- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴുവൻ ശ്രീനാരായണീയർക്കും വോട്ടവകാശം ലഭിച്ചാൽ വെള്ളാപ്പള്ളിക്ക് 10 ശതമാനം വോട്ട് പോലും ലഭിക്കില്ല; ഇത്രയും കാലം വെള്ളാപ്പള്ളി ജയിച്ചത് കള്ളവോട്ടിന്റെ ബലത്തിൽ; വെള്ളാപ്പള്ളിയുടെ വരുമാനമാർഗമായി എസ്എൻഡിപി യോഗം മാറി; ഹൈക്കോടതിവിധി സ്വാഗതം ചെയ്ത് ബിജു രമേശ്
തിരുവനന്തപുരം: എസ്എൻഡിപി യോഗത്തിലെ പ്രാതിനിത്യ വോട്ടവകാശം പിൻവലിച്ച കോടതിവിധി സ്വാഗതാർഹമാണെന്ന് ബിജു രമേശ്. വർഷങ്ങളായി കള്ളവോട്ടിന്റെ ബലത്തിലാണ് വെള്ളാപ്പള്ളി നടേശൻ വിജയിക്കുന്നതെന്നും എല്ലാ എസ്എൻഡിപി അംഗങ്ങൾക്ക് വോട്ടവകാശം ലഭിച്ചാൽ വെള്ളാപ്പള്ളിക്ക് 10 ശതമാനം വോട്ട് പോലും ലഭിക്കില്ലെന്നും ബിജു രമേശ് മറുനാടനോട് പറഞ്ഞു.
എതിർ സ്ഥാനാർത്ഥികളുടെ ഇൻഏജന്റുമാരെ പോളീങ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക പോലും ചെയ്യാതെ ഗുണ്ടായിസം നടത്തി കള്ളവോട്ട് ചെയ്താണ് വെള്ളാപ്പള്ളി ഇതുവരെ ജയിച്ചുവന്നത്. 14000 പേരുടെ വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കിയാലും അതിൽ രണ്ടായിരത്തി അഞ്ഞൂറോളം പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തുന്നത്. ബാക്കി വോട്ടെല്ലാം വെള്ളാപ്പള്ളി നടേശൻ സ്വന്തം ആൾക്കാരെ വച്ച് കള്ളവോട്ട് ചെയ്യിച്ചാണ് ഇതുവരെ ജയിച്ചുവന്നത്. എതിർസ്ഥാനാർത്ഥികളെയോ അവരുടെ ഇൻഏജന്റുമാരെയോ ബൂത്തിനുള്ളിൽ കയാറാൻ അവർ അനുവദിക്കാറില്ല. രാഷ്ട്രീയ സ്വാധീനവും പൊലീസ് സ്വാധീനവും ഉപയോഗിച്ച് ഇത്തരത്തിലാണ് എസ്എൻഡിപി യോഗത്തെ ഇത്രയുംകാലം കൈപ്പിടിയിലൊതുക്കിയിരുന്നതെന്നും ബിജു രമേശ് കൂട്ടിച്ചേർത്തു.
ഏതൊരു ശ്രീനാരായണീയനും സന്തോഷം പകരുന്നതാണ് ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ വിധി. എന്നാൽ ഈ വിധിക്കെതിരെ വെള്ളാപ്പള്ളി അപ്പീൽ പോകുമെന്ന് ഉറപ്പാണ്. കാരണം കഴിഞ്ഞ 25 വർഷമായിട്ട് കോൺട്രാക്ട് പണികൾ നിർത്തിയ ശേഷം വെള്ളാപ്പള്ളി നടേശന്റെ ഏക വരുമാനമാർഗം എസ്എൻഡിപി യോഗവും അതിന്റെ സ്കൂളുകളും കോളേജുകളും അടക്കമുള്ള സ്ഥാപനങ്ങളുമാണ്. അവിടെ നിന്നും കോടിക്കണക്കിന് രൂപയാണ് വെള്ളാപ്പള്ളി സമ്പാദിക്കുന്നത്. അതുകൊണ്ട് അവിടെ ജനാധിപത്യം പുലരാതിരിക്കാൻ ഏതറ്റംവരെയും വെള്ളാപ്പള്ളി പോകുമെന്നും ബിജു രമേശ് പറഞ്ഞു.
എസ്എൻഡിപിയിൽ ജനാധിപത്യപരമായി മൽസരം നടന്നാൽ 10 ശതമാനം വോട്ട് പോലും വെള്ളാപ്പള്ളിക്ക് കിട്ടില്ല. ഇപ്പോൾ ഗുണ്ടായിസത്തിന്റെയും കള്ളവോട്ടിന്റെയും എസ്എൻഡിപി എന്ന മഹാപ്രസ്ഥാനത്തിന്റെ ജന. സെക്രട്ടറി എന്ന പദവിയുടെയും ബലത്തിൽ പുകമറ സൃഷ്ടിച്ചാണ് അദ്ദേഹം അധികാരത്തിൽ തുടരുന്നത്. 28 ലക്ഷം അംഗങ്ങളും വോട്ട് ചെയ്താൽ ദയനീയമായ പരാജയമായിരിക്കും വെള്ളാപ്പള്ളിക്ക് ഉണ്ടാവുകയെന്നും ബിജു രമേശ് പറഞ്ഞു. അത് എല്ലാവരെക്കാളും വ്യക്തമായി അറിയുന്നയാളാണ് വെള്ളാപ്പള്ളി നടേശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യത്തെ അവസരത്തിൽ ശാശ്വതീകാനന്ദ സ്വാമികളുടെ ആഹ്വാനപ്രകാരം വെള്ളാപ്പള്ളി ആരാണെന്ന് പോലുമറിയാതെ എസ്എൻഡിപി അംഗങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ചെങ്കിലും അതിന് ശേഷം യോഗത്തിൽ ന്യായമായ തെരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്നും ബിജു രമേശ് ആരോപിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടന്നാൽ വെള്ളാപ്പള്ളിക്കെതിരെ സ്ഥാനാർത്ഥികൾ ഉണ്ടാകുമെന്നും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഈ വിധി ബാധകമാകുമോ എന്ന് വിധിപകർപ്പ് ലഭിച്ചാൽ മാത്രമേ പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
1999 ൽ വെള്ളാപ്പള്ളി നടേശൻ കൊണ്ടുവന്ന ബൈലോ ഭേദഗതിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് റദ്ദാക്കിയത്. ഇരുന്നൂറ് അംഗങ്ങൾക്ക് ഒരു വോട്ട് എന്നതാണ് നിലവിലെ തെരഞ്ഞെടുപ്പു രീതി. കമ്പനി നിയമപ്രകാരം 1974ൽ കേന്ദ്ര സർക്കാർ യോഗത്തിനു നൽകിയ ഇളവും ഹൈക്കോടതി റദ്ദാക്കി. വിധിയെ ബിജു രമേശിന് പുറമെ വിദ്യാസാഗറും അനുകൂലിച്ചപ്പോൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിധിയിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ചു.
നിലവിലെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിക്ക് കനത്ത തിരിച്ചടിയാണ് ഇപ്പോഴത്തെ കോടതി വിധി. അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പിൽ പുതിയ മാനദണ്ഡ പ്രകാരമാകും തെരഞ്ഞെടുപ്പു നടത്തേണ്ടത്. അതേസമയം വിധിക്കെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീൽ സമർപ്പിച്ചേക്കും. എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസിലാണ് ഹൈക്കോടതി വാദം കേട്ട് വിധി പറഞ്ഞത്.
1999 കാലത്ത് നൽകുകയും ഇപ്പോൾ ഹൈക്കോടതിയിൽ തുടരുകയും ചെയ്യുന്ന ഒരു കേസാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറിയിരിക്കുന്നത്. ഇതിൽ പ്രധാനമായിരുന്നു തെരഞ്ഞെടുപ്പു രീതികളിൽ മാറ്റം വേണമെന്നത്. ഈ ആവശ്യം മുൻ നിർത്തിയാണ് അന്ന് ഇവർ ജില്ലാ കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. 2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുകയാണ്.
ബൈലോ കാറ്റിൽ പറത്തിയുള്ള ഭരണമാണ് നിലവിൽ യോഗത്തിൽ നടക്കുന്നത് എന്ന വാദം ഹൈക്കോടതിയിൽ ഹർജിക്കാർ ഉയർത്തിയിരുന്നു. കാലഘട്ടത്തിന് അനുയോജ്യമായ ഒരു ബൈലോ എസ്എൻഡിപി യോഗത്തിനു ആവശ്യമുണ്ടോ എന്നാണ് ഹൈക്കോടതി പരിശോധിച്ചു. ഈ വാദവേളയിൽ തന്നെ എസ്എൻഡിപിയുടെ കമ്പനി രജിസ്ട്രേഷൻ കാര്യങ്ങളും ഒപ്പം പൊന്തി വന്നു.
മറുനാടന് മലയാളി ബ്യൂറോ