മൂന്നാർ: യൂട്യൂബിൽ നിന്നും താക്കോലില്ലാതെ ബൈക്ക് സ്റ്റാർട്ടാക്കുന്ന വിധം മനസ്സിലാക്കി ഒന്നേകാൽ ലക്ഷത്തോളം വിലവരുന്ന ബൈക്ക് തട്ടിയെടുത്ത് തമിഴ്‌നാട്ടിലേക്ക് കടന്ന മൂന്നാർ സ്വദേശികൾ പടിയിൽ.മൂന്നാർ ഇക്കനഗർ രാജീവ്ഗാന്ധി കോളനി നിവാസി വിനു(18),ലക്ഷമി എസ്റ്റേറ്റ് പാർവ്വതി ഡിവിഷൻ നിവാസി രാമകൃഷ്ണ മൂർത്തി(19) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ സി ഐ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തിട്ടുള്ളത്.

മൗണ്ട്കാർമ്മൽ പള്ളിയുടെ സോഷ്യൽസർവ്വീസ് വിഭാഗത്തിൽ പ്രവർത്തിച്ചുവന്നിരുന്ന അനൂപ് ജോൺസന്റെ ഹോണ്ട ഹോർനെറ്റ് ബൈക്കാണ് ഈ മാസം 18-ന്്് രാത്രി ഇവർ തട്ടിയെടുത്തത്.ബൈക്കുമായി ഇരുവരും തേനിക്ക് കടന്നതായി പൊലീസ് സൂചന ലഭിച്ചിരുന്നു. തുടർന്ന് മൂന്നാർ പൊലീസ് തേനി പൊലീസിന് വിവരം കൈമാറി.ഇത് മോഷ്ടാക്കളെ കണ്ടെത്തുന്നതിൽ നിർണ്ണായ വവിത്തിരിവായി.സമീപകാലത്ത് സ്റ്റേഷൻ പരിധിയിൽ നടന്ന ബൈക്ക് മോഷണത്തിൽ ഇപ്പോൾ അറസ്റ്റിലായ വിനു ഉൾപ്പെട്ടിട്ടുള്ളതായി തേനി പൊലീസ് സ്ഥിരീകരിച്ചതാണ് പ്രതികളെ പിടികൂന്നതിന് വഴിയൊരുക്കിയത്.

ബൈക്ക് ഉടമ നിയമനടപടിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലന്നറിയിച്ചതിനാൽ വിനു അന്ന് കേസിൽപ്പെടാതെ രക്ഷപെടുകയായിരുന്നു.ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിനുവിന്റെ മൊബൈൽ ഫോൺലൊക്കേഷൻ പരിശോധിച്ചപ്പോൾ കൃത്യം നടന്ന പ്രദേശത്ത് 18-ന് രാത്രി എത്തിയതായി മൂന്നാർ പൊലീസ് സ്ഥിരീകരിച്ചു.തുടർന്ന് ദിവസങ്ങളോളം നീണ്ട സൂക്ഷമനിരീക്ഷണത്തിനൊടുവിലാണ് വിനുവും കൂട്ടാളിയും പൊലീസ് പിടിയിലാവുന്നത്.

ചോദ്യം ചെയ്യലിൽ യൂട്യൂബ് വീഡിയോ കണ്ടാണ് താക്കോലില്ലാതെ ബൈക്ക് സ്റ്റാർട്ടാക്കാൻ പഠിച്ചതെന്ന് ഇവർ വെളിപ്പെടുത്തിയതായി പൊലീസ് അറയിച്ചു.ബൈക്ക് വിൽക്കുന്നതിനായി തേനിയിലെ ഇവരുടെ സുഹൃത്ത് പാണ്ഡ്യനെ ഏൽപ്പിച്ചിരിക്കുകയായിരുന്നു.ഇവിടെ നിന്നുമാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തത്.എസ് ഐ ഷാഹുൽ ഹമീദ്,ഗ്രേഡ് എസ് ഐ മാരായ നിസ്സാർ,ചന്ദ്രൻ ,സി പി ഒ മാരായ വിൻസന്റ് , ജിവിൻ,അറുമുഖംതുടങ്ങിയവരും അന്വേഷണത്തിൽ പങ്കാളികളായി.