ഗയ: ബിഹാർ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം മുറുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗയ റാലി. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും മുൻ കേന്ദ്രമന്ത്രി ലാലു പ്രസാദ് യാദവിനെയും വിമർശിച്ചാണ് മോദി രംഗത്തെത്തിയത്. ബീഹാറിൽ കാട്ടു ഭരണമാണ് നടക്കുന്നതെന്നും ഇതിന് തിരഞ്ഞെടുപ്പിലൂടെ അറുതി വരുത്തണമെന്നും മോദി റാലിയിൽ പറഞ്ഞു. കാട്ടുഭരണത്തിൽ നിന്നും ബീഹാറിനെ രക്ഷിക്കാൻ ബിജെപിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മോദിക്ക് മറുപടിയുമായി നിതീഷ് കുമാറും രംഗത്തെത്തി. കാട്ടുഭരണത്തെ കുറിച്ച് 2002ൽ വാജ്‌പേയിയുടെ രാജധർമ പാഠം മോദി ഓർക്കണമെന്ന് നിതീഷ്‌കുമാർ തിരിച്ചടിച്ചു. ട്വിറ്ററിലൂടെയാണ് നിതീഷ് മോദിക്ക് മറുപടി നൽകിയത്.

വരുന്ന ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിൽ ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗയാ റാലിയിൽ പ്രസംഗിക്കവെയാണ് മോദി ബീഹാറിലെ നിതീഷ്‌ലാലു കൂട്ടുകെട്ടിനെ വിമർശിച്ചത്. 'ഒന്നാം കാട്ടുരാജ്യത്തിൽ ആർക്കും ജയിലനുഭവം ഉണ്ടായിട്ടില്ല. എന്നാൽ രണ്ടാം കാട്ടുരാജ്യത്തിൽ ഉണ്ട്.' കാലിത്തീറ്റ കുംഭകോണം കേസിൽ ജയിലിൽ കിടന്ന ലാലുവിനെ വിമർശിച്ച് മോദി പറഞ്ഞു. ജയിലിൽ നിന്നും ആരെങ്കിലും നല്ലതെതന്തെങ്കിലും പഠിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ പീഡിപ്പിക്കുന്ന പാർട്ടിയാണ് ജെഡിയുവെന്നും മോദി പറഞ്ഞു.

ജെഡിയു സർക്കാർ ബീഹാറിനെ പിന്നോട്ടടിക്കുകയാണെന്നും വികസനം കൊണ്ടുവരാൻ തന്റെ സർക്കാരിനെ അനുവദിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുക്കാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. 80 ലക്ഷം കുട്ടികളുള്ളിടത്ത് വെറും 25000 എൻജിനീയറിങ് സീറ്റുകൾ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, തന്റെ പാർട്ടി ജനങ്ങളെ പീഡിപ്പിക്കുന്നവരാണെന്ന മോദിയുടെ പ്രയോഗത്തിനെതിരെ നിമിഷങ്ങൾക്കകം ബീഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ തിരിച്ചടിച്ചു. '2002ൽ ജനങ്ങളെ അടിച്ചമർത്തുകയും പീഡിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ വാജ്‌പേയ് നിങ്ങളെ രാജധർമം പഠിപ്പിച്ചത് ഇന്ത്യ ഇപ്പോഴും ഓർക്കുന്നുണ്ടെന്ന്' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഗുജറാത്ത് കലാപത്തെ കുറിച്ചായിരുന്നു നിതീഷിന്റെ മറുപടി.