കൊച്ചി: ജീവിതത്തിലും എല്ലാവരാലും സ്‌നേഹിക്കപ്പെടാനാണു നമ്മളെല്ലാം ആഗ്രഹിക്കുന്നത്. ശത്രുക്കളുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാകുമോ? നമ്മളറിയാത്തവർ നമ്മളറിയാത്ത കാര്യങ്ങളിൽ നമ്മളോട് ശത്രുത പുലർത്തുന്നുണ്ടാകാം. കഥ കേട്ടശേഷം ചിലപ്പോൾ അത് ഇഷ്ടപ്പെട്ടില്ലെന്നു തുറന്നു പറയേണ്ടി വരാം. തന്റേതായ രീതിയിലാകും അതു പറയുന്നത്. എങ്കിലും അയാൾക്കത് ഉൾക്കൊള്ളാനാകണമെന്നില്ല. ചിലപ്പോഴതു ശത്രുത വരുത്തിവച്ചേക്കാം-ഇത് പറയുനന്നത് ബിജു മേനോനാണ്. മനോരമയോടാണ് ബിജു മനസ്സ് തുറക്കുന്നത്.

തീർച്ചയായും ചില വിവാദങ്ങളിലേക്കു നമ്മുടെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കും. സോഷ്യൽ മീഡിയകളിലൊക്കെ കാണുമ്പോഴാണു നമ്മൾ ഇതിന്റെ ഗൗരവം അറിയുന്നത്. സമീപകാലത്ത് ഒരു വിഷയത്തിൽ എന്നെയും ഞാനുമായി അടുത്തുബന്ധമുള്ളവരെയും പതിവായി പരാമർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. യാതൊരു അടിസ്ഥാനവുമില്ലാതെ എന്തൊക്കെയോ പറയുകയാണ്. സത്യത്തിൽ അതു സങ്കടകരമാണ്. ആരാണ് അതിനു പിന്നിൽ, ആർക്കാണു ഞങ്ങളോട് ഇത്രയധികം ശത്രുത എന്നൊന്നും ചിന്തിച്ചിട്ടില്ല. വിവാദത്തിൽ വല്ലാതെ വിഷമം തോന്നി.

ഉള്ളിലെ വിഷമം പ്രകടിപ്പിച്ചിട്ടില്ല. ആരോടും പറഞ്ഞതുമില്ല. ആരെയും ഭയപ്പെടുന്നില്ല. അതുവഴി ഞാൻ മറ്റൊരാൾക്കു വിഷമമുണ്ടാക്കരുതെന്നു കരുതിയാണ് എല്ലാം ഉള്ളിലൊതുക്കിയത്. ആ വിഷമത്തെക്കുറിച്ചു തുറന്നുപറയുന്നതു തന്നെ ആദ്യമായിട്ടാണ്. സോഷ്യൽ മീഡിയകളിൽ വരുന്നതൊക്കെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ അതിൽ എന്തെങ്കിലും അഭിപ്രായം രേഖപ്പെടുത്തണമെന്നു തോന്നിയിട്ടില്ല. എല്ലാ കാര്യങ്ങളിലും അഭിപ്രായമുണ്ട്. അതു സുഹൃത്തുക്കളോടു തുറന്നു പറയാറുമുണ്ട്. പ്രതികരിക്കണമെന്നു തോന്നുമ്പോൾ ഉള്ളിലൊതുക്കും മനഃപൂർവം വേണ്ടെന്നു വയ്ക്കുന്നതാണ്-സിനിമയിലെ വിവാദങ്ങളോട് ബിജു പ്രതികരിക്കുന്നത് ഇങ്ങനെ.

കൊച്ചിയിലേക്ക് കൂടുമാറാൻ തോന്നിയിട്ടില്ലെന്നും ബിജു മേനോൻ പറയുന്നു. ഒരിക്കലുമില്ല. കാരണങ്ങൾ പലതാണ്. ഏറ്റവും കൂടുതൽ അറിയാവുന്ന സ്വന്തം നാടാണു തൃശൂർ. സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ കൂടുതലും അവിടെയാണ്. പിന്നെ എല്ലാത്തിനുമുപരി ശുദ്ധവായുവും ശുദ്ധജലവും-ബിജു വിശദീകരിക്കുന്നു.

മറ്റു ഭാഷകളിൽ സിനിമ ചെയ്യാൻ താൽപ്പര്യമില്ലെന്നും ബിജു പറയുന്നു. തിരക്കുതന്നെയാണു പ്രധാന കാരണം. എന്തെങ്കിലും ചെയ്യാനുണ്ടാകണം. ഏതു ഭാഷയിലായാലും ദൈവം സഹായിച്ച് ഇവിടെ അങ്ങനെ ചെയ്യാനുള്ള കുറച്ചു സിനിമകൾ എപ്പോഴും കിട്ടുന്നുണ്ട്. അതിൽ സന്തോഷവുമുണ്ട്. വരുമാനം മാത്രം നോക്കി മറ്റുഭാഷകളിൽ സിനിമ ചെയ്യാൻ ഒട്ടും താൽപര്യമില്ലെന്നും ബിജു പറയുന്നു.