- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിലീവേഴ്സ് ചർച്ചിന്റെ സിനഡിലെ രഹസ്യ അറയിലും കാറുകളുടെ ഡിക്കിയിലും കോടികൾ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് വിവരം ആദായനികുതി വകുപ്പിനെ അറിയിച്ചതാര്? പിൻഗാമി തർക്കം സഭയുടെ നാശത്തിന് തന്നെ വഴി വയ്ക്കുന്നു: സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിക്കിട്ടുള്ള പണി തിരിച്ചടിച്ച് ബിഷപ്പിലേക്ക്; പണം സിജോയുടേതാണെന്ന് സേവ് ബിലീവേഴ്സ് ചർച്ച് ഫോറം: ബിഷപ്പ് കെപി യോഹന്നാന്റെ സഭയെ പ്രതിക്കൂട്ടിലാക്കി ഗ്രൂപ്പിസം
പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ആസ്ഥാനം, മെഡിക്കൽ കോളജ്, മറ്റു ഭദ്രാസനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ആദായ നികുതി വകുപ്പ് കോടികൾ പിടികൂടിയതിന് പിന്നിൽ പിൻഗാമി തർക്കമെന്ന് സൂചന. കോടികളുടെ ആസ്തിയുള്ള സഭയുടെ ധനകാര്യം കൈകാര്യം ചെയ്യുന്ന മൂന്നു പേരെ ലക്ഷ്യമിട്ട് സഭയിലെ തന്നെ മറുപക്ഷമാണ് പണം ഇരിക്കുന്ന സ്ഥലം സഹിതം ആദായ നികുതി വകുപ്പിന് ഒറ്റിയതെന്ന സംശയം പുറത്തു വരുന്നു.
സേവ് ബിലീവേഴ്സ് ഫോറം എന്ന പേരിൽ മാസങ്ങൾക്ക് മുൻപ് രൂപീകരിച്ച സംഘടന ഇന്നലെ പ്രസ് ക്ലബിൽ പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞത് റെയ്ഡിൽ പിടിച്ച പണം സഭയുടേതല്ലെന്നും സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ, അഡ്‌മിനിസ്ട്രേറ്റർ ജേക്കബ് പോത്തൻ, അക്കൗണ്ട്സ് നോക്കുന്ന ഡോ. സിനി പുന്നൂസ് എന്നിവരുടേതാണ് എന്നുമാണ്. ഇവരുടെ പേര് പറഞ്ഞ് ബിഷപ്പ് കെപി യോഹന്നാനെ രക്ഷപ്പെടുത്താനുള്ള നീക്കമാണ് എന്നും തോന്നും വിധമാണ് സേവ് ബിലീവേഴ്സ് ചർച്ച് ഫോറം ഭാരവാഹികൾ പത്രസമ്മേളനത്തിൽ കാര്യങ്ങൾ വിശദീകരിച്ചത്.
10 വർഷം മുൻപ് വരെ ബിലീവേഴ്സ് ചർച്ച് ആസ്ഥാനം നിഗൂഢതകളുടെ കേന്ദ്രമായിരുന്നു. ഉപജാപക വൃന്ദം ബിഷപ്പ് യോഹന്നാനെ സഭാ ആസ്ഥാനത്ത് നിന്ന് പുറത്തിറക്കാതെ ഒരു നിഗൂഢ പരിവേഷം നൽകി പോരുകയായിരുന്നു. വോക്കി ടോക്കി സഹിതം കരിമ്പൂച്ചകൾ ഗേറ്റിന് മുന്നിൽ കാവൽ നിന്നിരുന്നു. ഒരാളെയും സഭയുടെ കേന്ദ്രങ്ങളിലേക്ക് പുറത്ത് നിന്ന് പ്രവേശിപ്പിക്കില്ല. ഈ നിഗൂഢതയുടെ മറവിൽ യോഹന്നാന്റെ സഹായികളും സ്തുതി പാഠകരും കോടികളുടെ വെട്ടിപ്പ് നടത്തി.
ഈ വിവരം ബിഷപ്പ് മനസിലാക്കിയതോടെ എല്ലാവരെയും ചവിട്ടിപ്പുറത്താക്കി. പകരം വന്നവരായിരുന്നു ജേക്കബ് പോത്തൻ, ഫാ. സിജോ പന്തപ്പള്ളിൽ, ഡോ. സിനി പുന്നൂസ് എന്നിവർ. മാധ്യമങ്ങളും പൊതുജനങ്ങളുമായി ഒരു ബന്ധം ഇവർ സ്ഥാപിച്ചെടുത്തു. ബിഷപ്പിനെ പുറത്തിറക്കി. നാട്ടുകാർക്കിടയിലും മറ്റു സഭകളുടെ പരിപാടികളിലും ബിഷപ്പ് പങ്കെടുക്കാൻ തുടങ്ങി. സഭാ ആസ്ഥാനത്ത് ആർക്കു വേണമെങ്കിലും കടന്നു ചെല്ലാവുന്ന അവസ്ഥയായി. പരസ്യവും പണവും നൽകിയിട്ടാണെങ്കിൽ പോലും മാധ്യമങ്ങൾ ബിലീവേഴ്സിന് ഒരു സ്ഥാനം നൽകി തുടങ്ങി.
മെഡിക്കൽ കോളജും മറ്റുമായി പതുക്കെപ്പതുക്കെ സ്വീകാര്യത വന്നതോടെ മൂവർ സംഘം പ്രബലരായി. ബിഷപ്പിനും ഇവരിൽ വിശ്വാസം ജനിച്ചു. ഇതോടെയാണ് പിന്തുടർച്ചാവകാശ തർക്കം ഉടലെടുത്തത് ബിഷപ്പിന്റെ മകൻ, മരുമകൻ എന്നിവർ പൗരോഹിത്യ രംഗത്തുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് പ്രിയം ഫാ. സിജോയോടായിരുന്നു. സഭയിൽ നിന്ന് പണം അടിച്ചു മാറ്റുക എന്ന ലക്ഷ്യത്തോടെ സമീപകാലത്ത് അടുത്തു കൂടിയ ചിലർക്ക് സിജോ വിലങ്ങു തടിയായി. ഇതോടെ മൂവർ സംഘത്തെ പുകയ്ക്കുക എന്ന ലക്ഷ്യമായി ഇവർക്ക്. ഇവരാണ് സേവ് ബിലീവേഴ്സ് ഫോറം രൂപീകരിച്ചത്.
ആദ്യം കേരളാ കോൺഗ്രസി(എം)ൽ നിൽക്കുകയും അവിടെ നിന്ന് യുവമോർച്ചയിലേക്ക് ചാടി ജില്ലാ പ്രസിഡന്റാവുകയും പിന്നീട് സിപിഎമ്മിലേക്ക് മറുകണ്ടം ചാടുകയും ചെയ്ത സിബി സാം തോട്ടത്തിൽ, ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചതിന് കോടതി ശിക്ഷിച്ചതിന് അപ്പീൽ ജാമ്യത്തിൽ നടക്കുന്ന ജോസൺസൺ വി ഇടിക്കുള എന്നിവരുടെ നേതൃത്വത്തിൽ ഫാ. സിജോ അടക്കമുള്ളവർക്കെതിരേ ബിഷപ്പിന്റെ മരുമകനെ മുൻ നിർത്തി പടയൊരുക്കം തുടങ്ങി. ഇതിനിടെ സഭാ സെക്രട്ടറിയായ ബിഷപ്പിന്റെ മരുമകൾ ഫാ. ഡാനിയൽ ജോൺസൺ സിബി സാം തോട്ടത്തിലിനെ നിരണം ഭദ്രാസനത്തിന്റെ പിആർഒ ആക്കി. ഇയാളാകട്ടെ ഫാ. സിജോയെ വെട്ടാനുള്ള പണിയും തുടങ്ങിയിരുന്നു.
ജോൺസനും സിബിയും മറ്റു സഭകളിൽപ്പെട്ടവരായിരുന്നു. ബിലീവേഴ്സിലേക്ക് അടുത്ത കാലത്ത് ചേക്കേറിയതാണ്. തൊട്ടുപിന്നാലെ ഇവർ ഇവിടെ ഭരണം പിടിക്കാനുള്ള ശ്രമവും തുടങ്ങി. ഫാ. സിജോയെ പുകച്ച് പുറത്തു ചാടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവും പിന്നണിയിൽ ഉണ്ടായിരുന്നു. സഭാ സെക്രട്ടറിയുടെ നോമിനി ആയതിനാൽ സിബിയെയും സംഘത്തെയും തൊടാൻ ഫാ. സിജോയ്ക്കും കഴിഞ്ഞില്ല. അങ്ങനെയിരിക്കേ ഈ മാസമാദ്യം സിബി സാം തോട്ടത്തിലിനെ ശമ്പള കുടിശികയും കൊടുത്ത് പിആർഓ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സഭാ കേന്ദ്രങ്ങളിൽ റെയ്ഡും മറ്റും നടന്നത്.
ഇന്നലെ സേവ ബിലീവേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അഡ്വ. സ്റ്റീഫൻ ഐസക്, ജോൺസൺ വി ഇടിക്കുള എന്നിവരാണ് പങ്കെടുത്ത്. സാമ്പത്തിക കാര്യങ്ങൾ സഭാ വക്താവ് എന്തിന് നോക്കുന്നു? സഭാ സെക്രട്ടറിയല്ലേ നോക്കേണ്ടത് എന്നുള്ള ഇവരുടെ ചോദ്യത്തിലാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങൾക്ക് പിന്നിൽ പിൻഗാമി തർക്കമാണെന്ന് വ്യക്തമായത്. ഫാ. ഡാനിയൽ ജോൺസനെ സാമ്പത്തിക കാര്യങ്ങൾ ഏൽപ്പിച്ചില്ല എന്നതാണ് ഇവർ പ്രധാന കുറ്റമായി നിരത്തിയത്. പത്രസമ്മേളനത്തിലുട നീളം സിജോയെ കുറ്റപ്പെടുത്തുകയാണ് ഇവർ ചെയ്തത്.
കുറ്റം മുഴുവൻ സിജോയുടെ തലയിൽ അടിച്ചേൽപ്പിച്ച് ബിഷപ്പ് യോഹന്നാനെ രക്ഷിക്കാനുള്ള നീക്കമായിരുന്നു നടന്നത്. ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള വിദേശഫണ്ട് വിശ്വാസികൾക്കിടയിൽ വിതരണം ചെയ്യണമെന്ന വിചിത്രവാദവും ഇവർ ഉന്നയിച്ചു. ബിഷപ്പിന് ഇതേ കുറിച്ചൊന്നും അറിയില്ല. കള്ളപ്പണം പിടിച്ചതെല്ലാം സിജോയുടേതാണ്. അദ്ദേഹം സ്വന്തക്കാരെ മെഡിക്കൽ കോളജിൽ നിയമിച്ചു. ബെനാമികളെ ഉപയോഗിച്ച് വസ്തു വകകൾ വാരിക്കൂട്ടി, വൈദികർക്ക് ശമ്പളം നൽകാതെ പുകമറ സൃഷ്ടിച്ചു തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു. സഭയെയും മെത്രാപ്പൊലീത്തയെയും സമൂഹത്തിന് മുന്നിൽ അവഹേളിച്ചുവെന്ന ആരോപണമാണ് ഇവർ പ്രധാനമായും ഉന്നയിച്ചത്.
മെത്രാപ്പൊലീത്ത അറിയാതെയാണോ 6000 കോടി സഭയിലേക്ക് വന്നത്? അർക്കിൻസാസിൽ കേസ് വന്നത് ആർക്കെതിരേയായിരുന്നു? ഫാ. സിജോയ്ക്ക് ഇതിനും മാത്രം കള്ളപ്പണം എവിടെ നിന്ന് വന്നു തുടങ്ങിയ ചോദ്യങ്ങൾ കൂടി ഉയർന്നതോടെ സേവ് ഫോറം ഭാരവാഹികൾ വെള്ളം കുടിച്ചു. മെത്രാപ്പൊലീത്തയെ ഭീഷണിപ്പെടുത്തി അഴിമതി നടത്തുന്നുവെന്നും മെത്രാപ്പൊലീത്ത കുറ്റക്കാരനാണെങ്കിൽ അന്വേഷണം നടത്തി കണ്ടെത്തട്ടേ എന്നും പറഞ്ഞ് അവസാനം ഭാരവാഹികൾ തലയൂരുകയായിരുന്നു.
അന്വേഷണം പൂർത്തിയാകുന്നതിന് പിന്നാലെ തങ്ങൾ ചില വിവരങ്ങൾ കൂടി പുറത്തു വിടുമെന്നും ചില രാഷ്ട്രീയക്കാരെ വിദേശത്തുകൊണ്ടു പോയി ചികിൽസിച്ചതിന്റെ വിശദാംശങ്ങൾ ഉടനെ പുറത്തു വിടുമെന്നും ഭാരവാഹികൾ പറഞ്ഞു. കാറിൽ നിന്ന് പിടികൂടിയ പണം മെഡിക്കൽ കോളജ് പ്രവേശനത്തിന് എൻആർഐകളിൽ നിന്നും വാങ്ങിയ ഡോണേഷൻ ആണെന്നും ഇതിനിടെ പറയപ്പെടുന്നു. റെയ്ഡ് ഉണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞ് കാറുകളിൽ ഒളിപ്പിക്കുകയായിരുന്നുവത്രേ.
മറുനാടന് മലയാളി ബ്യൂറോ