'സംഘപരിവാറുകാര് എന്നെ കൊല്ലാൻ വരുന്നേ'' എന്ന നാടകം കേരളത്തിലങ്ങോളമിങ്ങോളം 'വിജയ'കരമായി അവതരിപ്പിച്ച് അന്തംകമ്മികളുടെ നിറുത്താതെയുള്ള കയ്യടികള് ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന സഖാവ് സുനിൽ പി ഇളയിടത്തിന്റെ 'ശബരിമല സ്ത്രീ പ്രവേശനവും കേരള നവോത്ഥാനവും' (ലിങ്ക് ഒന്നും രണ്ടും കമെന്റുകളിൽ) എന്ന രണ്ട് മണിക്കൂറോളം നീണ്ട നെടുനെടുങ്കൻ പ്രസംഗത്തിനുള്ള ചെറിയൊരു മറുപടിയുമായിട്ടാണ് ഞാൻ വന്നിരിക്കുന്നത്.

ഇപ്പം നിങ്ങള് ചോദിക്കും - 'രണ്ട് മണിക്കൂറൊക്കെ സംസാരിക്കാൻ മാത്രം ഈ വിഷയത്തിൽ എന്തിരിക്കുന്നു മോനേ?' എന്ന്.

''ശബരിമല സ്ത്രീ പ്രവേശനവും കേരള നവോത്ഥാനവും''

അലുവയും മീൻചാറും, ഏത്തപ്പഴവും പോത്തിറച്ചിയും എന്നൊക്കെ പറയുന്നത് പോലുള്ള പരസ്പര ബന്ധമില്ലാത്ത രണ്ട് കാര്യങ്ങളെയൊക്കെ കൂട്ടിക്കെട്ടുക ഒട്ടും എളുപ്പമല്ല എന്റെ കൂട്ടുകാരേ. നല്ല ഫെവിക്കോളുമായിട്ട് വന്ന് പണിഞ്ഞാ പോലും, ഒര് രണ്ട് മൂന്ന് മണിക്കൂറൊക്കെ ചിലപ്പോ എടുത്തെന്നിരിക്കും.

ഏതായാലും ഏറ്റെടുത്ത ഇപ്പണി ഉത്തരവാദിത്വത്തോടെ ചെയ്ത് തീർക്കാനായി മൂന്ന് പണിയായുധങ്ങളുമായിട്ടാണ് സുനിൽ സഖാവ്, നമ്മുടെ മുന്നിലോട്ട് ധൈര്യസമേതം കടന്ന് വന്നിരിക്കുന്നത്.

1. ഈ കേസിൽ ഒട്ടും പ്രാധാന്യമില്ലാത്ത ചില വസ്തുതകൾ.

2. നമ്മള് ഇതിനോടകം തന്നെ പൊളിച്ചടുക്കി കഴിഞ്ഞ കുറേ പെരും നുണകൾ

3. കേൾവിക്കാരെ കൺഫ്യൂഷൻ അടിപ്പിച്ച് തെറ്റിദ്ധരിപ്പിക്കാനുള്ള പല നിറത്തിലും തരത്തിലുമുള്ള പുകമറകൾ.

ഇതൊക്കെ സാമാസമം ചേർത്തലക്കി, അദ്ദേഹം എന്താണ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നതെന്ന് നമുക്കൊന്ന് ഇഴകീറി പരിശോധിക്കാം.

തന്റെ പ്രസംഗത്തിൽ ഇളയിടം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വസ്തുത ''ഹിന്ദു മതത്തിൽ ഇതിന് മുമ്പും ഒരുപാട് ആചാര പരിഷ്‌കാരങ്ങൾ ഉണ്ടായിട്ടുണ്ട്'' എന്നുള്ളതാണ്.

സംഭവം ശരിയാണ്. 'പക്ഷേ അതൊക്കെ ദുരാചാരങ്ങളല്ലേ എന്റെ ചേട്ടാ', എന്ന് നമ്മള് എടുത്തടിച്ചത് പോലെ ചോദിക്കുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ,

''അവസാനിപ്പിക്കുന്നതിന് തൊട്ട് മുമ്പ് വരെ അവ വളരെ നല്ല ആചാരങ്ങൾ ആയിരുന്നുവെന്നും, അവസാനിപ്പിച്ചതോടെയാണ് അവ ദുരാചാരങ്ങളായി നമ്മള് സമ്മതിച്ചത്'' എന്നും തമാശരൂപേണ പറയുന്നുമുണ്ട് സുനില്.

പക്ഷേ ഇത് വെറുമൊരു തമാശയല്ല, കേട്ടോ. കേഴ്‌വിക്കാരെ വഴിതെറ്റിക്കാനുള്ള സുനിലിന്റെ ആദ്യത്തെ സൈക്കളോടിക്കൽ മൂവ് മാത്രം.

രണ്ട് മൂന്ന് ആചാരങ്ങളൊക്കെ നിറുത്തലാക്കിയപ്പോ തന്നെ നമുക്ക് കിട്ടിയത് നവോത്ഥാനമല്ലേ. അതുകൊണ്ട് എല്ലാ ആചാരങ്ങളും നമുക്കങ്ങ് നിറുത്തലാക്കിയേക്കാം, എന്നുള്ള രീതിയിലാണ് പിന്നീടങ്ങോട്ട് പുള്ളിക്കാരന്റെ പോക്ക്.

മലയാളത്തിൽ ഇത്തരക്കാരെ ''പണ്ടെങ്ങാണ്ട് ചക്ക വീണ് മുയല് ചത്തെന്ന് കരുതി എപ്പോഴും ചക്ക വീണാൽ അത് നവോത്ഥാനം ആകണമെന്നില്ലല്ലോ ചേട്ടാ'' എന്ന് പറയും.

ഇംഗ്ലീഷിൽ ഇതിനെ 'Faulty Generalization' അഥവാ 'തെറ്റായ സാമാന്യവത്കരണം' എന്നും.

''A faulty generalization is a conclusion about all or many instances of a phenomenon, reached on the basis of just one or a few instances of that phenomenon'
(ലിങ്ക് മൂന്നാം കമെന്റിൽ)

ഒരു പ്രത്യേക ആചാരം നിറുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ, മറ്റ് ആചാരങ്ങളെ കുറിച്ച് നമ്മള് പണ്ട് എന്ത് ചെയ്തു എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കിയിട്ട് യാതൊരു കാര്യവുമില്ല എന്നുള്ളതാണ് നഗ്‌നസത്യം.

നേരേമറിച്ച്, നമ്മള് ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ആചാരത്തിന്റെ തുടർന്നുള്ള പാലനം കൊണ്ട് നമ്മുടെ സമൂഹത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന ദോഷങ്ങളെന്തൊക്കെയാണ്? ആ ആചാരം നിറുത്തിയാൽ നമ്മുടെ സമൂഹത്തിന് ലഭിച്ചേക്കാവുന്ന ഗുണഗണങ്ങളെന്തൊക്കെയാണ്?, ഇന്നത്തെ സമൂഹത്തിൽ എത്ര പേർക്ക് ഇത്തരമൊരു മാറ്റത്തിന്റെ പ്രയോജനം ലഭിക്കും?, ഈ മാറ്റം നടപ്പിൽ വരുത്തുവാനായി എത്ര ചിലവുണ്ട്, എത്ര മെനക്കേടുണ്ട്? എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക് കുത്തിയിരുന്നാലോചിച്ച് ശരിയുത്തരം കണ്ടുപിടിച്ചാൽ മാത്രമേ, ഈ വിഷയത്തിൽ ശരിയായ ഒരു തീരുമാനം എടുക്കാൻ നമുക്ക് സാധിക്കുകയുള്ളൂ.

ഇതിനെക്കുറിച്ചൊന്നും താൻ പാഴാക്കിയ രണ്ട് മണിക്കൂറിനിടയിൽ ഇളയിടം ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല എന്നുള്ളതാണ് സത്യം. ശരിയായ ഉത്തരങ്ങൾ നൽകുന്നത് പോകട്ടെ. ശരിയായ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവ് പോലും കാണിക്കാത്ത, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആശയങ്ങളെ കുറിച്ചൊന്നും യാതൊന്നും മിണ്ടാത്ത, ഏത് വിഷയം കിട്ടിയാലും അയിത്തം, ജാതീയത, ബ്രാഹ്മണ്യം, ഉച്ചനീചത്വം എന്നിങ്ങനെ പത്തൊമ്പതാം നൂറ്റാണ്ടിലെ പഴങ്കഥകൾ ചർവിതചർവ്വണം ചെയ്യുന്ന ഇദ്ദേഹത്തെ പോലുള്ളവരാണ് നമ്മുടെ ബൗദ്ധിക മണ്ഡലം ഇന്ന് നിയന്ത്രിക്കുന്നത് എന്നുള്ളതാണ് കേരളത്തിന്റെ ഏറ്റവും വലിയ ശാപം.

രണ്ട് മൂന്ന് ആചാരങ്ങള് നമ്മള് പണ്ടേ നിറുത്തലാക്കിയതല്ലേ. അതുകൊണ്ട് ബാക്കിയുള്ളവയും കൂടെ പെട്ടെന്നങ്ങ് നിറുത്തലാക്കിക്കളയാം എന്നൊക്കെയുള്ള വിടുവായിത്തരങ്ങള്, പൊതുജനമധ്യത്തില് വിളിച്ച് പറഞ്ഞ് കയ്യടി നേടാൻ ശ്രമിക്കാൻ മാത്രം ശുദ്ധനോ മണ്ടനോ ആണോ നമ്മുടെ സുനില് എന്ന് ഇപ്പൊ നിങ്ങൾ ചിലപ്പോ അതിശയിച്ചേക്കാം.

ഒരിക്കലുമല്ല സുഹൃത്തുക്കളേ. അദ്ദേഹത്തിന്റെ ശരിയായ ബുദ്ധിശക്തി നമുക്ക് മനസ്സിലാകണമെങ്കിൽ സാംപിളായി അദ്ദേഹം പ്രഭാഷണത്തിൽ എടുത്ത് ഉദ്‌ഘോഷിച്ചിരിക്കുന്ന ദുരാചാരങ്ങൾ എന്തൊക്കെയാണെന്ന് ചെറുതായൊന്ന് പരിശോധിച്ചാ മതി.

ഷർട്ട് ഇട്ടോണ്ട് അമ്പലത്തിൽ കയറുന്നതോ, വലിയ സൗണ്ട് ഒന്നും കേൾപ്പിക്കാതെ വെടിവയ്ക്കുന്നതോ ഒന്നുമല്ല, അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങൾ.

സതി, തൊട്ട്കൂടായ്മ, ക്ഷേത്രപ്രവേശന നിഷേധം, മാറ് മറച്ച് കൂടായ്മ. അതിലൊക്കെയാണ് ഇഷ്ടന് താത്പര്യം.

അവിടെയാണ് സുനിൽ തന്റെ രണ്ടാം Logical Fallacy അഥവാ കപടയുക്തി എടുത്ത് പ്രയോഗിച്ചിരിക്കുന്നത് കൂട്ടരേ. 'Appeal to Emotion' അഥവാ വികാരത്തള്ളിച്ച ഉദ്ദീപിപ്പിക്കുന്ന ന്യായവാദം.

Appeals to emotion are intended to draw feelings such as fear, pity, disgust, etc. from the recipient with the end goal of convincing him/her that the statements being presented in the fallacious argument are true.
(ലിങ്ക് നാലാം കമെന്റിൽ)

അതായത് നോട്ട് നിരോധനത്തെ കുറിച്ച് സംവദിച്ച് കൊണ്ടിരിക്കുമ്പോൾ, നോട്ട് മാറിയെടുക്കനായി രാവിലെ എഴുന്നേറ്റ് കുളിക്കാൻ കുളിമുറിയിൽ കയറിയ വയോവൃദ്ധൻ ചറക്കി വീണ് കാലുളുക്കി എന്നൊക്കെ പറയുന്നത് പോലെ.

അതോടെ നമുക്ക് അദ്ദേഹത്തോട് സഹതാപം തോന്നും. ഈ വിനയെല്ലാം വരുത്തിവച്ച മോദിജിയോട് ദേഷ്യവും. അങ്ങനെ നമ്മുടെ മനസ്സിൽ നോട്ട് നിരോധനം പൊറുക്കാനാകാത്ത തെറ്റായി മാറുകയും ചെയ്യും.

അധഃകൃതർ നമ്മുടെ നാട്ടിൽ പണ്ടനുഭവിച്ചിട്ടുള്ള യാതനകളുടേയും പീഡനങ്ങളുടേയും കഥകള് കേട്ടാൽ കരളലിഞ്ഞ് പോകാത്ത ആരെങ്കിലുമുണ്ടോ?

പക്ഷേ ശബരിമല യുവതീ പ്രവേശനവുമായി അവയ്ക്കുള്ള ബന്ധമോ? കുച്ച് നഹീന്ന് പറഞ്ഞാ കുച്ച് നഹീ.

ഇപ്പൊ തന്നെ, മേല്പറഞ്ഞ ആചാര പരിഷ്‌കാരങ്ങളൊന്നും നടത്തിയത് കമ്മ്യൂണിസ്റ്റ് കാരല്ലെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാമെങ്കിലും, ചുളുവില് പറ്റുമെങ്കിൽ തന്റെ കമ്മ്യൂണിസ്റ്റ് പശുവിനെ ആ നവോത്ഥാന കുറ്റിയിൽ തന്നെ കൊണ്ട് വന്ന് കെട്ടാനാണ് സുനിൽ ഈ പെടാപ്പാടൊക്കെ പെടുന്നതെന്ന്, അദ്ദേഹം വാല് പൊക്കുമ്പോ തന്നെ നമുക്ക് ഊഹിക്കാം.

ഹിന്ദു സമൂഹത്തിലെ തന്നെ പുരോഗമനവാദികളായ ആചാര്യന്മാരുടെയും നേതാക്കളുടെയും സമയോചിതമായ ഇടപെടലുകൾ കാരണം നിറുത്തലാക്കപ്പെട്ട തീർത്തും ദുരാചാരങ്ങളായ മേല്പറഞ്ഞവയുമായി, ശബരിമല യുവതീപ്രവേശനം കൂട്ടിക്കെട്ടുക വഴി, അവ തമ്മിൽ ഒരു 'False Equivalence' അഥവാ ' തെറ്റായ തുല്യതാബോധം' ഉണ്ടാക്കിയെടുക്കുകയാണ് സുനിൽ ഇവിടെ ചെയ്തിരിക്കുന്നത്.

അങ്ങനെയാണ് ഇന്നാട്ടിലെ പരമോന്നത നീതിപീഠത്തെ പോലും കബളിപ്പിച്ച് കൊണ്ടുള്ള സഖാക്കളുടെ ശബരിമലയിലെ ഇടപെടലിനെ ഒരു നവോത്ഥാന മുന്നേറ്റമായി സുനിൽ വെള്ളപൂശി എടുക്കുന്നത്. അങ്ങനെയാണ് ഈ പ്രശ്‌നത്തിന്റെ ഏഴയലത്ത് പോലുമില്ലാത്ത ജാതീയതയും, ബ്രാഹ്മണ്യവും മറ്റും സുനിൽ ഇതിലോട്ട് നിർദാക്ഷിണ്യം കുത്തിത്തിരുകുന്നത്.

അതോടെ യുവതീപ്രവേശനത്തെ എതിർക്കുന്നവരെല്ലാം, ജാതി വ്യവസ്ഥയും, തൊട്ട്കൂടായ്മയും തിരിച്ച് കൊണ്ട് വരാനായി പ്രവർത്തിക്കുന്നവര്. നാടിനെ പുറകോട്ട് നടത്താനായി വെമ്പൽ കൊണ്ട് നടക്കുന്നവര്.

അനുകൂലിക്കുന്നവരോ? നവോത്ഥാന നായകര്!

ഇപ്പറഞ്ഞ വിധത്തിൽ, 'Either you are with us or you are with the terrorists', അഥവാ ''നമ്മുടെ കൂടെയല്ലെങ്കിൽ നിങ്ങൾ വെറുക്കപ്പെടേണ്ടവരാണ്'' എന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്‌ള്യൂ ബുഷ് പണ്ട് അതി സമർത്ഥമായി അവതരിപ്പിച്ച് എടുത്തത് പോലുള്ള ഒരു 'False Dichotomy' അഥവാ ''അബദ്ധജടിലമായ ദ്വന്ദ്വം'' കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതാണ് സുനിലിന്റെ ഈ പ്രസംഗത്തിലെ മാസ്റ്റർ സ്‌ട്രോക്ക്.

പിന്നങ്ങോട്ട് എതിർക്കുന്നവരെ കൊഞ്ഞനം കുത്തിയും, പരിഹസിച്ചും, നാണം കെടുത്തിയും മറ്റും സുനില് കത്തിക്കയറുകയാണ് സുഹൃത്തുക്കളേ കത്തിക്കയറുകയാണ്.

ഇതിനിടയിൽ കൂടി സുനിൽ പറയുന്ന വേറൊരു വസ്തുതയുണ്ട്. 'ശബരിമലയിലെ തന്നെ പല ആചാരങ്ങളും കാലാന്തരേണ പരിഷ്‌കരിക്കപ്പെട്ടിട്ടുള്ളവ ആണല്ലോ. അപ്പോഴൊന്നുമില്ലാത്ത ചേതം ഇപ്പോഴെന്താ'.

പക്ഷേ ഈ പരിഷ്‌ക്കാരങ്ങളൊന്നും ഭരണകൂട ഭീകരതയുടെ കൂലിപട്ടാളത്തെ സന്നിധാനത്ത് ഇരുട്ടവെളുക്കെ കാവൽ നിറുത്തിയും, 144 പോലുള്ള യുദ്ധ സമാന നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുക വഴി ശരണം വിളിയെ തന്നെ നിരോധിച്ചും മറ്റും ഭക്തരുടെ മേൽ കുതിര കേറി നേടിയെടുത്തതല്ലെന്നും, അയ്യപ്പ സമൂഹത്തിന്റെ പ്രതിനിധികൾ തന്നെ, വിശ്വാസത്തിന്റെ വഴികളിലൂടെ ആലോചിച്ച് ആവിഷ്‌കരിച്ച് നടപ്പിലാക്കിയതാണെന്നും, ഈ വ്യത്യാസം വെറും സാങ്കേതികം മാത്രമല്ലെന്നും സുനിൽ സൗകര്യപൂർവ്വം മറന്ന് കളയുന്നു.

പക്ഷേ ഈ പ്രസംഗത്തിനിടെ യാതൊരു ഉളുപ്പുമില്ലാതെ സുനില് പടച്ച് വിടുന്ന പല കല്ല് വച്ച നുണകളും വച്ച് നോക്കുമ്പോ ഇത് വരെ പറഞ്ഞതൊന്നും ഒന്നും അല്ല എന്നുള്ളതാണ് സത്യം.

സുനിലിന്റെ പച്ച കള്ളങ്ങളിൽ വച്ച് ഏറ്റവും പ്രശംസയർഹിക്കുന്നത്, ''ശബരിമലയിലെ യുവതീ പ്രവേശന വിലക്കിന് വെറും ഇരുപത്തേഴോ അല്ലെങ്കിൽ അറുപത്തേഴോ വർഷത്തെ പഴക്കം മാത്രമേയുള്ളൂ'' എന്ന അദ്ദേഹത്തിന്റെ കണ്ടുപിടിത്തം തന്നെയാണ്.

1991- ഇലെ ഹൈക്കോടതി വിധി വിശ്വാസികൾക്ക് അനുകൂലമായി വന്നത് തന്നെ, ഇത് നൂറ്റാണ്ടുകളായി തുടർന്ന് വരുന്ന ആചാരമായതുകൊണ്ടാണെന്നും, ഇതിന്റെ കാലപ്പഴക്കം ലെഫ്റ്റനന്റ്‌സ് വാർഡ് ആൻഡ് കോണർ 1893-ലും 1901-യിലു മായി രണ്ട് ഭാഗങ്ങളായി പ്രസിദ്ധീകരിച്ച തിരുവതാംകൂർ കൊച്ചി സംസ്ഥാനങ്ങളുടെ സർവ്വേയുടെ ഓർമ്മകുറിപ്പുകളിൽ രേഖപെടുത്തിയിട്ടുണ്ടെന്നും, ഇക്കാര്യം ജസ്റ്റിസ് ഇന്ദു മൽഹോത്ര പോലും തന്റെ വിധിന്യായത്തിൽ തന്നെ എടുത്ത് പറഞ്ഞിട്ടുണ്ടെന്നുമുള്ള വസ്തുതകളൊക്കെ സുനിൽ അറിഞ്ഞ മട്ടേ കാണിക്കുന്നില്ല.

യുഗയുഗാന്തരങ്ങളായി ഇടമുറിയാതെ തുടർന്ന് വരുന്ന ഈ ആചാരത്തിന് ഇക്കണ്ട കാലത്തിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ചുരുക്കം ചില ലംഘനങ്ങള് പോലും ' Exception that proves the rule' അഥവാ 'നിയന്ത്രണത്തിന്റെ സാന്നിദ്ധ്യം തെളിയിക്കുന്ന അപവാദങ്ങൾ'' മാത്രമേ ആകുന്നുള്ളൂ എന്നും ഒറ്റനോട്ടത്തിൽ തന്നെ ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

മുനിസിപ്പൽ റോഡിലൂടെ 100km വേഗതയിൽ ബൈക്ക് ഓടിച്ച് പോകുന്ന ഫ്രീക്കന്മാരെ കണ്ടാൽ, ഉടനേ തന്നെ ആ റോഡ് ഒരു നാഷണൽ ഹൈവേ ആക്കി മാറ്റി, വേഗ പരിധികളെല്ലാം മാറ്റി എഴുതുകയല്ലല്ലോ സർക്കാര് ചെയ്യുന്നത്.

പിന്നെ വേറൊരു എടുത്ത് പറയേണ്ട കാര്യം, ഈ പ്രസംഗത്തിലങ്ങോളമിങ്ങോളം, പുട്ടിന് പീരയുടുന്നത് പോലെ, ആഗോള പ്രശസ്തരുടെ പേരുകള് ആവോളം വാരി വിതറിയിട്ടുണ്ട്, നമ്മുടെ സുനിൽ സാറ്.

'Name-Dropping' അഥവാ ''പേരെടുത്തിടൽ'' എന്നാണ് ഈ അടവ് നയം പൊതുവേ വിക്കിപീഡിയയിലൊക്കെ അറിയപ്പെടുന്നത്.

Name-dropping is the practice of naming or alluding to important people and institutions which when used as part of a logical argument becomes an example of the false authority fallacy.
(ലിങ്ക് അഞ്ചാം കമെന്റിൽ)

വിവേകാനന്ദ സ്വാമികൾ കേരളത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞു, കുമാരനാശാൻ ആചാരങ്ങളെ കുറിച്ച് അങ്ങനെ പറഞ്ഞു, എന്നൊക്കെ സുനിൽ പി ഇളയിടം തള്ളി കേറുമ്പോൾ, അതൊക്കെ ശരിയായതിനാല്, ഈ മഹാത്മാക്കളൊക്കെ സുനിലിന്റെ കൂടിയാണെന്നും, ശബരിമല യുവതീ പ്രവേശന വിഷയത്തിലും ഇവർ സുനിലിന്റെ അഭിപ്രായത്തെ തന്നെ പിന്താങ്ങുമെന്നുമുള്ള ഒരു തരം മതിഭ്രമം കേൾവിക്കാരിലുണ്ടാക്കുകയാണ് ഇതിന്റെ ഒരു രീതി.

മഹാത്മാ ഗാന്ധി, ബെർട്രാൻഡ് റസ്സൽ, ശ്രീനാരായണ ഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ തൊട്ട് നമ്മുടെ കുട്ടികൾക്കേവർക്കും പ്രിയങ്കരനായ രാഹുൽ ഗാന്ധിയുടെ അമ്മൂമ്മേടെ അച്ഛൻ ചാച്ചാ നെഹ്രുവിന്റെ പേര് വരെ ഇത്തരത്തിൽ ശബരിമല വിഷയത്തിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്, നമ്മുടെ സുനിൽ ഇവിടെ.

അതേസമയം ഇവരൊന്നും ശബരിമല വിഷയത്തില് ഇതേ വരെ ഒര് വാക്ക് പോലും പറഞ്ഞിട്ടില്ലെന്നുള്ളത് നമുക്ക് നന്നായറിയാം. അഥവാ ഇനി പറഞ്ഞാൽ തന്നെ, ഫോർ എക്‌സാമ്പിൾ ഇപ്പൊ ശ്രീനാരായണ ഗുരുവിനോട് ചോദിച്ചാ തന്നെ:

പൊലീസ് ജാക്കറ്റും ഹെൽമെറ്റുമൊക്കെയിട്ട് ശബരിമലയിലേക്ക് പോകാൻ കച്ച കെട്ടി നിൽക്കുന്ന ഫെമിനിച്ചികളെ

'അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം' എന്നുള്ള ആപ്തവാക്യം ചൂണ്ടിക്കാട്ടി, ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വികാരത്തെ എന്തിനാണ് നിങ്ങളിങ്ങനെ വൃഥാ വൃണപ്പെടുത്തുന്നത് എന്ന കാരണവും പറഞ്ഞ്, ചിലപ്പോ പിന്തിരിയാൻ പ്രേരിപ്പിച്ചേക്കാനും മതി.

കാരണം, ആർഷഭാരത സംസ്‌കാരത്തിലെ യഥാർത്ഥ ബുദ്ധിജീവികളൊക്കെ അങ്ങനെയാ. കാര്യങ്ങളുടെ എല്ലാ വശങ്ങളും നോക്കിയേ അവര് തീരുമാനങ്ങൾ എടുക്കൂ. അല്ലാതെ നമ്മുടെ പിണറായി സഖാവിനേയും അദ്ദേഹത്തിന്റെ കുഴലൂത്ത് കാരൻ സുനിൽ സഖാവിനേയും പോലെ കാള പെറ്റെന്ന് കേൾക്കുമ്പോൾ തന്നെ കയറുമെടുത്ത്, പൊലീസുകാരെയും കൂട്ടി ശബരിമലയിലോട്ട് വച്ച് പിടിക്കൂല്ല.

മേല്പറഞ്ഞ പതിനെട്ട് അടവുകളും പോരാഞ്ഞിട്ട് സുനിൽ പുറത്തെടുക്കുന്ന ഏറ്റവും മ്ലേച്ഛമായ, നമ്മൾ പ്രത്യേകം എടുത്ത് പറഞ്ഞ് അഭിനന്ദിക്കേണ്ട, പൂഴിക്കടകനാണ്, 'Ad hominem attacks' അഥവാ ''എതിർക്കുന്നവരെ ഒന്നടങ്കം അധിക്ഷേപിക്കൻ''

Ad hominem (Latin for 'to the person'), short for argumentum ad hominem, is a fallacious argumentative strategy whereby genuine discussion of the topic at hand is avoided by instead attacking the character, motive, or other attribute of the person making the argument, or persons associated with the argument, rather than attacking the substance of the argument itself.
(ലിങ്ക് ആറാം കമെന്റിൽ)

സോഷ്യൽ മീഡിയയിൽ തന്നെ നമ്മളിൽ പലരും, എന്തെങ്കിലും വസ്തുതാപരമായ വാദമുഖങ്ങൾ തെളിവ് സഹിതം നിരത്തി മുന്നോട്ട് വരുമ്പോൾ, നേരിടാറുള്ള ഈ ചാണകം, ശൂലം, ഭ്രൂണം, ഗർഭം എന്നൊക്കെയുള്ള കടന്നാക്രമണങ്ങൾ ഈ വിഭാഗത്തിൽ പെടും.

അത് പോലെ സുനിലിന്റെ പ്രസംഗത്തിലും തന്ത്രിയേയും, രാജകുടുംബത്തേയും, അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തേയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനേയും ഒന്നും വെറുതേ വിട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള ഏറ്റവും വലിയ പരിഗണന കിട്ടിയിരിക്കുന്നത് സംഘ പരിവാർ സംഘടനകൾക്ക് തന്നെയാണ്.

പേരെടുത്ത് പറയാതെ, 'ഹിന്ദുത്വ വാദികൾ' എന്നൊരു പുകമറ സൃഷ്ടിച്ച് കൊണ്ടാണ് സുനിൽ ഈ പ്ലേ ഗ്രൗണ്ടിൽ പൂന്ത് വിളയാടുന്നത്.

ഗാന്ധി വധം, വീർ സവർക്കർ, എന്നീ സ്ഥിരം പല്ലവികളിൽ തുടങ്ങി, ഹിന്ദുത്വം ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്, മതാധിഷ്ടിത മൂല്യങ്ങളും ബ്രാഹ്മണ്യവും ഭരണഘടനയിലേക്ക് കുത്തിത്തിരുകാനാണ് ഹിന്ദുത്വ വാദികൾ ശ്രമിക്കുന്നത് എന്നും മറ്റും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അടിച്ച് വിടുകയാണ് സുനിൽ.

മാത്രമല്ല, ഈ ശബരിമല വിഷയം തന്നെ കേരളസമൂഹത്തിൽ വർഗ്ഗീയത ആളിക്കത്തിച്ച്, വിഭാഗീയത സൃഷ്ടിച്ചെടുക്കാനായിട്ടുള്ള വെറുമൊരു അടവ് നയം മാത്രമാണെന്നുമാണ് അദ്ദേഹത്തിന്റെ പരിദേവനം.

പക്ഷേ വിശ്വാസികളെ വഞ്ചിക്കുക വഴി, ഇടത് സർക്കാർ കേരളജനതയുടെ മേൽ രായ്ക്കുരാമാനം അടിച്ചേല്പിച്ചതാണ് ഈ പ്രശ്‌നം എന്നുള്ള കാര്യവും സുനിലിവിടെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു.

മാത്രവുമല്ല, ഒരു മതസമൂഹത്തിൽ പെട്ടവരുടെ ഒത്തുചേരൽ മറ്റൊരു മത സമൂഹത്തിന് എതിരേയാകുമ്പോൾ മാത്രമേ അത് വർഗ്ഗീയത ആകുന്നുള്ളൂ എന്നും, വർഷങ്ങളായി വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് തങ്ങളെ പറ്റിച്ച് ഒതുക്കി വച്ചിരിക്കുന്നവർ കാരണം ക്ഷമയുടെ നെല്ലിപ്പലക കണ്ട സനാതന ധർമ്മ വിശ്വാസികൾ സംഘടിച്ച് ശക്തരാകുന്നത് സ്വാഭാവികം മാത്രമാണെന്നും, ഈ വിഷയത്തിൽ മറ്റ് മത വിശ്വാസികൾ പോലും ഹിന്ദുസമൂഹത്തിന് ഒപ്പമാണെന്ന് സുനിൽ അദ്യേം കാണുന്നില്ലേ?

ജാതി, മത, ദേശ വർണ്ണ ഭേദങ്ങളില്ലാതെ, സർവ്വ ധർമ്മ സമഭാവനയോട് കൂടിയ, 'Integral Humanism' അഥവാ ഏകാത്മമാനവ ദര്ശനം ആണ് സംഘത്തിന്റേയും ബിജെപിയുടേയും പ്രത്യയശാസ്ത്രം എന്നും, വ്യക്തിഗതഅഭിലാഷങ്ങളെ ശ്വാസം മുട്ടിക്കുന്ന സ്ഥിതിസമത്വവാദവും, ആത്മീയതയെ വരിഞ്ഞ് മുറുക്കുന്ന നിരീശ്വരവാദവും, മൂലധനത്തെ വിരട്ടിയോടിക്കുന്ന വൈരുദ്ധ്യാത്മക ഭൗതികവാദവും മറ്റും വച്ച് നീട്ടുന്ന കമ്മ്യൂണിസത്തെക്കാളും ഇന്നത്തെ ലോകത്തിൽ പ്രസക്തിയുള്ളത് ഹ്യൂമനിസത്തിൽ അധിഷ്ഠിതമായ പ്രത്യയ ശാസ്ത്രങ്ങൾക്കാണെന്നും, ബാക്കിയൊക്കെ ഇന്ത്യയിലെന്നല്ല ലോകമെമ്പാടും തകർന്നടിഞ്ഞ് കഴിഞ്ഞുവെന്നും സുനിലിന് അറിയാഞ്ഞിട്ടാണോ?

ഏതായാലും ഇതൊക്കെ കണ്ടും കേട്ടും പൊളിച്ചടുക്കാനുള്ള സുവർണ്ണാവസരം അവിടുത്തെ ഭക്തന്മാർക്ക് ഉണ്ടാക്കിയല്ലോ എന്റെ അയ്യപ്പ ഭഗവാനേ!

സ്വാമി ശരണം!