കണ്ണൂർ: കവർച്ച കർണ്ണാടകത്തിലും വിൽപ്പന കേരളത്തിലും. ന്യൂജന്റെ ഇരു ചക്ര വാഹന ഭ്രമം മോഷ്ടാക്കൾക്ക് പറുദീസയാവുകയാണ്. ഇക്കാരണത്താൽ കർണ്ണാടകത്തിൽ നിന്നും കവർച്ച ചെയ്തു കൊണ്ടു വരുന്ന ബൈക്കുകൾ കേരളത്തിൽ എത്ര വേണമെങ്കിലും ചെലവാകും. റോയൽ എൻഫീൽഡുകാരുടെ ബുള്ളറ്റാണെങ്കിൽ ആവശ്യക്കാരേറെ.

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ-ശ്രീകണ്ഠാപുരം മേഖലയിലാണ് ആവശ്യക്കാരേറെയുള്ളത്. 35 ബൈക്കുകളാണ് മംഗലാപുരത്ത് നിന്നും പരിസരത്തു നിന്നും കവർച്ച ചെയ്തു കൊണ്ടു വന്നത്.പയ്യാവൂർ, പൊന്നം പറമ്പ്, പാറക്കടവ്, വണ്ണായി ക്കടവ്, കാട്ടിക്കണ്ടം, എരുവേശി, കുട്ടിക്കളം, പുലിക്കുറുമ്പ, സ്വദേശികളാണ് കസ്റ്റഡിയിലായത്. ഇന്നലെ ശ്രീകണ്ഠാപുരം പൊലീസിന്റെ സഹായത്തോടെയാണ് ഇവരുടെ വീടുകളിലെത്തി കർണ്ണാടക പൊലീസ് പിടികൂടിയത്.

മംഗലാപുരം ഈസ്റ്റ്, മംഗലാപുരം സിറ്റി, കദ്രി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന വാഹന മോഷണവുമായി ബന്ധപ്പെട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ ചിലർക്ക് പ്രായപൂർത്തിയായിട്ടില്ല. മലയോര ഗ്രാമവാസികളായ ആൽബിൻ, ശ്രാവൺ, അർജുൻ, പ്രിൻസ്, റൂബിൻ, അബിൻ, സോബിൻ തുടങ്ങിയവരാണ് പിടിയിലായത്. ഇവർ മോഷ്ടിച്ച് കടത്തിയ മൂന്ന് ബുള്ളറ്റ് വാഹനങ്ങൾ കണ്ടെടുക്കുകയും ചെയ്തു.

റോഡരികിൽ നിർത്തിയിടുന്ന ബൈക്കുകൾ പട്ടാപകൽ താക്കോലില്ലാതെ പ്ലഗ് ഉപയോഗിച്ച് തുറന്നാണ് സംഘം കവർച്ച നടത്താറ്. കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മോഷണം നടത്തിയ ബൈക്കുകൾ വിൽപ്പന നടത്തിയിട്ടുണ്ട്. സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് മംഗലൂരു പൊലീസ് പ്രതകികളെ തിരിച്ചറിഞ്ഞത്. ബാന്റ് മേളവുമായി ബന്ധപ്പെട്ട് മംഗലൂരുവിൽ പോകാറുള്ള ചിലരും ഇതിന് പിറകിലുണ്ട്. കാർ വാടകക്കെടുത്ത് മംഗലൂരുവിൽ തങ്ങിയ ശേഷമാണ് കവർച്ച നടത്താറ്.