കോഴിക്കോട്: ഇംഗ്ലണ്ടിലെ മഞ്ചസ്റ്ററ്ററിലേക്കുള്ള യാത്രാ മധ്യേ അബൂദബി എയർപോർട്ടിൽ കുടുങ്ങിയ മലയാളി യുവ എൻജിനീയർക്ക് പുതിയ പാസ്പോർട്ട് ലഭിച്ചു. ഇതേ തുടർന്ന് ഇന്നലെ രാത്രിയോടെ ഇദ്ദേഹം മഞ്ചസ്റ്ററിലേക്കു പുറന്നു. ഇക്കയിഞ്ഞ 17-നാണ് ഇത്തിഹാദ് എയർവേഴ്സിലെ വെരിഫിക്കേഷൻ ജീവനക്കാരിയായ ഫിലിപ്പിനോ യുവതിയുടെ അനാസ്ഥയിൽ യുവ എൻജിനീയർക്ക് യാത്ര മുടങ്ങിയത്. ഇക്കാര്യം മറുനാടൻ മലയാളി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ജെറ്റ് എയർവേഴ്സിൽ അബൂദബിയിലെത്തിയ മലയാളി യാത്രക്കാരനായ മറൈൻ എൻജിനീയർ കോഴിക്കോട് കൊയിലാണ്ടി നമ്പ്രത്തുകര സ്വദേശി ബിജേഷ് ബാലകൃഷ്ണന് ഇന്നലെ വൈകീട്ടോടെയാണ് അടിയന്തരമായി പുതിയ പാസ്പോർട്ട് ലഭിച്ചത്.

എം കെ രാഘവൻ എം പിയുടെ നേതൃത്വത്തിലുള്ള ശക്തമായ നയതന്ത്ര ഇടപെടലാണ് കാര്യങ്ങൾ എളുപ്പമാക്കിയത്. പുതിയ പാസ്പോർട്ട് ലഭിച്ചതോടെ ഇത്തിഹാദ് എയർവേഴ്സ് ബിജേഷിന് ഉടൻ പുതിയ എയർ ടിക്കറ്റ് ഇഷ്യൂ ചെയ്ത് മാഞ്ചസ്റ്ററിലേക്കു പോകാൻ അവസരം ഒരുക്കുകയായിരുന്നുവെന്ന് ദുബൈയിൽ നിന്ന് നയതന്ത്ര ഇടപെടലുകൾക്കു ചുക്കാൻ പിടിച്ച മലബാർ ഡവലപ്മെന്റ് ഫോറം സെക്രട്ടറി കെ എം ബഷീർ മറുനാടൻ മലയാളിയെ അറിയിച്ചു. വാർത്ത ആദ്യം പുറത്തുകൊണ്ടുവരികയും എം പിയോടും കേന്ദ്ര സർക്കാറിനോടുമൊപ്പം ഫലമുണ്ടാക്കാൻ സഹായിക്കുകയും ചെയ്ത മറുനാടൻ ഇടപെടലിനെ അദ്ദേഹം ശ്ലാഘിച്ചു.

ഇത്തിഹാദ് എയർവേഴ്സിനും എയർപോർട്ട് അധികൃതർക്കും ഇന്ത്യൻ എംബസിക്കും മറ്റും പരാതി നൽകി രണ്ടു ദിവസമാണ് ബിജേഷ് അബൂദബി എയർപോർട്ടിൽ കുടുങ്ങിയത്. ലക്ഷങ്ങൾ മുടക്കി മാഞ്ചസ്റ്ററിൽ പഠിക്കുന്ന ബിജേഷിന് നാലു ദിവസത്തിനകം യു കെയിൽ എത്തിയില്ലെങ്കിൽ കോഴ്സ് ഫീയും പരീക്ഷയുമെല്ലാം നഷ്ടമാകുന്ന സ്ഥിതിയായിരുന്നു. ഇതാണ് നയതന്ത്ര ഇടപെടലിലൂടെ പരിഹരിച്ചത്. പ്രശ്നം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, യു എ ഇയിലെ ഇന്ത്യൻ എംബസി ഹൈ കമ്മിഷണർ നവദീപ് സിങ് ഷൂറി എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും നാട്ടിലേക്കുള്ള ഔട്ട്പാസിങ് സാഹചര്യം ഒഴിവാക്കി ബിജേഷിന് അടിയന്തിരമായി പുതിയ പാസ്‌പോർട്ട് ഇഷ്യൂ ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് കോഴിക്കോട് എം പി രേഖാമൂലം ഇവരോട് ആവശ്യപ്പെട്ടു. പുറമെ വീഴ്ചയുണ്ടായ ഇത്തിഹാദ് എയർവേഴ്സ് അധികൃതരുമായും ബന്ധപ്പെട്ടു.

ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തികം ഉൾപ്പെടെയുള്ള എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഇത്തിഹാദ് എയർവേഴ്സ് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും എം പി നൽകുകയുണ്ടായി. എന്നാൽ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ഇത്തിഹാദ് എയർക്രൂവിനെതിരെ നടപടി ഉണ്ടാകുമോ എന്നതിൽ വ്യക്തതയുണ്ടായിട്ടില്ല. കരിപ്പൂരിൽ നിന്നും മുംബൈ വഴി 17.4.2018-നാണ് ബിജേഷ് അബൂദബിയിൽ എത്തിയത്. മുംബൈയിൽനിന്നും യു കെയിലെ മഞ്ചസ്റ്റർ എയർപോർട്ടിലെത്താൻ, അബൂദബി കണക്ഷൻ ഫ്ളൈറ്റ് ആണ് ബുക്ക് ചെയ്തിരുന്നത്. ജെറ്റ് എയർവേഴ്സിൽ അബൂദബിയിൽ രാവിലെ ഏഴിന് അബൂദബിയിൽ എത്തി. അടുത്ത കണക്ഷൻ വിമാനം ഇത്തിഹാദ് എയർവേഴ്സായിരുന്നു.

സുരക്ഷാ പരിശോധന കഴിഞ്ഞു 33ാം നമ്പർ ഗേറ്റിൽ ബിജേഷ് ഫ്ളൈറ്റ് വെയിറ്റ് ചെയ്തിരുന്നു. ഗേറ്റ് ചെക്കിങ് 0930ന് തുടങ്ങി. ബിജേഷ് 0935നു ഗേറ്റ് ചെക്ക് പോയിന്റിൽ ക്യു നിന്ന് ഏറ്റി. പിന്നിൽ ഒരു മലയാളിയും ബ്രിട്ടീഷ് യാത്രക്കാരും ഉണ്ടായിരുന്നു. ബിജേഷ് പാസ്പോർട്ടും ബോർഡിങ് പാസും കൗണ്ടർ ഡസ്‌കിലുണ്ടായിരുന്ന ഫിലിപ്പിനോ ലേഡിക്കു കൊടുത്തു. അവരത് വാങ്ങി ചെക്ക് ചെയ്തു സീമന്ത ഡോക്യുമെന്റ് ചോദിച്ചു. ബിജേഷ് ഹാൻഡ് ബാഗിൽ ഉണ്ടായിരുന്ന UK Biomterik Residence Card (ബി ആർ പി കാർഡ്) ഒന്ന് ഇരുന്ന് എടുത്തു. എണീറ്റപ്പോഴേക്കും എയർ ക്രൂ സ്റ്റാഫ് സൈഡിൽ നിന്നിരുന്ന ബ്രിട്ടീഷ് യാത്രക്കാരെ ചെക്ക് ചെയ്ത് അവർക്കു ഡെസ്‌കിൽ നിന്ന് പാസ്പോർട്ട് എടുത്തു കൊടുത്തു ഒഴിവാക്കി.

ബിജേഷ് തന്റെ ബി ആർ പി കാർഡ് കൊടുത്തപ്പോൾ അവർ വീണ്ടും പാസ്പോർട്ട് ചോദിച്ചു. അത് നേരത്തെ തന്നുവെന്നു പറഞ്ഞപ്പോൾ അവരത് ബിജേഷിന് തിരിച്ചു തന്നതായും വാദിച്ചു. തുടർന്ന് അവരോട് സൈഡിൽ കൂടെ കടത്തിവിട്ട ബ്രിട്ടീഷ് പൗരന്മാരെ ഒന്ന് ചെക്ക് ചെയ്യാൻ പറഞ്ഞു. അത് അവൾ ചെയ്തപ്പോഴേക്കും ആ ബ്രിട്ടീഷ് പേഴ്സൺ മിസ്സായി. പിന്നീട് ബിജേഷ് മറ്റു ഒഫീഷ്യൽസിനെ എല്ലാം വിവരം അറിയിച്ചു. അവർ അനൗൺസ് ചെയ്തും പേഴ്സണലി ചെക്കിംഗും നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അവർ എയർപോർട്ട് പൊലീസിൽ വിവരം നൽകി. ശേഷം സി സി ടി വി ചെക്ക് ചെയ്തപ്പോൾ ബിജേഷ് പാസ്പോർട്ട് കൊടുക്കുന്നതും, മഞ്ചസ്റ്റർ വിസ പരിശോധിച്ച ഇത്തിഹാദ് സ്റ്റാഫ് സൈഡിൽ കൂടെ പോയവർക്ക് കൊടുക്കുന്നതും ക്ലിയർ ആയി അവർക്കു മനസിലായി എന്നും പറഞ്ഞു. പിന്നീട് ഫ്ളൈറ്റ് വൈകിപ്പിച്ചു ചെക്ക് ചെയ്തെങ്കിലും പാസ്പോർട്ട് കിട്ടിയില്ല. തുടർന്ന് ഫ്ളൈറ്റ് ബിജേഷിനെ കൂടാതെ മഞ്ചസ്റ്ററിലേക്കു പറക്കുകയായിരുന്നു.

യു കെയിൽ merchant Navy 2nd Engineer course and exam ചെയ്യാനായാണ് ബിജേഷ് പുറപ്പെട്ടത്. ഇതിനകം കോഴ്സ് ഏഴ് മാസം പൂർത്തിയായി. ഇനി മൂന്നു മാസത്തെ പഠനവും പരീക്ഷയുമാണ് ബാക്കിയുള്ളത്. അത് പൂർത്തീകരിച്ച് മടങ്ങാനാണ് പദ്ധതി. കോഴ്സിനായി ആറായിരം പൗണ്ട് ഫീസ് അടക്കം ഏകദേശം 17 ലക്ഷത്തോളം രൂപ ചെലവുണ്ട്. എന്തായാലും രണ്ടു ദിവസത്തെ യാത്രാ തടസ്സം പരിഹരിച്ച് മഞ്ചസ്റ്ററിലേക്കു സുഖയാത്ര ഒരുങ്ങിയതിൽ അതീവ സംതൃപ്തനും സന്തോഷവാനുമാണ് ബിജേഷ് ബാലകൃഷ്ണൻ. തടസ്സങ്ങളെല്ലാം നീങ്ങി പുതിയ പാസ്‌പോർട്ട് ലഭ്യമായി കാർമേഘങ്ങളെല്ലാം നീങ്ങിയതിൽ കൊയിലാണ്ടി ഗ്രാമവും നമ്പ്രത്തുകര വീട്ടുകാരുമെല്ലാം ആശ്വാസത്തിലും അതീവ സന്തോഷത്തിലുമാണിപ്പോൾ.