കോഴിക്കോട്: യാത്രയ്ക്കിടെ കർണാടകയിൽ നിന്നും കാണാതായ മലയാളി ബൈക്ക് റൈഡറേയും കാമുകിയേയും പൊലീസ് കുടുക്കിയത് അതിവിദഗ്ദമായി. വീട്ടുകാരെയും പൊലീസിനെയും കബളിപ്പിച്ച് താൻ മരിച്ചു എന്ന് വരുത്തി തീർത്താണ് കാമുകിക്കൊപ്പം ജീവിക്കാനായി സന്ദീപ് കോഴിക്കോടു നിന്നും അതിവിദഗ്ദമായി മുംബൈയിലേക്ക് മുങ്ങിയത്. ആരും സംശയിക്കാതിരിക്കാനും കാമുകിക്കൊപ്പം ഒളിച്ചോടിയതാണെന്ന് അറിയാതിരിക്കാനും സ്വന്തം മരണം അതിവിദഗ്ദമായി പ്ലാൻ ചെയ്ത ശേഷം ഒറ്റയ്ക്കായിരുന്നു സന്ദീപ് നാട്ടിൽ നിന്നും മുങ്ങിയത്. സന്ദീപ് നാടുവിട്ട് ആഴ്ചകൾ കഴിഞ്ഞാണ് കാമുകിയും നാടുവിട്ടത്. എന്നാൽ ആദ്യമൊക്കെ സന്ദീപ് മരിച്ചെന്ന് കരുതിയ പൊലീസ് പെൺകുട്ടിയുടെ തീരോധാനവും അന്വേഷിച്ചതോടെയാണ് ഇരുവരും ഒന്നിച്ച് നാടുവിട്ടതാണെന്ന നിഗമനത്തിലെത്തിയത്. പൊലീസിന്റെ സംശയം കൃത്യമാവുകയും ചെയ്തു. ഇരുവരും ഒന്നിച്ചു ജീവിക്കാൻ നാടുവിട്ടതാണെന്ന് തിരിച്ചറിയുകയും ചെയ്തു.

എന്നാൽ താൻ കാമുകിക്ക് ഒപ്പം ജീവിക്കുകയാണെന്ന് അറിയാതിരിക്കാനും ആരും അന്വേഷിച്ച് വരാതിരിക്കാനുമായിരുന്നു സന്ദീപ് സ്വന്തം മരണം ആസൂത്രണം ചെയ്തത്. എന്നാൽ ആദ്യമൊക്കെ സന്ദീപ് മരിച്ചു കാണുമെന്ന് വിചാരിച്ച കേരളാ പൊലീസ് പിന്നീട് നടത്തിയ അന്വേഷണത്തിൽ അതിവിദഗ്ദമായി സന്ദീപിനെയും കാമുകിയേയും കുടുക്കുകയും ചെയ്തു. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് സന്ദീപ് കാമുകിക്കൊപ്പം ജീവിക്കാനായി സ്വന്തം മരണം വരുത്തി തീർത്തത്. മുംബൈയിൽ നിന്നും പൊലീസ് പിടികൂടിയ സന്ദീപിനേയും കാമുകിയേയും പൊലീസ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. നാട്ടുകാരെയും പൊലീസിനെയും ഒരുപോലെ കബളിപ്പിച്ചു മുംബൈയിലേക്കു കടന്ന സന്ദീപിനെയും കാമുകി പൊറ്റമ്മൽ സ്വദേശിനി അശ്വിനിയെയും പൊലീസ് മുംബൈയിൽ നിന്നു തന്ത്രപരമായി പിടികൂടുകയായിരുന്നു.

ട്രക്കിങിനെന്ന വ്യാജേനയാണ് സന്ദീപ് തന്റെ നാലു ലക്ഷം രൂപ വിലവരുന്ന ബൈക്കിൽ വീട്ടിൽ നിന്നും കർണാടകയിലേക്ക് പോയത്. ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാൽ ഭാര്യയ്ക്കും ബന്ധുക്കൾക്കും സംശയം തോന്നിയില്ല. ശൃംഗേരി കൊപ്പ ഹരിഹര റൂട്ടിലെ കാനനപാതയിൽ തുംഗഭദ്ര നദിക്കരയിൽ സന്ദീപ് ബൈക്ക് നിർത്തി. അവിടെ പിടിവലി ഉണ്ടായെന്നു വരുത്തിത്തീർക്കാൻ നിലത്ത് ബൂട്ടുകൊണ്ടു പാടുണ്ടാക്കി. സന്ദീപ് കയ്യിൽ കരുതിയ പാദരക്ഷകൾ ഉപയോഗിച്ച് ഒന്നിൽ കൂടുതൽപേർ സ്ഥലത്തെത്തിയെന്നു വരുത്തി. വാച്ച് പൊട്ടിച്ചു. മൊബൈൽ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി.

ഇതിനിടെ സന്ദീപിന്റെ ഭാര്യ നല്ലളം പൊലീസിൽ പരാതി നൽകി. പൊലീസ് കർണാടകയ്ക്കു തിരിച്ചു. കർണാടക പൊലീസിന്റെ സഹായത്തോടെ തുംഗഭദ്ര നദിയിൽ എട്ട് മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ചു തിരച്ചിൽ ആരംഭിച്ചു. ഹെലിക്യാം ഉപയോഗിച്ചു കാട്ടിലും തിരഞ്ഞു. എന്നാൽ ഒരു തുമ്പും കിട്ടിയില്ല. ഇതോടെ മരിച്ചു കാണുമെന്ന് തന്നെ എല്ലാവരും കരുതി. ദിവസങ്ങൾ കഴിഞ്ഞതോടെ കർണാടക പൊലീസ് അന്വേഷണം നിർത്തി. എന്നാൽ അശ്വിനിയെ കാണാനില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയതോടെയാണ് സന്ദീപ് അന്വേഷണത്തിൽ വഴിത്തിരവായത്. ഇതോടെ മരിച്ചെന്ന് കരുതിയ സന്ദീപിനെ പെ്ടടെന്ന് തന്നെ ഉയർത്തെഴുനേൽപ്പിക്കാനും പൊലീസിന് കഴിഞ്ഞു.

അശ്വിനിയുടെ തിരോധാനത്തിന് പിന്നാലെ ഇവർ ജോലി ചെയ്ത സ്ഥലവും മറ്റും അന്വേഷിച്ചെത്തിയ പൊലീസാണ് അശ്വിനി കുറച്ചുകാലം സന്ദീപിനൊപ്പം ജോലി ചെയ്‌തെന്നു മനസ്സിലാക്കിയത്. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. അശ്വിനിയുടെ ഫോണിലേക്ക് അവസാനം കോൾ വന്നതു മുംബൈയിൽ നിന്നാണ്. ഇതോടെ ഇരുവരുടെയും മുൻകാല ഫോൺവിളികൾ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. 2 പേരും ഒരുമിച്ചാണെന്നു പൊലീസും ഉറപ്പിച്ചു. ഇതിനിടെ, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചു സന്ദീപും അശ്വിനിയും വാട്‌സാപ് ഇല്ലാത്ത മൊബൈലുകൾ വാങ്ങി. യാത്രക്കിടെ സന്ദീപ് തന്റെ നീളൻ മുടി മുറിച്ചു രൂപമാറ്റം വരുത്തി.

സന്ദീപാണ് ആദ്യം മുംബൈയിൽ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ ഇരുവരും ഒരു ട്രാൻസ്‌ജെൻഡറിനെ പരിചയപ്പെട്ട് ആ പേരിൽ സിം കാർഡ് വാങ്ങി. ഇതിനിടെ പുതിയ ഫോൺ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബർ ഉദ്യോഗസ്ഥർ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്. വീട്ടുകാർക്കോ പൊലീസിനോ സംശയമുണ്ടാകാതിരിക്കാനാണ് ഒരുമിച്ച് നാടുവിടാതിരുന്നതെന്നു അശ്വിനി പൊലീസിനോട് പറഞ്ഞു. ആരും തന്നെ തിരഞ്ഞു വരരുതെന്നുള്ളതുകൊണ്ടാണു മരിച്ചെന്നു വരുത്തിത്തീർത്തതെന്നു സന്ദീപും പറഞ്ഞു. സന്ദീപിനെയും അശ്വിനിയെയും കോടതിയിൽ ഹാജരാക്കി. ഇരുവരും വീട്ടിലേക്കു മടങ്ങി.