വാഷിങ്ടൺ ഡിസി: വലിയ വിവാദങ്ങൾക്കും നീണ്ട കാത്തിരിപ്പിനും ശേഷം പ്രസിഡന്റ് ബൈഡൻ കൊണ്ടുവന്ന 1.9 ട്രില്യൻ ഡോളറിന്റെ കൊറോണ വൈറസ് റിലീഫ് ബില്ല് സെനറ്റിൽ ചർച്ച തുടരുന്നതിന് അനുമതി ലഭിച്ചു.

ബിൽ ചർച്ചയ്‌ക്കെടുക്കണമോ എന്ന വിഷയത്തിൽ വോട്ടെടുപ്പു നടന്നപ്പോൾ ഇരുപാർട്ടികളിലേയും അംഗങ്ങളുടെ എണ്ണം 50-50 എന്ന നിലയിലായിരുന്നു. ഇതിനെ തുടർന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിങ് വോട്ടാണ് ബില്ലിന് രക്ഷയായത്. ബില്ലിന്റെ വിശദചർച്ചകൾ ഇനി സെനറ്റിൽ നടക്കും. ബജറ്റ് റിക്കൺസിലിയേഷൻ നടപടി പൂർത്തിയായതിനാൽ കേവല ഭൂരിപക്ഷം മാത്രം മതിയായിരുന്നു ബില്ല് ചർച്ചയ്‌ക്കെടുക്കുന്നതിന്.

വിസ്‌കോൺസണിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസൻ 628 പേജ് വരുന്ന ബില്ല് മുഴുവനായും സെനറ്റ് ക്ലാർക്ക് വായിക്കണമെന്ന് നിർബന്ധിച്ചു. ഇതോടെ ചർച്ചക്കനുവദിച്ച 20 മണിക്കൂറിനോടൊപ്പം 10 മണിക്കൂർ കൂടി അനുവദിച്ചു. സെനറ്റ് മെജോറട്ടി ലീഡർ ചക്ക് ഷുമ്മറുടെ ഉറച്ച നിലപാടാണ് ഇന്നു തന്നെ ബില്ല് ചർച്ചയ്‌ക്കെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതിനു വഴി തെളിയിച്ചത്.

ബിൽ ചർച്ചയ്‌ക്കെടുക്കുന്നത് പരമാവധി താമസിപ്പിക്കുക എന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ അജണ്ടയാണ് കമല ഹാരിസിന്റെ വോട്ടോടെ പരാജയപ്പെട്ടത്. വരും ദിവസങ്ങളിൽ 1.9 ട്രില്യൻ ഡോളറിന്റെ പാക്കേജ് പൂർണമായി സെനറ്റ് അംഗീകരിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടി വരും.