തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടു പ്രതി ബിജു രാധാകൃഷ്ണൻ വിവിധ വാദങ്ങളുമായി വീണ്ടും മൊഴി നൽകി. യുഡിഎഫ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് തിരുവനന്തപുരത്തു നക്ഷത്ര വേശ്യാലയമാണു പ്രവർത്തിച്ചിരുന്നതെന്നായിരുന്നു സോളാർ കമ്മീഷനിൽ ബിജു രാധാകൃഷ്ണന്റെ ആരോപണം.

കോൺഗ്രസിലെ യുവ എംഎൽഎമാരിൽ രണ്ടാളും ഒരു മന്ത്രിയും ഇപ്പോഴത്തെ പൊലീസിലെ ഒരു ഉന്നതനുമാണ് വേശ്യാലയം നടത്തിപ്പിനു നേതൃത്വം നൽകിയിരുന്നതെന്നും ബിജു ആരോപിക്കുന്നു. മന്ത്രിയായിരുന്ന എ പി അനിൽകുമാർ, എംഎൽഎമാരായിരുന്ന പി.സി വിഷ്ണുനാഥ്, ഹൈബി ഈഡൻ, കെ.ബി ഗണേശ്കുമാർ എന്നിവരാണ് ഇതിനു നേതൃത്വം നൽകിയിരുന്ന രാഷ്ട്രീയപ്രമുഖരെന്നും ആരോപണമുണ്ട്.

അന്ന് ഐജിയായിരുന്ന ഇപ്പോഴത്തെ എഡിജിപി പത്മകുമാറിനും പങ്കുണ്ടായിരുന്നെന്നും ബിജു സോളാർ കമ്മീഷനിൽ മൊഴി നൽകി. ഇവരടങ്ങുന്ന പൊളിറ്റിക്കൽ ഒഫീഷ്യൽ സ്‌കോർ ഗ്രൂപ്പ് സരിതയെയും ഉപയോഗിച്ചിരുന്നു. സരിതയെ പിന്തുടർന്നെത്തിയ താനും ഈ നക്ഷത്ര വേശ്യാലയത്തിൽ അകപ്പെട്ടു. ഉമ്മൻ ചാണ്ടിയുടെ ഓഫീസിന്റെ കൂടി അറിവോടെയാണ് വേശ്യാലയം പ്രവർത്തിച്ചിരുന്നത്. സരിതയുടെ വാക് ചാതുര്യമോ ശരീരമോ ഉപയോഗിച്ച് താൻ ബിസിനസ് നടത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് പണം നൽകിയിട്ടുണ്ടെന്ന സരിതയുടെ മൊഴിയും ബിജു ശരിവച്ചു. ഡൽഹിയിൽ വച്ച് ഉമ്മൻ ചാണ്ടിക്ക് പണം നൽകിയതായി സരിത തന്നോടു പറഞ്ഞിട്ടുണ്ട്. 35 ലക്ഷം രൂപയാണ് നൽകിയത്. ഉമ്മൻ ചാണ്ടിയുടെ സഹായി തോമസ് കുരുവിളയാണ് പണം കൈപ്പറ്റിയതെന്നും ബിജു കമ്മീഷനിൽ മൊഴി നൽകി. മോഹൻദാസ് വഴിയാണ് പണം കൈമാറിയ വിവരം സരിത തന്നെ അറിയിച്ചത്. കെ.സി വേണുഗോപാലിന് പണം നൽകിയിട്ടുണ്ടെന്ന മൊഴിയിൽ ഉറച്ചു നിൽക്കുന്നതായും ബിജു പറഞ്ഞു.