ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ കഴിഞ്ഞ ദിവസമാണ് വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ നേതാവ് പ്രവീൺ തൊഗാഡിയ എത്തിയത്. വിശ്വഹിന്ദു പരിഷത്ത് തുടങ്ങാൻ ഉദ്ദേശിക്കുന്ന എൻജിനീയറിങ്-മെഡിക്കൽ കോളേജുകളുടെയും നടത്തിപ്പ് ചുമതല വെള്ളാപ്പള്ളിക്ക് നൽകാമെന്നും പകരം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപി അടക്കമള്ള സംഘപരിവാർ ശക്തികളെ പിന്തുണക്കണമെന്ന ധാരണയിലും എത്തിയിരുന്നു.

എന്നാൽ, ഇങ്ങനെയുള്ള ധാരണക്കെതിരെ ധർമ്മവേദി യൂണിയനിലെ നേതാവായ ബിജു രമേശ് രംഗത്തെത്തി. വെള്ളാപ്പള്ളി നടേശനെ വിമർശിച്ച ബിജു രമേശ് പ്രവീൺ തൊഗാഡിയയുമായി കച്ചവട കാര്യങ്ങളാണ് സംസാരിച്ചതെന്നും വിമർശിച്ചു. വിദ്യാഭ്യാസക്കച്ചവടക്കാരനായ വെള്ളാപ്പള്ളി വിശ്വഹിന്ദു പരിഷത് ദേശീയ അധ്യക്ഷൻ പ്രവീൺ തൊഗാഡിയയുമായി സംസാരിച്ചത് കച്ചവടക്കാര്യങ്ങൾ മാത്രമെന്ന് ശ്രീനാരായണ ധർമ്മവേദി വൈസ് ചെയർമാൻ ബിജു രമേശ് മറുനാടനോട് പറഞ്ഞു.

പള്ളിക്കൂടങ്ങൾ പണിത് വിറ്റ് കാശുണ്ടാക്കുന്ന വെള്ളാപ്പള്ളിയെ തൊഗാഡിയയ്ക്ക് മനസിലായിട്ടില്ല. വിദ്യാഭ്യാസം ലവലേശമില്ലാത്തവർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന വിരോധാഭാസം ജനം തിരിച്ചറിയും. ശ്രീനാരായണീയരുടെ പേരിൽ അച്ഛനും മകനും നടത്തുന്ന കൊള്ള ഉടൻ പുറത്താകും. എല്ലാക്കാര്യത്തിലും അച്ഛനും മകനുമാണ് തീരുമാനങ്ങൾ എടുക്കുന്നത്. ഏതു യോഗം വിളിച്ചാലും പ്രസിഡന്റിനെ മാറ്റിനിർത്തി മകനെ അദ്ധ്യക്ഷനാക്കുന്ന ഏകയോഗം വെള്ളാപ്പള്ളിയുടെ എസ് എൻ ഡി പിയുടെതാണ്, ബിജു രമേശ് പറഞ്ഞു.

തൊഗാഡിയയും വെള്ളാപ്പള്ളി നടേശനും തമ്മിൽ കണ്ടത് വ്യക്തിപരമായ കാര്യങ്ങൾ ചർച്ചചെയ്യാനായിരുന്നുവെന്ന് ബിജു പറഞ്ഞു. കഴിഞ്ഞദിവസം തൊഗാഡിയ വെള്ളാപ്പള്ളിയെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടത്തിയ പരാമർശത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ബിജു ഇത്തരത്തിൽ പ്രതികരിച്ചത്. വി എച്ച് പിക്ക് സഹായം ചെയ്യുമെന്നു പറഞ്ഞ വെള്ളാപ്പള്ളിയുടെ നിലപാട് കേരളത്തിലെ ശ്രീനാരായണീയരുടേതല്ല. മറിച്ച് വിദ്യാഭ്യാസക്കച്ചവടം മുഖ്യപണിയാക്കി മാറ്റിയ വെള്ളാപ്പള്ളിക്ക് എൻജിനീയറിങ് കോളേജിന്റെ നടത്തിപ്പ് ചുമതല ലഭിക്കുമെന്നു കേട്ടപ്പോഴുണ്ടായ മതിഭ്രമമാണ്.

വിഎച്ച്്പിയുമായി സഹകരിക്കാനാണ് എസ്എൻഡിപിയുടെ നിലപാടെങ്കിൽ തൊഗാഡിയയുടെ ഓഫർ യോഗം ചർച്ചചെയ്തിട്ടുണ്ടോ. ഇതിനു വേണ്ടി പ്രത്യേക യോഗം വിളിച്ചിട്ടില്ല. ചർച്ചയുടെ അവസാനം വെള്ളാപ്പള്ളി തന്നിഷ്ടപ്രകാരം പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഗുരുദേവന്റെ പേരിൽ പണം ഉണ്ടാക്കാൻ വെള്ളാപ്പള്ളി അങ്ങനെ പലതും കാണിക്കും. അതിൽ അതിശയോക്തിയില്ല.

ഇരുമുന്നണി സർക്കാരുകളെ അടിക്കടി കുറ്റം പറയുന്ന യോഗം സെക്രട്ടറി ഇപ്പോൾ ഉമ്മൻ ചാണ്ടിക്ക് പിറകേയാണ്. എസ് എൻ ട്രസ്റ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ 140 നിയമനങ്ങൾ നടത്താൻ സർക്കാർ അനുമതി നേടുന്നതിനുള്ള നെട്ടോട്ടത്തിലാണ്. സീറ്റ് ഒന്നിന് 35 ലക്ഷം രൂപയാണ് ഈടാക്കുന്നത്. കേരളത്തിലെ ഈഴവരുടെ പിന്തുണ തൊഗാഡിയയ്ക്ക് ലഭിക്കുമെന്നത് വ്യാമോഹമാണ്. വെള്ളാപ്പള്ളിക്കൊപ്പം ഇപ്പോൾ ഈഴവരില്ല. സമൂഹത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്ന ഈഴവരെ രക്ഷിക്കാൻ യോഗം സെക്രട്ടറി ഒന്നും ചെയ്തിട്ടില്ല. അച്ഛനും മകനും തമ്മിലുള്ള കച്ചവടം മാത്രമാണ്. ഇപ്പോൾ ഒപ്പമുള്ള നേതാക്കൾ അടക്കം മുഴുവൻ പേരും എല്ലാ കാര്യങ്ങളിലും വിയോജിപ്പുള്ളവരാണെന്നും ബിജുരമേശ് പറഞ്ഞു.