ഷെർലോക് ടോംസ് എന്ന സിനിമയ്ക്ക് ശേഷം നടൻ ബിജു മേനോൻ നായകനായി മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു. പടയോട്ടം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്കിയ കുടുംബചിത്രമായിരിക്കും. ഷെർലക് ടോംസിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച റഫീഖ് ഇബ്രാഹിം സ്വതന്ത്ര സംവിധായകനാവുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിലെ നായികയേയും മറ്റു താരങ്ങളേയും തീരുമാനിച്ച് വരുന്നതേയുള്ളൂ. റഫീഖ് ഇബ്രാഹിം തന്റെ ഫേസ്‌ബുക്ക് വഴി സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ദീർഘനാളത്തെ ശ്രമത്തിന് ശേഷമാണ് താൻ സംവിധാന രംഗത്തേക്ക് കടന്നു വരുന്നതെന്ന് റഫീഖ് പറഞ്ഞു.

മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത ബ്‌ളോക്ക് ബസ്റ്റർ സിനിമയായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമയ്ക്കു ശേഷം വീക്കെൻഡ് ബ്ലോക്ക്‌ബ സ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രമാണിത്. ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച് വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി.