- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തകർക്ക് എങ്ങും ഉണർവ്വ്; എല്ലാ സംസ്ഥാനത്തും സഖ്യങ്ങൾക്ക് രൂപം നൽകാൻ നീക്കം; ബംഗാളിൽ മമതയ്ക്ക് മുമ്പിൽ അടിയറവ് പറയും; കർണ്ണാടകയിൽ ദള്ളുമായി കൂട്ടുകൂടും; യുപിയിൽ മുലായത്തേയും ബിഎസ്പിയേയും ഒരുമിപ്പിക്കാൻ ശ്രമം
പാട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും കരുത്ത് തെളിയിക്കുമ്പോൾ സന്തോഷിക്കുന്നത് കോൺഗ്രസാണ്. മോദി വിരുദ്ധ മുന്നണിയെന്ന ലക്ഷ്യത്തിലേക്ക് കോൺഗ്രസ് ഇനി ചുവടുവയ്ക്കും. കേരളത്തിൽ ഒഴികെ എല്ലായിടത്തും മോദി മാത്രമാകും കോൺഗ്രസിന്റെ ശത്രു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇടതു പക്ഷത്തെ ശത്രുവായി കാണും. ബാക്കിയ

പാട്‌ന: ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും കരുത്ത് തെളിയിക്കുമ്പോൾ സന്തോഷിക്കുന്നത് കോൺഗ്രസാണ്. മോദി വിരുദ്ധ മുന്നണിയെന്ന ലക്ഷ്യത്തിലേക്ക് കോൺഗ്രസ് ഇനി ചുവടുവയ്ക്കും. കേരളത്തിൽ ഒഴികെ എല്ലായിടത്തും മോദി മാത്രമാകും കോൺഗ്രസിന്റെ ശത്രു. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഇടതു പക്ഷത്തെ ശത്രുവായി കാണും. ബാക്കിയെല്ലായിടത്തും മോദി വിരുദ്ധ ശക്തികളെ ഒരുമിപ്പിക്കും. ഇതിന്റെ ഭാഗമായി ബംഗാളിൽ മമതാ ബാനർജിയെ കോൺഗ്രസ് അംഗീകരിക്കും. മോദി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ മമതയാണ് നല്ലതെന്ന നിലപാടിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിക്കഴിഞ്ഞു. മമതയുടെ മുന്നണിയിൽ എത്തിപ്പെടാനുള്ള നീക്കവും സജീവമാകും.
ബീഹാറിൽ കഴിഞ്ഞ തവണ നാല് നിയമസഭാ സീറ്റുകൾ മാത്രം ഉണ്ടായിരുന്ന കോൺഗ്രസിന് ഇന്നു അത് 27 ആക്കി ഉയർത്താൻ കഴിഞ്ഞിരിക്കുന്നു. ആറിരട്ടി വർധനവാണ് മഹാസഖ്യത്തിന്റെ കൂടെ കൂടി കോൺഗ്രസ് സൃഷ്ടിച്ചത്. 41 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്. അതിൽ 27 സീറ്റ് ലഭിച്ചു. 1995 ലാണ് ഇതിൽ കൂടുതൽ സീറ്റുണ്ടായിരുന്നത്. അന്ന് 29 സീറ്റാണ് ലഭിച്ചത്. അതിനു ശേഷം 2000 ത്തിൽ 14 സീറ്റായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ഇപ്പോൾ അത് 25 ആയിരിക്കുന്നു. ഇതും രാഹുലിന്റെ പ്രസക്തി കൂട്ടുന്നു. ഈ വിജയം ഉത്തരേന്ത്യയിൽ കോൺഗ്രിസന് പുത്തൻ ഉണർവ്വ് നൽകിയിട്ടുണ്ട്. ഇതിന്റെ ആവേശം ചോരാതിരിക്കാൻ വ്യക്തമായ തന്ത്രങ്ങൾ രാഹുൽ ഗാന്ധി നേരിട്ട് ആവിഷ്‌കരിക്കും.
അസമിലെ കോൺഗ്രസിനുള്ളിലെ വിമത നീക്കം പോലും ബിഹാർ ഫലം ഇല്ലാതാക്കിയെന്നാണ് കണക്ക് കൂട്ടൽ. കേരളത്തിൽ ചുവട് പിഴയ്ക്കരുത്. തമിഴ്‌നാട്ടിൽ ജയലളിതയുടെ അണ്ണാ ഡിഡിഎംകെ ജയിക്കുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. അതിനപ്പുറമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കാണ് രാഹുൽ ഗാന്ധി കണ്ണെറിയുന്നത്. ബംഗാളിൽ മമതയോടും യുപിയിൽ മുലായം സിങ് യാദവുമായും കൈകോർക്കും. മുലായത്തേയും ബിഎസ്‌പി നേതാവ് മായാവതിയേയും അടുപ്പിക്കാനും ശ്രമിക്കും. ദേശീയ സാഹചര്യത്തിൽ ഈ ഒരുമയുടെ പ്രസക്തി മുലായത്തിനേയും മായവതിയേയും ബാധ്യപ്പെടുത്താനാണ് നീക്കം. കർണ്ണാടകയിൽ കോൺഗ്രസ് ഭരണത്തിലാണ്. എന്നാൽ കരുത്ത് ചോരുന്നുവെന്ന് കോൺഗ്രസ് തിരിച്ചറിയുന്നുണ്ട്. യദൂരിയപ്പ ബിജെപിയിൽ നിന്ന് പിണങ്ങിയതു കൊണ്ട് മാത്രമാണ് കർണ്ണാടകയിൽ ഭരണം പിടിക്കാൻ കഴിഞ്ഞത്. യദുരിയപ്പ ബിജെപിയിൽ തിരിച്ചെത്തിയ സാഹചര്യത്തിലാണ് പുതിയ തന്ത്രങ്ങൾക്ക് രൂപം നൽകുന്നത്.
ദേവഗൗഡയുടെ ജനതാദള്ളുമായി സഖ്യത്തിനുള്ള വഴികൾ തേടും. ബിജെപി പിടിമുറുക്കാതിരിക്കാൻ എന്തു വിട്ടുവീഴ്ചയും ഇതിനായി നടത്തും. മഹാരാഷ്ട്രയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗോവയിലും പഞ്ചാബിലും അടിത്തറ ശക്തമാക്കാനും ശ്രമിക്കും. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നഷ്ടപ്രതാപം വീണ്ടെടുത്ത് പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടിയായി ദേശീയ തലത്തിൽ മാറുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇതിലൂടെ മോദി വിരുദ്ധ പാർട്ടികളെ ഒരുമിപ്പിച്ച് കേന്ദ്ര സർക്കാർ എന്നതാണ് ലക്ഷ്യം. അസഹിഷ്ണുതാ വാദത്തിലെ പ്രതിഷേധം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യും. പാർലമെന്റിലും ആക്രമണങ്ങളെ നയിക്കാൻ രാഹുൽ മുന്നിൽ നിൽക്കും. താമസിയാതെ കോൺഗ്രസ് അധ്യക്ഷ പദവിയും രാഹുൽ ഏറ്റെടുക്കും.
ബീഹാറിൽ മഹസഖ്യം വിജയിച്ചതിന്റെ ക്രഡിറ്റ് രാഹുൽ ഗാന്ധിക്കാണെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നത് ഈ സാഹചര്യത്തിലാണ്. നിതീഷ്‌കുമാറാണ് വിജയിയെങ്കിലും മഹാസഖ്യത്തിന്റെ ശില്പി രാഹുലാണെന്നാണ് കോൺഗ്രസ് നേതാവ് സഞ്ജയി നിരൂപം പറയുന്നത്. നിതീഷിനെയും ലാലുവിനെയും ഒരുമിപ്പിച്ചത് രാഹുലാണെന്നും കോൺഗ്രസ് പറഞ്ഞു. രാഹുൽ ഗാന്ധി ഇടപെട്ടില്ലായിരുന്നുവെങ്കിൽ മഹാ സഖ്യം ഒരിക്കലും സാദ്ധ്യമാവില്ലായിരുന്നെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഷക്കീൽ അഹമ്മദും വ്യക്തമാക്കി. ലാലു പ്രസാദ് യാദവ് ഇടഞ്ഞു നിന്നപ്പോൾ രാഹുലാണ് അത് പരിഹരിച്ചതെന്നും കോൺഗ്രസ് പറയുന്നു. വളരെയധികം തിരിച്ചടികൾക്ക് ശേഷം കോൺഗ്രസിന് ആശ്വസിക്കാവുന്ന ഒരു നേട്ടമാണ് ബീഹാറിൽ ലഭിച്ചതെന്നും രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റാകാനുള്ള നല്ല സമയം ഇതാണെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
അതിനിടെ ഭിന്നിപ്പിനെതിരെ ഐക്യത്തിന്റെ വിജയമാണ് ബീഹാർ തിരഞ്ഞെടുപ്പിലേതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബീഹാറിലെ ജനങ്ങളുടെ വിജയമാണിത്. അഹങ്കാരത്തിന് മേൽ വിനയം നേടിയ വിജയം. വിദ്വേഷത്തിന് മേൽ സ്‌നേഹം നേടിയ വിജയം കൂടിയാണിത്. പ്രധാനമന്ത്രിയും ബിജെപിയും ഇനിയെങ്കിലും അഹങ്കാരം ഉപേക്ഷിക്കണം. ഇത് എൻ.ഡി.എയക്കെതിരെ നേടിയ വിജയമല്ല. ബിജെപിക്കും ആർ.എസ്.എസിനും മോദിക്കുമെതിരെ നേടിയ വിജയമാണ്. തിരഞ്ഞെടുപ്പ് വിജയിക്കാൻ വേണ്ടി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടപ്പിക്കുന്നതിനെതിരായ സന്ദേശം കൂടിയാണ് ഈ വിജയമെന്നും രാഹുൽ പറയുന്നു.
മോദിയെ കടന്നാക്രമിച്ചാണ് പ്രതികരണങ്ങൾ. ഇനി പ്രധാനമന്ത്രി പ്രചാരണം അവസാനിപ്പിച്ച് തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വിദേശ സന്ദർശനങ്ങൾ ഒഴിവാക്കി കർഷകരെയും തൊഴിലാളികളെയും യുവാക്കളെയും കാണാൻ പോകണം. പ്രധാനമന്ത്രിയുടെ വാഹനം ഇപ്പോൾ സ്റ്റാർട്ട് ആകുന്നില്ല. അത് സ്റ്റാർട്ട് ചെയ്ത് അക്‌സിലേറ്റർ നൽകണം. അല്ലെങ്കിൽ ബീഹാറിലെ ജനങ്ങൾ പുറത്താക്കിയത് പോലെ രാജ്യത്തെ ജനങ്ങളും പുറത്തേക്കുള്ള വഴി കാണിച്ചുതരും രാഹുൽ മുന്നറിയിപ്പ് നൽകി. ബിഹാറിന്റെ വികസനത്തിനായി നിതീഷിനൊപ്പം നിന്ന് പ്രവത്തിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

