കൊച്ചി: സിനിമയോടും ജീവിതത്തോടും അദ്ദേഹം സത്യസന്ധത പുലർത്തുന്നുണ്ട്. അതാണു ഞാൻ ഇഷ്ടപ്പെടുന്നത്-ഭർത്താവിനെ കുറിച്ച് സംയുക്താവർമ്മയക്ക് പറയാനുള്ളത് ഇതാണ്. പതിനഞ്ചു വർഷമായി ബിജുവിന്റെ ജീവിതത്തിൽ സംയുക്ത വർമ എത്തിയിട്ട്. അതിന് ശേഷം ബിജു മേനോന് കൂടുതൽ വിജയങ്ങളെത്തി. സൂപ്പർതാര പരിവേഷം ഇല്ലെങ്കിലും വിജയ ചിത്രങ്ങളുടെ നായകനാണ് ബിജുവിന്ന്. രക്ഷാധികാരി ബൈജു ഒപ്പ് എന്ന പുതിയ സിനിമയും ഹിറ്റായി. ഈ സാഹചര്യത്തിൽ മനോരമയോടാണ് സംയുക്ത മനസ്സ് തുറക്കുന്നത്. 

ഞാൻ വളരെ ക്രിട്ടിക്കലായി ബിജുവിന്റെ സിനിമകളെ കാണാൻ ശ്രമിക്കാറുണ്ട്. തെറ്റു ചൂണ്ടിക്കാട്ടാറുമുണ്ട്. അദ്ദേഹത്തിലെ നടന് അടുത്ത കാലത്തു വലിയ വളർച്ച സംഭവിച്ചിട്ടുണ്ട് എന്നു വിശ്വസിക്കുന്നയാളാണു ഞാൻ. അത് ഒരു സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തിലല്ല. കഥാപാത്രത്തെ തുടക്കം മുതൽ ഒടുക്കംവരെ പിഴവൊന്നും കൂടാതെ കൊണ്ടുപോകാൻ നല്ല നടനേ കഴിയൂ. അക്കാര്യത്തിൽ അദ്ദേഹം വിജയിക്കുന്നുണ്ട് എന്നാണ് അഭിപ്രായം. സിനിമയോടും ജീവിതത്തോടും അദ്ദേഹം സത്യസന്ധത പുലർത്തുന്നുണ്ട്. അതാണു ഞാൻ ഇഷ്ടപ്പെടുന്നത്-സംയുക്ത പറയുന്നു.

ബിജുവിനും സംയുക്തയ്ക്കുമിടിയിലെ കെമിസ്ട്രിയുടെ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന് സംയുക്തയുടെ മറുപടി ഇങ്ങനെയാണ്- ആ രഹസ്യം എനിക്കും ബിജുവിനും മാത്രമറിയാവുന്ന ഒന്നല്ല. സ്‌നേഹവും പരസ്പര വിശ്വാസവുമുള്ള ഏതൊരു ഭാര്യയ്ക്കും ഭർത്താവിനും അറിയാവുന്ന കാര്യം തന്നെയാണ് പിന്നെ ഞങ്ങൾ പരസ്പരം പ്രകോപിപ്പിക്കാറില്ല. 2002 നവംബർ 21ന് ആയിരുന്നു വിവാഹം. തീയതി മറന്നു പോയതിന്റെ പേരിൽ പരിഭവിക്കാനോ പ്രതികരിക്കാനോ മൽസരിക്കാറില്ല. അങ്ങനെ മനസിലാക്കി മുന്നോട്ടുപോകുന്നതിലെ സുഖം ഞാൻ ആസ്വദിക്കുന്നു. സിനിമയെക്കുറിച്ച് എന്നെക്കാൾ എത്രയോ ബിജുവിന് അറിയാം. അക്കാര്യത്തിൽ അഭിപ്രായപ്രകടനത്തിനപ്പുറത്ത് ഉപദേശങ്ങളുടെ ആവശ്യമില്ല. എല്ലാക്കാര്യത്തിലും ഈ യോജിപ്പ് ഞങ്ങൾക്കിടയിലുണ്ട് എന്നുതന്നെയാണു തോന്നിയിട്ടുള്ളത്.

ബിജുമേനോന്റെ ഏതുതരം കഥാപാത്രങ്ങളെയാണ് കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാൽ ഇപ്പോൾ ചെയ്യുന്ന ചിത്രങ്ങൾ നന്നായി ആസ്വദിക്കുന്നു എന്നു വേണമെങ്കിൽ പറയാം. ചിരിക്കാനിഷ്ടപ്പെടുന്നതുകൊണ്ട് അത്തരം വേഷങ്ങളോടു താൽപര്യവുമുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണു ഞാനും ബിജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. പിന്നെ, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാൽ ഈ സിനിമകളൊക്കെയും എനിക്കു കൂടുതൽ പ്രിയപ്പെട്ടതാണ്. ആ സിനിമകളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെല്ലാം ഇപ്പോഴും ഇഷ്ടത്തോടെയാണു കാണുന്നത്-സംയുക്ത വിശദീകരിക്കുന്നു.

കുടുംബത്തിലെ വിജയത്തെ കുറിച്ച് ബിജു മേനോനും വിശദീകരിക്കുന്നുണ്ട്. രക്ഷാധികാരി ബൈജുവിൽ പന്തു കയ്യിലൊതുങ്ങാതെ വരുമ്പോൾ ചില്ലയിൽ തട്ടി ഡയറക്ഷൻ മാറിയതുകൊണ്ടാണെന്നു ന്യായം പറയുന്നുണ്ട് എന്റെ കഥാപാത്രം. ജീവിതത്തിൽ അങ്ങനെ ഒരിക്കലും പറയേണ്ടിവന്നിട്ടില്ല. പരസ്പരം പഴിചാരുന്നതിൽ കഴമ്പില്ല. സംയുക്തയാണ് എന്നെ മുന്നോട്ടുള്ള യാത്രയുടെ പ്രധാന ഇന്ധനം. അവൾക്കു സിനിമ അറിയാം. അതുകൊണ്ടു തന്നെ മറ്റു പ്രശ്‌നങ്ങളില്ല. ഞാൻ സിനിമയോളമോ അതിൽക്കൂടുതലോ കുടുംബത്തെയും പരിഗണിക്കാൻ ശ്രമിക്കാറുണ്ട്-ബിജു പറയുന്നു.

വീട്ടിലെ കാര്യങ്ങളെക്കുറിച്ചു പറഞ്ഞു സംയുക്ത ടെൻഷനടിപ്പിക്കാറില്ല. ആരോഗ്യം, ഭക്ഷണം, വ്യായാമം എന്നി കാര്യങ്ങളിൽ എന്റെ ഡോക്ടർ കൂടിയാണ് അവൾ. എല്ലാ കാര്യങ്ങളും നന്നായി കാണാൻ ആഗ്രഹിക്കുന്ന മനസുണ്ട് അവൾക്ക്. അതാവാം എല്ലാം ഭംഗിയായി കൊണ്ടുപോകുന്നത്. ദൈവത്തിന്റെ അനുഗ്രഹവും അതുകൊണ്ടാവാം-ബിജു വിശദീകരിച്ചു.