ബിജു മേനോൻ നായകനായെത്തുന്ന ചിത്രം പടയോട്ടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പതിവ് വേഷത്തിൽ നിന്നും വ്യത്യസ്തമായി ബിജു മേനോന്റെ മാസ് ലുക്കിലുള്ള ഫോട്ടോയാണ് ഫസ്റ്റ് ലുക്കിലുള്ളത്. ബിജു മേനോൻ തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ചെങ്കര രഘുവെന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്നത്.

നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രം വീക്ക് എൻഡ് ബ്ലോക്‌ബ സ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമ്മിക്കുന്നത്. അരുൺ എ ആർ, അജയ് രാഹുൽ എന്നിവർ ചേർന്നാണ് ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത്.

കോമഡിക്ക് പ്രാധാന്യം നൽകികൊണ്ടുള്ള ഫാമിലി ചിത്രമാണ് പടയോട്ടമെന്നാണ് റിപ്പോർട്ടുകൾ. പാലക്കാട്, തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിലെ പ്രാദേശിയ ഭാഷാ ശൈലികൾ കൈകാര്യം ചെയ്ത് കയ്യടി നേടിയ ബിജുമേനോൻ പടയോട്ടത്തിൽ എത്തുമ്പോൾ തിരുവനന്തപുരം ഭാഷയിലാണ് സംസാരിക്കുക.

പ്രശാന്ത് രവീന്ദ്രൻ ആണ് ഛായാഗ്രാഹകൻ. ദിലീഷ് പോത്തൻ, സുധി കോപ്പ, ഹരീഷ് കണാരൻ എന്നിവർ ചിത്രത്തിന്റെ ഭാഗമായുണ്ട് എന്ന റിപ്പോർട്ടുകളുമുണ്ട്. വീക്ക് എൻഡ് ബ്ലോക്‌ബസ്റ്റേഴ്‌സിന്റെ നാലാം നിർമ്മാണസംരംഭമാണ് പടയോട്ടം. ജൂണിൽ ചിത്രം തിയേറ്ററുകളിലെത്തും.