കോവിഡ് രോഗാണുവും പ്രതിരോധ കുത്തിവെയ്‌പ്പും

കോവിഡ് പ്രതിരോധ കുത്തിവെയ്‌പ്പ് പല രാജ്യങ്ങളിലും തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ അതിന്റെ ഫല പ്രാപ്തിയെപ്പറ്റിയും ദൂഷ്യഫലങ്ങൾ ഉണ്ടോ എന്നതിനെപ്പറ്റിയും ലോകമാകെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. വാക്‌സിൻ വിരുദ്ധ ചേരികൾ ഈ പ്രതിരോധ കുത്തിവെയ്പിനെയും അവരുടെ പ്രതിരോധ ആയുധമാക്കുന്നതുകൊണ്ട് ഈ വാക്‌സിൻ സ്വീകരിക്കുന്നവർ അവരിലേക്ക് കുത്തിവെയ്ക്കപ്പെടുന്ന കോവിഡ് വാക്‌സിനിൽ നിന്നും മറ്റുള്ളവരിലേക്കും രോഗം പകർത്തിയേക്കാം എന്നൊക്കെയുള്ള പ്രചാരണങ്ങൾ വരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ വൈറസിന്റെയും പ്രതിരോധ വാക്‌സ്‌നിന്റെയും ഘടനകളും കൂടാതെ എങ്ങനെയാണ് കോവിഡ് വാക്‌സിൻ നമ്മളിൽ പ്രവർത്തിക്കുന്നതെന്നും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.

2019ന്റെ രണ്ടാം പകുതിയിൽ ആരംഭിച്ച് ലോകമാകെ തേരോട്ടം നടത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് 2002-2004 കാലഘട്ടത്തിൽ ഉണ്ടായിരുന്ന SARS വൈറസിന്റെയും 2012 ഇൽ മദ്ധ്യപൂർവ ദേശങ്ങളിൽ ഉണ്ടായിരുന്ന MERS വൈറസിന്റെയും പിൻ തുടർച്ചക്കാരായി ആണ് കരുതപ്പെടുന്നത്. SARS, MERS രോഗാണുക്കളെ പറ്റി ശാസ്ത്ര ലോകത്തിനു ഉണ്ടായിരുന്ന അറിവ് ആണ് കോവിഡ് വാക്‌സിന്റെ ഗവേഷണത്തെ ഇത്ര വേഗം വിജയത്തിലെത്തിച്ചത്. ഇപ്പോഴുള്ള അറിവ് വെച്ച് ഏതാണ്ട് 60 ഓളം വാക്‌സിനുകൾ ലോകമാകെ വികസിക്കപ്പെട്ടു കഴിഞ്ഞു - അവയെല്ലാം ക്ലിനിക്കൽ ട്രയലുകളുടെ പല ഘട്ടങ്ങളിൽ ആയി അവസാന കടമ്പകളിൽ കൂടി കടന്നു പോയിക്കൊണ്ടിരിക്കുന്നു.

BioNTech, Pfizer Inc, Moderna, the University of Oxford, AstraZeneca, the Gamaleya Institute തുടങ്ങിയ സ്ഥാപനങ്ങൾ ആണ് ഗവേഷണ രംഗത്ത് മുൻ നിരയിൽ ഇന്ത്യയുടെ അഭിമാന സ്ഥാപനമായ സീറം ഇന്‌സ്ടിസ്ട്യൂട്ട് വാക്‌സിന്റെ നിർമ്മാണത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ത്വരിത ഗതിയിലുള്ള നിർമ്മാണത്തിനായി കാത്തിരിക്കുന്നു.Tozinameran (ഗവേഷകർ നൽകിയ കോഡ് BNT162b2 എന്നായിരുന്നു) ആയിരിക്കും ഈ അറുപതോളം വാക്‌സിനുകളിലെ ഏറ്റവും കൂടുതൽ വിൽപ്പന പ്രതീക്ഷിക്കുന്ന വാക്‌സിൻ. ഈ വാക്‌സിൻ ഉൾപ്പെടെ ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു നൽകിയിട്ടുള്ള ഒട്ടുമിക്ക വാക്‌സിനുകളും mRNA അടിസ്ഥാനമാക്കിയിട്ടുള്ള വാക്‌സിനുകൾ ആണ്. CDC എന്ന അമേരിക്കയിലെ രോഗനിർവ്യാപനത്തിനുള്ള പരമോന്നത സമിതി, mRNA അടിസ്ഥാനപ്പെടുത്തിയുള്ള വാക്‌സിനുകൾക്ക് ആണ് ആദ്യ ഘട്ട നിർമ്മാണ അനുമതി കൊടുത്തിട്ടുള്ളത്. വെക്ടർ , പ്രോട്ടീൻസബ് യുണിറ്റ് തുടങ്ങിയവ ആണ് mRNA അല്ലാതെയുള്ള വിഭാഗത്തിൽ പെട്ട വാക്‌സിനുകൾ. എന്താണ് mRNA വാക്‌സിൻ എന്ന് അറിയുന്നതിന് മുൻപായി കോവിഡ് വൈറസിന്റെ ഘടന കൂടി അൽപ്പം അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
.
ലോകാരോഗ്യ സംഘടന SARS-CoV-2 എന്ന് പേരിട്ട കോവിഡ് വൈറസിന്റെ കട്ടിയുള്ള കൊഴുപ്പിന്റെ പുറം പാളിക്കുള്ളിൽ ഒറ്റ വരിയിൽ 26000 മുതൽ 32000 എണ്ണം വരെ അവയുടെ ജനിതക തന്മാത്രകൾ ആയ RNA 'ബേസ് പെയറുകൾ' കൊണ്ട് നിറഞ്ഞിരിക്കുന്ന തരം ഘടനയാണ് ഉള്ളത്. Spike Glycoprotein എന്ന് വിളിക്കപ്പെടുന്ന മുള്ള് പോലെയുള്ള ഭാഗം 'envelope' എന്ന പുറം പാളിയിൽ നിന്നും പുറത്തേക്ക് ഉയർന്നു നിൽക്കുന്നു. ഈ spike പ്രോട്ടീൻ ആണ് ഒരു പുതിയ ആളിലേക്ക് എത്തുന്ന വൈറസിനെ അവിടെ പറ്റിപ്പിടിച്ചു നിൽക്കാൻ സഹായിക്കുന്നത്.

നേച്ചർ മാസിക പ്രസിദ്ധീകരിച്ച കൊറോണ വൈറസ് മോഡൽ അനുസരിച്ച് ഓരോ Spike ഉം മൂന്നു തരം പ്രോട്ടീനുകളാൽ സമ്പന്നമാണ്. അവയുടെ അഗ്രഭാഗത്ത് അവ നമ്മുടെ ശരീരത്തിൽ കയറിപ്പറ്റിയാൽ പറ്റിപ്പിടിച്ചു ഇരിക്കെണ്ടതിനുള്ള 'ബൈൻഡിങ് ഏറിയ' യും ഉണ്ട് - ഓരോ സ്‌പൈക്കിലും മൂന്നെണ്ണം വീതം. നമ്മുടെ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ മുന്നണിപ്പോരാളികൾ ആയ Macrophages, B-lymphocytes, T-lymphocytes ഇവയെയൊക്കെ സമർത്ഥമായി കബളിപ്പിക്കുന്നതിനു അന്നജത്തിന്റെ ഒരു നേർത്ത പാളിയും ഈ സ്‌പൈക്ക്കളുടെ അഗ്രത്തിൽ ഉണ്ട്. മനുഷ്യ ശരീര കോശങ്ങളിലെ ACE2 എന്ന സ്ഥലത്ത് പറ്റിപ്പിടിച്ചു ആണ് സാധാരണ ഇത്തരം വൈറസുകൾ കടന്നു കയറുന്നത്. ഒരിക്കൽ നമ്മുടെ ശരീരത്തിൽ കടന്നു കയറിയാൽ വൈറസിന്റെ RNA നമ്മുടെ ശരീരത്തിലേക്ക് കടത്തിവിട്ടു അനേകം കോപ്പികൾ നിർമ്മിക്കുകയും പിന്നീട് ഇവയെല്ലാം കൂടി നമ്മുടെ പ്രതിരോധ വ്യവസ്ഥയെ ആക്രമിക്കുകയും ആണ് ചെയ്യുന്നത്.

മുഴങ്കൈയിലെ പേശികളിൽ ആണ് mRNA വാക്‌സിനുകൾ നൽകേണ്ടത്. ഇവയെല്ലാം തന്നെ പ്രവർത്തിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ മുന്നണിക്ക് കോവിഡ് പ്രതിരോധിക്കാൻ ഉള്ള രഹസ്യം ചോർത്തി നൽകിക്കൊണ്ടാണ്. mRNA അഥവാ മെസഞ്ചർ RNA, പ്രതിരോധ കോശങ്ങളിലേക്ക് harmless piece എന്ന് പേരിട്ടിട്ടുള്ള ആ സന്ദേശം എത്തിക്കുകയാണ് ചെയ്യുന്നത്. കൂടാതെ spike പ്രോട്ടീനുകൾക്ക് മനുഷ്യ ശരീരകോശങ്ങളിലെ ബൈന്ടിങ് സൈറ്റുകളിൽ പറ്റിപ്പിടിക്കുന്നതിനു പകരം വാക്‌സിനുകളുടെ പ്രവർത്തനം കൊണ്ട് ഉണ്ടാവുന്ന ആന്റിബോഡികളുമായി ബന്ധം സ്ഥാപിക്കേണ്ടി വരികയും തൽഫലമായി അവയ്ക്ക് പെരുകാൻ പറ്റാതെ വരുകയും ചെയ്യുന്നു.

എങ്ങനെയാണ് വാക്‌സിനുകൾ നമ്മുടെ ശരീരത്തിൽ വൈറസിനെ തടയുന്ന ആന്റിബോഡി നിർമ്മിക്കുന്നതെന്ന് നോക്കാം. അതിനായിCDC ഇപ്പോൾ പച്ചക്കൊടി കാട്ടിയിട്ടുള്ള mRNA അടിസ്ഥാനമാകിയ വാക്‌സിനുകൾ എങ്ങനെയാണ് പ്രവേര്തിക്കുന്നതെന്ന് നോക്കാം. നമ്മൾ മുകളിൽ പറഞ്ഞ 'spike protein' എന്ന ഒരു പ്രോട്ടീൻ ഘടന ഉണ്ടാക്കാൻ നമ്മുടെ ശരീരത്തിലെ പ്രതിരോധ നിരയ്ക്ക് നിർദ്ദേശം കൊടുക്കുന്ന ഒരു സന്ദേശം നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുക മാത്രമാണ് mRNA വാക്‌സിനുകൾ ചെയ്യുന്നത്. ആ നിർദ്ദേശം കിട്ടുന്ന മുറയ്ക്ക് നമ്മുടെ പ്രതിരോധ വ്യവസ്ഥ നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന ഈ spike protein നമ്മുടെ പ്രതിരോധ കോശങ്ങളുടെ പുറത്ത് അണിനിരത്തും. ഇതിനെ രോഗാണുവിന്റെ പ്രോട്ടീനായി തിരിച്ചറിഞ്ഞു നമ്മുടെ ശരീരം അവയ്ക്കെതിരെ ആന്റിബോഡികൾ ഉണ്ടാക്കും.

ഒരിക്കൽ ആന്റിബോഡികൾ നമ്മുടെ ശരീരത്തിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീട് ശരീരത്തിലേക്ക് വരുന്ന അതേയിനം വൈറസുകളെ നമ്മുടെ ശരീരം തന്നെ പരാജയപ്പെടുത്തിക്കോളും. ഇങ്ങനെയാണ് mRNA കോവിഡ് പ്രതിരോധ വാക്‌സിൻ പ്രവർത്തിക്കുന്നത്. കുത്തിവേയ്‌പ്പായി നമ്മുടെ ശരീരത്തിലേക്ക് കടത്തി വിടുന്ന mRNA, അവയുടെ ഉദ്ദേശ ലക്ഷ്യമായ 'നിർദ്ദേശം നൽകൽ' കഴിഞ്ഞാൽ നമ്മുടെ പ്രതിരോധ കോശങ്ങൾ തന്നെ നശിപ്പിച്ചു നീക്കം ചെയ്യും. അതിനാൽ വാക്‌സിൻ രോഗം പരത്തുകയോ രോഗാണുവിനെ അതേപടി ശരീരത്തിലേക്ക് കൊണ്ടുവരികയോ ചെയ്യുന്നില്ല.

ബിജു മാണി (NTCC - ആസ്‌ട്രേലിയ)