- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ച ബൈക്കിൽ കറങ്ങി മാല കവർച്ച: ഒരാൾ അറസ്റ്റിൽ; പ്രതികളെ കുറിച്ചു സൂചന ലഭിച്ചത് പെരിന്തൽമണ്ണ അൽശിഫ ആശുപത്രി പരിസരത്തുനിന്ന് ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിൽ
പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ കണ്ണി പിടിയിൽ. പൂഞ്ഞാർ സ്വദേശി കീരിയാനിക്കൽ സുനിൽ (43) ആണ് അറസ്റ്റിലായത്. ബസ് സ്റ്റാൻഡുകൾ, ഹോസ്പിറ്റൽ പരിസരങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് പ്രതികൾ ബൈക്കുകൾ മോഷ്ടിക്കുന്നത്.
മാല പൊട്ടിക്കാൻ വേണ്ടി യാത്ര ചെയ്ത ശേഷം ബൈക്കുകൾ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചുവെക്കും. പെരിന്തൽമണ്ണ അൽശിഫ ആശുപത്രി പരിസരത്തുനിന്ന് ബൈക്ക് മോഷണം പോയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. ജൂണിൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ സുനിൽ എന്ന കീരി സുനിയും സുഹൃത്തും ചേർന്നാണ് കവർച്ച നടത്തുന്നതെന്ന് വ്യക്തമായി.
ജില്ല അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായി, കീരി സുനി മോഷ്ടിച്ച ബൈക്കിൽ പെരിന്തൽമണ്ണയിലേക്ക് വരുന്നതായി വിവരം ലഭിക്കുകയും പെരിന്തൽമണ്ണയിൽ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കൂട്ടുപ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
പ്രതിയെ ചോദ്യം ചെയ്തതിൽ വാടാനാംകുർശ്ശിയിൽ നടന്ന മാല മോഷണ കേസിനും തുമ്പായി. പ്രതികൾക്കെതിരെ തിരുവല്ല, മാവേലിക്കര, മാള, പൂച്ചക്കൽ, വിയ്യൂർ, എലവുംതിട്ട, മതിലകം, പേരാമംഗലം, ആളൂർ, ഗുരുവായൂർ, മങ്കര, അന്തിക്കാട്, ആലപ്പുഴ സൗത്ത്, മണ്ണാഞ്ചേരി തുടങ്ങി 30ഓളം സ്ഥലങ്ങളിൽ മാല പൊട്ടിക്കൽ, ബൈക്ക് മോഷണം കേസുകൾ നിലവിലുണ്ട്. കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരുകയാണെന്നും പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ