്ടാണ് മോദിയും നിതീഷും ജയിച്ചുകയറിയതെന്നും ആർജെഡി നേതാവ്; ജനവിധി മഹാസഖ്യത്തിന് അനുകൂലമെന്നും അവകാശവാദം
പാറ്റ്ന: ബിഹാറിൽ എൻഡിഎ നേടിയെങ്കിലും കണക്കുകൾ നോക്കുമ്പോൾ വോട്ട് വിഹിതത്തിൽ മഹാസഖ്യവുമായി നേർത്ത വ്യത്യാസം മാത്രം. ഒന്നുആഞ്ഞുപിടിച്ചാൽ, തേജസ്വി യാദവും കൂട്ടരും നേൽക്കൈ നേടുമായിരുന്നോ എന്ന് സംശയിക്കാവുന്നതാണ്. ഒരർത്ഥത്തിൽ ഒരുക്ലിഫ് ഹാങ്ങറായിരുന്നു ബിഹാർ തിരഞ്ഞെടുപ്പ്. മൊത്തം വോട്ടുകളുടെ അടിസ്ഥാനത്തിൽ കണക്ക് നോക്കുമ്പോൾ വോട്ട് വ്യത്യാസം 12,768 മാത്രം. 3.14 കോടി വോട്ടുകളാണ് പോൾ ചെയ്തത്. എൻഡിഎ 1,57,01,226 വോട്ടുകളും, മഹാസഖ്യം 1,56,88,458 വോട്ടുകളും സ്വന്തമാക്കി. എൻഡിഎയുടെ വോട്ട് വിഹിതം 37.26 ശതമാനവും മഹാസഖ്യത്തിന് 37.23 ശതമാനവും. സംസ്ഥാനത്തിന്റെ ഓരോ മണ്ഡലത്തിലും 53 വോട്ടെങ്കിലും വീതം കൂടുതൽ മഹാസഖ്യം നേടിയിരുന്നെങ്കിൽ, വോട്ട് വിഹിതം കൂടുമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകർ പറയുന്നു.
അഞ്ച് വർഷം മുമ്പ് നടന്ന ഏകപക്ഷീയമായ മത്സരമായിരുന്നില്ല ഇത്തവണ. അന്ന് മഹാസഖ്യത്തിന് 1,59,52,188 വോട്ടുകളും എൻഡിഎക്ക് 1,29,90,645 വോട്ടുകളും കിട്ടിയിരുന്നു. 29.6 ലക്ഷം വോട്ടുകളുടെ വ്യത്യാസം. മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 7.8 ശതമാനം.
കസേര കിട്ടിയില്ലെങ്കിലും ജേതാവ് താനെന്ന് തേജസ്വി യാദവ്
ഫലം വരുന്നതിന് തൊട്ടുതലേന്നാണ് തേജസ്വി യാദവിന് 31 തികഞ്ഞത്. ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആകാനുള്ള അവസരം നഷ്ടമായെങ്കിലും യഥാർത്ഥ വിജയി താനാണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിതീഷ് കുമാറും പണം, ശക്തി, തന്ത്രം എന്നിവ ഉപയോഗിച്ച് പലതും ശ്രമിച്ചു. എന്നാൽ ഈ 31കാരനെ തടയാനോ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നതിൽ നിന്നും ആർജെഡിയെ തടയാനോ അവർക്ക് സാധിച്ചില്ലെന്ന് തേജസ്വി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിതീഷ് കുമാറിന്റെ തിളക്കം എവിടെ പോയെന്ന് നോക്കു. അദ്ദേഹത്തെ ഞങ്ങൾ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടു. ഇത് മാറ്റത്തിനുള്ള സമയമാണ്. നിതീഷ് കുമാർ ഇരിക്കുന്നത് മുഖ്യമന്ത്രി കസേരയിലാണ്. എന്നാൽ ഞങ്ങളുടെ സ്ഥാനം ജനങ്ങളുടെ മനസിലാണ്. തേജസ്വി യാദവ് പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും തേജസ്വി ആരോപണമുന്നയിച്ചു. വീണ്ടും വോട്ടെണ്ണെണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്നും പലയിടത്തും പോസ്റ്റൽ ബാലറ്റ് റദ്ദാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി എൻഡിഎയ്ക്ക് അനുകൂലമാക്കിയെന്നും തേജസ്വി യാദവ് കുറ്റപ്പെടുത്തി്. പിൻവാതിലിലൂടെയാണ് ബിജെപി-ജെഡിയു മുന്നണി അധികാരം നിലനിർത്തിയതെന്നും പോസ്റ്റൽ ബാലറ്റ് വോട്ടുകൾ എണ്ണുന്നതിൽ കൃത്രിമം നടന്നുവെന്നും തേജസ്വി യാദവ് ആരോപിച്ചു.
മഹാസഖ്യം സ്ഥാനാർത്ഥികൾ നാമമാത്ര വോട്ടുകൾക്ക് പരാജയപ്പെട്ട മണ്ഡലങ്ങളിൽ പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഹാസഖ്യത്തേക്കാൾ 12,270 വോട്ടുകൾ മാത്രമാണ് എൻഡിഎക്ക് ലഭിച്ചത്. എന്നിട്ടും അവർക്ക് 15 സീറ്റുകൾ അധികം നേടാൻ കഴിഞ്ഞു എന്നത് അതിശയകരമാണ്' വാർത്താസമ്മേളനത്തിൽ തേജസ്വി പറഞ്ഞു.
നാമമാത്ര വ്യത്യാസത്തിൽ 20 സീറ്റുകൾ തങ്ങൾക്ക് നഷ്ടമായി. പല മണ്ഡലങ്ങളിലും 900 ത്തോളം തപാൽ ബാലറ്റുകൾ അസാധുവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 'ജനങ്ങളുടെ വിധി ഞങ്ങൾക്ക് അനുകൂലമായിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ എൻഡിഎക്ക് അനുകൂലമായിരുന്നു' ആർജെഡി നേതാവ് പറഞ്ഞു.
'ബിഹാറിലെ ജനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ജനവിധി മഹാസഖ്യത്തിന് അനൂകലമായിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി എൻഡിഎക്ക് അനൂകലമായിരുന്നു. ഇത് ആദ്യമായിട്ടല്ല. 2015-ലും മഹാസഖ്യത്തിന് അനുകൂലമായിരുന്നു ജനവിധിയെങ്കിലും ബിജെപി പിൻവാതിലിലൂടെ അധികാരത്തിലെത്തി. നിതീഷ് കുമാറിന്റെ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. അദ്ദേഹത്തിന് മനഃസാക്ഷി അവശേഷിക്കുന്നുണ്ടെങ്കിൽ ജനവിധി മാനിച്ച് മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കണം' തേജസ്വി യാദവ് ആവശ്യപ്പെട്ടു
മറുനാടന് ഡെസ്ക്