തളിപ്പറമ്പ്: ലൈസൻസില്ലെങ്കിലും ബൈക്കിൽ അതിവേഗത്തിൽ ചുറ്റിയടിക്കുന്നത് മലയാൡയുവാക്കളുടെ സ്ഥിരം പരിപാടിയാണ്. എന്നാൽ, ഇത്തരത്തിൽ വാഹനം ഓടിക്കുന്നവർ കുടുംബത്തെ സ്‌നേഹിക്കുന്നവരാണെങ്കിൽ മുൻകരുതൽ എടുക്കുക. കാരണം നിങ്ങൾ കാരണം യാതൊരു തെറ്റും ചെയ്യാത്ത കുടുംബക്കാരും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നേക്കാം. ഒരു വാഹനാപകട നഷ്ടപരിഹാര കേസിൽ തളിപ്പറമ്പ് കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇതിൽ നിർണ്ണായകമായി മാറുന്നത്.

ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസും ഇല്ലാതെ ബൈക്കോടിച്ചുണ്ടായ അപകടത്തിൽ നാല് വയസ്സുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരുക്കേൽക്കുകയും ബൈക്ക് ഓടിച്ചയാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ മരിച്ചയാളുടെ പേരിലുള്ള വസ്തു ജപ്തി ചെയ്ത് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാവാണ് തളിപ്പറമ്പ് എംഎസിടി ജഡ്ജ് എം.അഹമ്മദ്‌കോയ ഉത്തരവിട്ടത്.

ചെമ്പേരി കരയത്തുംചാൽ മേലേട്ടുതടത്തിൽ റെജി കെ. മാത്യുവും നാല് വയസ്സുള്ള മകൻ അലക്‌സും സഞ്ചരിച്ച ബൈക്കിൽ 2011 ഏപ്രിൽ 14ന് വേങ്കുന്ന് റോഡിൽ വച്ച് വേങ്കുന്ന് സ്വദേശി നായിപുരയിടത്തിൽ അനിൽ എന്നയാൾ ഓടിച്ച ബൈക്കിടിച്ചു പരുക്കേറ്റ സംഭവത്തിലാണ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. ബൈക്ക് ഓടിച്ച അനിൽ അപകടസ്ഥലത്തു തന്നെ മരിച്ചിരുന്നു. റെജിക്കും മകൻ അലക്‌സിനും ഗുരുതരമായി പരുക്കേൽക്കുകയും അലക്‌സിന്റെ ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ബൈക്ക് ഓടിച്ചയാൾ മരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയും പ്രതിയാക്കിയാണ് നഷ്ടപരിഹാരത്തിന് പരാതിക്കാരൻ സമീപിച്ചത്. ഇതെ തുടർന്ന് കോടതി അനിലിന്റെ അൻപത് സെന്റ് ഭൂമി ജപ്തി ചെയ്ത് ലേലത്തിൽ വയ്ക്കുകയായിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് അനിലിന്റെ അവകാശികൾ നൽകിയ ഹർജി കോടതി തള്ളുകയും ചെയ്തിരുന്നു. വാഹനം ഓടിച്ച സമയത്ത് അനിലിന് ലൈസൻസ് പോലുമുണ്ടായിരുന്നില്ലെന്നാണ് കോടതി ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടിയത്.

പരാതിക്കാർക്കു വേണ്ടി അഡ്വ. സജി സക്കറിയാസ് ഹാജരായി. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച അനിലിന് ഡ്രൈവിങ് ലൈസൻസോ വാഹനത്തിന് ഇൻഷുറൻസോ ഇല്ലാത്തതിനാൽ അദ്ദേഹമാണ് പിഴ നൽകേണ്ടതെന്നും എന്നാൽ, അനിൽ ജീവിച്ചിരിപ്പില്ലാത്തതിനാൽ അനിലിന്റെയും അവകാശികളുടെയും പേരിലുള്ള സ്വത്തുവകകൾ ജപ്തി ചെയ്തു തുക നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നിരവധി കേസുകളിലും ബന്ധുക്കളുടെ സ്വത്തുക്കൾ നഷ്ടപരിഹാരമായി നൽകേണ്ടുന്ന അവസ്ഥയുണ്ടാകും.