കൊച്ചി: കേരളം ഹൃദയവേദനയോടെ കണ്ട ബിലാലിന്റെ ഇനിയുള്ള ജീവിതം പീസ് വാലി യുടെ സ്‌നേഹ പരിലാളനയിൽ. കൊച്ചി നെട്ടുർ സ്വദ്ദേശിയായ ബിലാലിനെ തല കീഴായി നിർത്തി പിതാവ് മർദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തറത്തുവന്നിരുന്നു.ഇതെത്തുടർന്ന് വിഷയത്തിൽ പൊലീസ് ഇടപെടുകയും പൊലീസ് പിതാവിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

ഫോർട്ട്കൊച്ചി ചെറളായികടവ് സുധീർ-ഷീബ ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാൽ (18) നെ പിതാവ് സുധീർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഹൃദയ വേദനയോടെയാണ് കേരളം കണ്ടത്. ഇതേതുടർന്നാണ് ബിലാലിനെ ഏറ്റെടുക്കാനുള്ള സന്നദ്ധതയറിയിച്ച് ജില്ലാ കളക്ടറുമായും
സാമൂഹിക നീതി വകുപ്പുമായും പീസ് വാലിയുടെ ഇടപെടലുണ്ടായത്.

തുടർന്ന് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പീസ് വാലിക്ക് രേഖാമൂലം ഇക്കാര്യത്തിൽ അനുമതി നൽകി. തുടന്നാണ് ബിലാലിനെ പീസ് വാലി ഏറ്റെടുത്ത് നെല്ലിക്കുഴിയിലേയ്ക്ക് കൊണ്ടുവന്നത്. പീസ് വാലിക്ക് കീഴിൽ ഇവിടെ പ്രവർത്തിപ്പിക്കുന്ന സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് ബിലാലിനെ പ്രവേശിപ്പിക്കുന്നത്.

പീസ് വാലി ചെയർമാൻ പി എം അബൂബക്കർ, മെഡിക്കൽ ഓഫിസർ ഡോ പി എ ഷെരീഫ്, ഡോ മേരി അനിത, വർക്കിങ് കമ്മിറ്റി അംഗങ്ങളായ ജമീർ എം കെ, പി എം അഷ്റഫ്, എം എച് അഫ്‌സൽ എന്നിവരാണ് കുട്ടിയുടെ വീട്ടിലെത്തി ഏറ്റെടുത്തത്. ചികിത്സക്കും പരിചരണത്തിനും ശേഷം കുട്ടിയെ തിരികെ ഏൽപ്പിക്കും. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസും ഒപ്പമുണ്ടായിരുന്നു.