- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്പമംഗലത്ത് പൊലീസുകാരന്റെ വീട് ആക്രമിച്ച് ബൈക്കുകൾ തകർത്തു; വീട് ആക്രമിക്കാൻ സംഘമെത്തിയത് മാരകായുധങ്ങളുമായി
കയ്പമംഗലം: എടത്തിരുത്തി മുനയത്ത് മാരകായുധങ്ങളുമായെത്തിയ സംഘം പൊലീസ് ഉദ്യാസ്ഥന്റെ വീട് ആക്രമിച്ചു. കാട്ടൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യാഗസ്ഥൻ കോഴിപറമ്പിൽ ഫെബിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിന് മുന്നിലെ ഷെഡിൽ നിർത്തിയിട്ടിരുന്ന രണ്ട് മോട്ടോർ സൈക്കിളുകൾ അക്രമികൾ അടിച്ചു തകർത്തു.
ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം ഇരുമ്പ് വടി ഉപയോഗിച്ച് മോട്ടോർ സൈക്കിളുകൾ അടിച്ചു തകർക്കുകയായിരുന്നു. ഔദ്യാഗിക ഡ്യൂട്ടിക്ക് ഉപയോഗിച്ചിരുന്ന ഡിപ്പാർട്ട്മെന്റ് വാഹനമായ ബുള്ളറ്റും, ഫെബിന്റെ സ്വകാര്യ മോട്ടോർ സൈക്കിളുമാണ് അടിച്ചു തകർത്തത്. തുടർന്ന് വീടിന് പുറത്ത് വെച്ചിരുന്ന സൈക്കിൾ അകത്തേക്ക് വലിച്ചെറിഞ്ഞ് വീടിനകത്ത് കടന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
നേരത്തെ ഫെബിന്റെ കാർ തടഞ്ഞു നിർത്തി വധ ഭീഷണി നടത്തിയിരുന്നു. ഫെബിന്റെ ബന്ധുകൂടിയായ കോഴി പറമ്പിൽ പ്രണവ്, അമിത് ശങ്കർ, ശരത് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കയ്പമംഗലം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
മുനയം പ്രദേശത്ത് കഞ്ചാവ്, ലഹരി, ഗുണ്ടാ മാഫിയ സംഘങ്ങൾ വിലസുകയാണെന്നും, ദ്വീപ് പ്രദേശമായതിനാൽ മറ്റുള്ള ഭാഗങ്ങളിൽ നിന്നുള്ള ക്രിമിനലുകളും ഈ പ്രദേശത്ത് സംഘം ചേരുന്നതായും നാട്ടുകാർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ