തിരുവല്ല: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യുഡിഎഫ് അമരത്തേക്ക് എത്തിയതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷത്തേക്ക് ചാഞ്ഞ ഓർത്തഡോക്‌സ് സഭാ നേതൃത്വം വീണ്ടും വലതുപക്ഷത്തേക്ക് ചരിയാൻ തയ്യാറെടുക്കുകയാണ്. സഭാ തർക്കത്തിൽ യാക്കോബായ വിഭാഗക്കാർക്ക് അനുകൂലമായ നിലപാട് മുഖ്യമന്ത്രി പിണറായി സ്വീകരിക്കുകയും കേരളയാത്രയിൽ ഓർത്തഡോക്‌സ് സഭാംഗങ്ങളെ പരസ്യമായി അവഹേളിക്കുന്ന വിധത്തിൽ പൊതുവേദിയിൽ സംസാരിക്കുകയും ചെയ്തതോടെ സഭ ഇക്കുറി കർക്കശ നിലപാടിലേക്ക് നീങ്ങുമെന്ന സൂചനകളാണ് ഉള്ളത്.

സീറ്റു നിർണയത്തിൽ അടക്കം നിർണായക റോളുമായി ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പു കളത്തിലേക്ക് എത്തുമ്പോൾ ഓർത്തഡോക്‌സ് സഭയും ഇക്കുറി വലതുപക്ഷത്തിലാണ് കണ്ണെറിയുന്നത്. യുഡിഎഫിനെ പിന്തുണയ്ക്കാനായി ചില നിർദ്ദേശങ്ങളും മുന്നോട്ടു വെച്ചു കൊണ്ട് ഓർത്തഡോക്‌സ് സഭ രംഗത്തുവന്നിട്ടുണ്ട. ഇതിൽ പ്രധാനമായ കാര്യം തിരുവല്ല സീറ്റിനെ കുറിച്ചാണ്. തെരഞ്ഞെടുപ്പിൽ സഭാ സെക്രട്ടറി ബിജു ഉമ്മന് സീറ്റു നല്കിയാൽ സഹകരിക്കാമെന്നാണ് ഓർത്തഡോക്‌സ് നേതൃത്വം മുന്നോട്ടു വെച്ചിരിക്കുന്ന ധാരണ.

അതേസമയം സഭാ സെക്രട്ടറി സ്ഥാനത്തുള്ളയാൾ പരസ്യമായി യുഡിഎഫിന് വേണ്ട മത്സരിക്കാൻ ഇറങ്ങുന്നതിനോട് സഭാ വിശ്വാസികൾക്കുള്ളിലും രണ്ടഭിപ്രായമാണ് നിലനിൽക്കുന്നത്. സഭയെ ഒപ്പം നിർത്താൻവേണ്ടി സീറ്റുനൽകാൻ തയ്യാറാണെന്ന നിലപാടിലാണ് കോൺഗ്രസ്. എന്നാൽ, വിശ്വാസികളിൽ പലരും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകാരാണ്. ഈ സാഹചര്യത്തിൽ ബിജു ഉമ്മൻ മത്സരിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഈ അഭിപ്രായം ഉന്നയിക്കുന്നത് വീണ ജോർജ്ജുമായി അടുപ്പുമുള്ളവരുമാണ്.

കഴിഞ്ഞ തവണ വീണാ ജോർജ്ജിന് ആറന്മുളയിൽ തുറന്ന പിന്തുണയാണ് എൽഡിഎഫ് നൽകിയത്. അതുകൊണ്ട് തന്നെ ഭരണമാറ്റ സാധ്യത ഇല്ലാത്ത പക്ഷം വീണയെ വീണ്ടും വിജയിപ്പിക്കണമെന്നാണ ഒരു വിഭാഗത്തിന്റെ അഭിപ്രായം. സഭാ സെക്രട്ടറി സ്ഥാനം എന്നതാ രാഷ്ട്രീയ ചവിട്ടുപടിയല്ലെന്നും ,കഴിഞ്ഞ സെക്രട്ടറി ജോർജി ജോസഫിന് സീറ്റ് കിട്ടാൻ സഭയെ ഇടതു താവളത്തിലും, ഇപ്പോൾ ബിജു ഉമ്മന് സീറ്റ് കിട്ടാൻ വലതു താവളത്തിലും എത്തിച്ചു. ഇവർ രണ്ട് പേരും രാഷ്ട്രീയ കളിച്ചാണ് ഇരു ഗവൺമെന്റുകൾക്കും എതിരെ പ്രതിഷേധ സമ്മേളനങ്ങൾ നടത്തിയത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ ജോർജ്ജ് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സഭയ്ക്കുള്ളിൽ നിന്നുള്ള നിന്നും വീണയ്ക്ക് പിന്തുണ ലഭിച്ചിരുന്നില്ലെന്നതായിരുന്നു വിലയിരുത്തൽ. ഓരോരുത്തരുടെ വ്യക്തിതാല്പര്യങ്ങൾക്ക് സഭ രാഷ്ട്രീയം കളിക്കുന്നതിന് വൈദീകർക്കിടയിലും വൻ എതിർപ്പുണ്ട്. ഇനി മെത്രാൻ മാർ പറയന്നതനുസരിച്ച് പ്രതിഷേധത്തിനും സമരത്തിനും ഞങ്ങൾ ഇല്ലെന്ന് വൈദീകരുടെ നിലപാടും. മെത്രാൻ മാർക്ക് താല്പര്യംപ്രാർത്ഥനയോ, ഭദ്രാസന വളർച്ചയോ അല്ല എല്ലാവർക്കും ഫാൻസ് അസോസിയേഷനും നിയുക്ത കാതോലിക്കാ ആകാൻ ഉള്ളവർക്കിലുമാണെന്നുമാണ് ഉയരുന്ന വിമർശനം.

ഓർത്തഡോക്‌സ് സഭാ അസോസിയേഷൻ നിരണം ഭദ്രാസനത്തിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട മാനേജിങ് കമ്മിറ്റി അംഗമാണ് ബിജു ഉമ്മൻ. അഞ്ചുവർഷമാണു സെക്രട്ടറിയുടെ കാലാവധി. ഈ സാഹചര്യത്തിൽ നിലവിലെ കാലാവധി കഴിയുന്നത് വരെ ബിജു ഉമ്മൻ രാഷ്ട്രീയത്തിൽ ഇറങ്ങുകയോ മത്സരിക്കുകയോ വേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. കവിയൂർ സ്ലീബാ പള്ളി ഇടവകാംഗമായ ബിജു ഉമ്മൻ തിരുവല്ലയിൽ അഭിഭാഷകനാണ്. നിരണം ഭദ്രാസന കൗൺസിൽ, സഭാ മാനേജിങ് കമ്മിറ്റി, റൂൾസ് കമ്മിറ്റി, സുന്നഹദോസ് ലീഗൽ കമ്മിഷൻ, എപ്പിസ്‌കോപ്പൽ തിരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി, കാതോലിക്കേറ്റ് എംഡി സ്‌കൂൾ ഗവേണിങ് ബോർഡ് തുടങ്ങിയവയിൽ അംഗമായിരുന്നു. സഭയുടെ വിവാഹ ഭവന സ ഹായ വിതരണ പദ്ധതി കൺവീനറായിരുന്നു. സഭാംഗങ്ങളുടെ പുനർവിവാഹം സംബന്ധിച്ചുള്ള കാര്യങ്ങളിൽ കാതോലിക്കാ ബാവാമാരുടെ നിയമോപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.

അടുത്തകാലത്ത് സഭാതർക്കത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് വീണാ ജോർജ് എംഎ‍ൽഎയും നിലപാട് അറിയിച്ചിരുന്നു. എന്നാൽ, ഇത് സർക്കാറിന്റെ നിലപാടിന് വിരുദ്ധമാണ് താനും. സുപ്രീം കോടതി തീർപ്പാക്കിയ കേസിൽ ഇടപെടുന്നത് കോടതിയലക്ഷ്യമാണെന്ന നിലപാടാണ് ഓർത്തഡോക്‌സ് സഭയ്ക്ക്. ഇക്കാര്യത്തിൽ സർക്കാറിനോടുള്ള എതിർപ്പ് പരസ്യമായി വ്യക്തമാക്കിയ ആളാണ് ബിജു ഉമ്മൻ.