- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദച്ചാമിക്കും നാളെ ശിക്ഷ ഇളവും പൗര സ്വീകരണവും കിട്ടുമോ! ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് ചട്ട ലംഘനം; പുറത്തിറങ്ങിയ 11 പ്രതികൾക്കും ലഭിക്കുന്നത് വൻ പൗരസ്വീകരണം; ബലാത്സംഗികളുടെ കാൽതൊട്ട് വന്ദിച്ച് ജനം; ഗുജറാത്തിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്തകൾ
അഹമ്മദാബാദ്: മൂന്നുമാസം ഗർഭിണിയായ 21 കാരിയെ സ്വന്തം കുടുംബത്തിന്റെ മുന്നിലിട്ട് മാറിമാറി കൂട്ട ബലാത്സഗം ചെയ്യുക. എന്നിട്ട് അവളുടെ കുടുംബാംഗങ്ങളെ ഒന്നൊന്നായി വെട്ടിയും തീയിട്ടും കൊല്ലുക. നിരവധി പേർ റേപ്പ് ചെയ്തതിന് ശേഷം അവളെയും വെട്ടി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുക. മരിച്ചുവെന്ന് കരുതി കലാപാകാരികൾ ഉപേക്ഷിച്ചിടത്തുനിന്ന് പക്ഷേ അവൾ ജീവിച്ചു. ആ സ്ത്രീയാണ് ബിൽക്കീസ് ബാനു. 2002ലെ ഗുജറാത്ത് കലാപത്തിലെ ജീവിക്കുന്ന രക്തസാക്ഷി. ലക്ഷങ്ങളുടെ വാഗ്ദാനങ്ങളിലും ജീവനെടുക്കുമെന്ന ഭീഷണിയിലും അവൾ വഴങ്ങിയില്ല. ബിൽക്കീസും ഭർത്താവ്, യാക്കൂബ് റസൽഖാനും കേസിൽ ഉറച്ചു നിന്നു. നീണ്ട നിയമപേരാട്ടത്തിന് ഒടുവിൽ പ്രതികൾ ശിക്ഷക്കപ്പെട്ടു. പക്ഷേ ഇപ്പോഴിതാ ഈ നരാധമന്മാർക്ക് ഇളവുകൊടുത്തതിന്റെ വാർത്തകളാണ് ഗുജറാത്തിൽ നിന്ന് പുറത്തുവരുന്നത്.
ഈ പ്രതികൾക്ക് ആവട്ടെ ഞെട്ടിക്കുന്ന പൗര സ്വീകരണമാണ് ലഭിക്കുന്നത്. ലഡു വിതരണം ചെയ്താണ് പലയിടത്തും പ്രതികളെ സ്വീകരിക്കുന്നത്. വലിയ പോരാളികളെപ്പോലെ പ്രതികളുടെ കാൽതൊട്ട് വന്ദിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് എത്രമാത്രം വംശീയമായി വിഭജിക്കപ്പെട്ടുവെന്നതന്റെ സൂചനയാണ് ഈ സംഭവം നൽകുന്നത്. മാത്രമല്ല എല്ലാവിധ ചട്ടങ്ങളും ലംഘിച്ചാണ്, ബിൽക്കീസ് കേസിലെ പ്രതികൾക്ക് ജാമ്യം നൽകിയത് എന്ന വാർത്തയും ഇപ്പോൾ പുറത്തുവരുന്നുണ്ട്.
നാളെ ഗോവിന്ദച്ചാമി പുറത്തിറങ്ങുമോ?
ബിൽക്കീസ് ബാനു കേസിൽ 11 കുറ്റവാളികളെ ശിക്ഷ തീരും മുമ്പേ ജയിലിൽനിന്ന് വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ സുപ്രധാന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്ന് നിയമവിദഗ്ധരും സാംസ്കാരിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. ബലാത്സംഗ കേസിലെ കുറ്റവാളികളുടെയോ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ടവരുടെയോ തടങ്കൽ കാലാവധി കുറച്ചുകൊടുക്കാൻ പാടില്ലെന്നാണ് ചട്ടം. 'ആസാദി കാ അമൃത് മഹോത്സവ്' ആയി ആഘോഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക വേളയിൽ അർഹരായ തടവുകാരുടെ ശിക്ഷ കാലാവധി ഇളവുചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദ്ദേശം നൽകിയതിന്റെ ചുവടുപിടച്ചാണ് ഇവരെ ഗുജറാത്തിലെ ബിജെപി സർക്കാർ രക്ഷിച്ചെടുത്തത്.
ജീവപര്യന്ത തടവുകാരെയും ബലാൽത്സംഗ കുറ്റവാളികളെയും ശിക്ഷ ഇളവിന് പരിഗണിക്കരുതെന്ന് ഈ മാർഗനിർദ്ദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. നല്ല നടപ്പുകാർ, പ്രായം ചെന്നവർ തുടങ്ങി ദയ അർഹിക്കുന്നവരെ മാത്രമാണ് പരിഗണിക്കേണ്ടത്. 14 വർഷമായി ജയിലിൽ കഴിയുന്ന കുറ്റവാളികളിൽ ഒരാൾ നൽകിയ അപേക്ഷയിൽ സുപ്രീംകോടതി നൽകിയ ഉപദേശം പ്രയോജനപ്പെടുത്തിയാണ് 11 പേരെയും ബിജെപി സർക്കാർ മോചിപ്പിച്ചത്. കോടതി പറഞ്ഞത് ഇവരെ മോചിപ്പിക്കണമെന്നല്ല. അപേക്ഷ സംസ്ഥാന സർക്കാർ പരിശോധിച്ച് യുക്തമായ തീരുമാനം എടുക്കണമെന്നു മാത്രമായിരുന്നു. ഈ മാനദണ്ഡം വെച്ച് നാളെ ഗോവിന്ദച്ചാമിക്ക് ഇളവു നിൽകിയാലും ഒന്നും പറയാൻ കഴിയില്ല.
പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭാ ഗുപ്തയും രംഗത്തെത്തിയിരുന്നു. കൊലപാതകത്തിനും ബലാത്സംഗത്തിനും ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളും ഇനി ശിക്ഷയിളവിന് അപേക്ഷിക്കുമെന്ന് അവർ പറഞ്ഞു. കുറ്റകൃത്യത്തിന്റെ മൊത്തത്തിലുള്ള ഗൗരവം പരിശോധിക്കാതെയാണ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
എല്ലാ പീഡനക്കേസ് പ്രതികളും 14 വർഷത്തെ തടവിനു ശേഷം ഇനി മോചനത്തിന് അപേക്ഷിക്കുമെന്നാണ് തോന്നുന്നത്. ഈ കേസിൽ പ്രതികളെ വിട്ടയച്ച സാഹചര്യത്തിൽ മറ്റു പീഡനക്കേസ് പ്രതികൾക്കും മോചനം ആവശ്യപ്പെടുന്നതിന് എന്താണ് തടസമെന്ന് ശോഭാ ഗുപ്ത ചോദിച്ചു. പ്രതികളെ വിട്ടയച്ച തീരുമാനം നിയമപരമായി ശരിയല്ലെന്നും കുറ്റവാളികളെ വിട്ടയ്ക്കുന്ന 1992ലെ നയം ഇപ്പോൾ നിലവിലില്ലെന്നും അവർ പറഞ്ഞു. ഇതേകാര്യമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ചൂണ്ടിക്കാട്ടുന്നത്.
ബിൽക്കീസിന് ജോലിയും വീടും നൽകിയില്ല
കുറ്റവാളികളോട് ഇത്രയും അധികം ഔദാര്യത്തോടെ, പെരുമാറുന്ന ഗുജറാത്തിലെ ബിജെപി സർക്കാറിന് പക്ഷേ, ബിൽക്കീസിനോട് ഇന്നും അവഗണനയാണ്. കേസിലെ സുപ്രീം കോടതി നിർദ്ദേശം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണമായി നടപ്പാക്കിയിട്ടില്ല. സുപ്രീം കോടതി പറഞ്ഞ 50 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടാൻ ബിൽക്കീസിന് പതിനെട്ട് അടവും പയറ്റേണ്ടി വന്നു. പക്ഷേ ബിൽക്കീസിന് സർക്കാർ ജോലി നൽകണമെന്നും വീട് നിർമ്മിച്ചു നൽകണമെന്നുമുള്ള സുപ്രീംകോടതി നിർദ്ദേശം ഗുജറാത്ത് സർക്കാർ ഇനിയും നടപ്പാക്കിയിട്ടില്ല. കേസിന്റെ വിചാരണ സുപ്രീംകോടതി നിർദ്ദേശ പ്രകാരം ഗുജറാത്തിന് പുറത്ത് മുംബൈയിലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഭാഗികമായെങ്കിലും നീതി ലഭിച്ചത്.
ഇന്നും ഭയന്നാണ് ഇവരുടെ ജീവിതം. ബിൽക്കീസ് ബാനു, ഭർത്താവ് യാക്കൂബ് റസൂൽ, അഞ്ച് മക്കൾ എന്നിവർ ഇപ്പോഴും ഒളിവു ജീവിതത്തിലാണ്. അവർക്ക് പലേടത്തേക്കും മാറിത്താമസിക്കേണ്ടി വരുന്നു. വാദികൾ അകത്തേക്കും പ്രതികൾ പുറത്തേക്കും എന്ന രീതിയിലാണ് ഇന്ന് ഗുജറാത്ത് വംശഹത്യ കേസുകളുടെ ഗതിമാറ്റം. ഡിജിപി വൻസാര അടക്കം ഒരുപറ്റം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ നേരത്തേ ജയിൽ മോചിതരായിരുന്നു. അതേസമയം, ഇരകൾക്കുവേണ്ടി ശബ്ദിച്ച ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് തുടങ്ങിയവർ ജയിലിലാണ്.
'അവർ ബ്രാഹ്മണർ നല്ല സംസ്‌ക്കാരം ഉള്ളവർ'
അതേസമയം പുറത്തിറങ്ങിയ ബലാൽസംഗികൾക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. പലരും ഇവരെ പരസ്യമായി ന്യായീകരിക്കയാണ്. ബിജെപി ഗുജറാത്ത് എംഎൽഎ സി കെ റൗൾജി പറയുന്നത്, ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾ ബ്രാഹ്മണരാണെന്നും അവർ നല്ല സംസ്‌കാരമുള്ളവരാണെന്നുമാണ്. കുറ്റക്കാരെ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ച ഗുജറാത്ത് സർക്കാർ പാനലിലെ രണ്ട് ബിജെപി നേതാക്കളിൽ ഒരാളായിരുന്നു സികെ റൗൾജി.
'അവർ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അവർ ബ്രാഹ്മണരായിരുന്നു, ബ്രാഹ്മണർ നല്ല സംസ്‌കാരമുള്ളവരാണെന്ന് അറിയപ്പെടുന്നു. അവരെ മൂലക്കിരുത്തി ശിക്ഷിക്കുക എന്നത് ആരുടെയെങ്കിലും ദുരുദ്ദേശമായിരിക്കാം' അദ്ദേഹം കൂട്ടിച്ചേർത്തു. 'അവരെ വെറുതേവിട്ടതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധമുണ്ട്, എന്നാൽ ജയിലിൽ കഴിയുമ്പോൾ പ്രതികൾ നല്ല പെരുമാറ്റക്കാരായിരുന്നു'- അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബിൽക്കിസ് ബാനു കേസിലെ ബലാൽസംഗികളെ ജയിൽ മോചിതരാക്കിയെന്നത് ശ്രദ്ധേയമാണ്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികൾ ശക്തമായി രംഗത്ത് എത്തിയിട്ടുണ്ട
പ്രതിഷേധവുമായി പ്രതിപക്ഷം
വനിത ശാക്തീകരണത്തെക്കുറിച്ച് ചുവപ്പുകോട്ടയിൽ മോദി നടത്തിയ വായ്ത്താരിയും ബിൽകീസ് ബാനു കേസിലെ കൊടിയ അനീതിയും തമ്മിലുള്ള അന്തരം കോൺഗ്രസ് ഉയർത്തിക്കാട്ടി.ഏതൊരു ശിക്ഷയും പോരെന്ന് കരുതുന്ന കുറ്റകൃത്യമാണ് ബലാൽസംഗമെന്നിരിക്കേ, ശിക്ഷാ കാലാവധി ഇളവുചെയ്യുന്നതെങ്ങനെയാണെന്ന് പാർട്ടി വക്താവ് പവൻ ഖേര ചോദിച്ചു. ബലാത്സംഗ കുറ്റവാളികളെ ഇറക്കിവിടുക മാത്രമല്ല, അവരെ ആദരിക്കുക കൂടി ചെയ്തു. ഇതാണോ അമൃത മഹോത്സവം സിപിഎം, ആർ.ജെ.ഡി, ബി.എസ്‌പി, തൃണമൂൽ കോൺഗ്രസ്, എ.ഐ.എം.ഐ.എം തുടങ്ങി വിവിധ പ്രതിപക്ഷ പാർട്ടികളും അപലപിച്ചു. പുതിയ ഇന്ത്യയുടെ യഥാർഥ മുഖമാണിതെന്ന് സിപിഎം കുറ്റപ്പെടുത്തി. ബലാത്സംഗ കുറ്റവാളികൾ പുറത്ത്, സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദ് അകത്ത്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ബിജെപി രൂപമാണ് ഗുജറാത്തിലേതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞു.
നടപടിക്കെതിരെ സംയുക്ത പ്രസ്താവനയുമായി മനുഷ്യാവകാശ പ്രവർത്തകരും ചരിത്രകാരന്മാരും ബ്യൂറോക്രാറ്റുകളുമുൾപ്പെടുള്ള പ്രമുഖരടങ്ങുന്ന 6000ലേറെ വ്യക്തികൾ രംഗത്തെത്തി. പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ഇവർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സഹേലി വുമൺസ് റിസോഴ്സ് സെന്റർ, ഗമന മഹിള സമൂഹ, ബെബാക് കലക്ടീവ്, ആൾ ഇന്ത്യ പ്രോഗസീവ് വുമൺസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്.
'നാം സ്വാതന്ത്ര്യം ആഘോഷിക്കുകയും സ്വാതന്ത്ര്യദിനത്തിൽ അഭിമാനം കൊള്ളുകയും ചെയ്യേണ്ട ദിവസം ഇന്ത്യയിലെ സ്ത്രീകൾ കണ്ടത് കൂട്ടബലാത്സംഗ- കൂട്ടക്കൊല കേസ് പ്രതികളെ നേരത്തെ വിട്ടയച്ച ഒരു സർക്കാരിന്റെ നടപടിയാണ് എന്നത് ഞങ്ങളെ നാണിപ്പിക്കുന്നു'- സംയുക്ത പ്രസ്താവനയിൽ പറയുന്നു. ടഈ വിട്ടയക്കൽ നടപടി അധാർമികവും മനഃസാക്ഷിക്ക് വിരുദ്ധവുമാണെന്ന് മാത്രമല്ല, കേന്ദ്ര സർക്കാർ പുറത്തിറക്കിയ പ്രതികളെ വിട്ടയക്കൽ നയങ്ങളുടേയും മാർഗനിർദ്ദേശങ്ങളുടേയും നഗ്നമായ ലംഘനം കൂടിയാണ്'- എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ബിൽക്കീസ് കേസിൽ വിധി പ്രഖ്യാപിച്ച ജഡ്ജി, യു ഡി സൽവി കുട്ടബലാത്സഗക്കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ചതിനെതിരെ രംഗത്ത് എത്തിയിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ