ന്യൂഡൽഹി: ഭാര്യയെ ഉപേക്ഷിച്ചു കടക്കുന്ന പ്രവാസികൾക്ക് എട്ടിന്റെ പണി വരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടി എടുക്കാനുള്ള നടപടികളുമായ മുന്നോട്ടു പോകാനാണ് തീരുമാനം. ഇതിനടായി പ്രവാസികൾക്കെതിരെ കർശന നടപടി വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇത്തരക്കാരായ 25 പേരുടെ പാസ്‌പോർട്ട് ഇതിനകം റദ്ദാക്കി.

ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇരയാക്കപ്പെട്ട ഏതാനും സ്ത്രീകൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമപരവും സാമ്പത്തികവുമായ സഹായം നൽകാൻ നടപടി വേണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ മറുപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ 13ന് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ചിരുന്നു.

പ്രവാസികൾക്കെതിരായ വാറണ്ടുകൾ അടങ്ുന്ന പോർട്ടര് തയ്യാറാക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പോർട്ടൽ തയ്യാറാക്കുന്നത് സംബന്ധിച്ച് ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. പോർട്ടൽവഴി പുറപ്പെടുവിക്കുന്ന സമൻസുകൾക്കും വാറണ്ടുകൾക്കും നിയമസാധുത ലഭിക്കണമെങ്കിൽ ഇതാവശ്യമാണ്. ഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ പാസാകുമെന്നാണ് കരുതുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

നിയമ മന്ത്രാലയം, നിയമനിർമ്മാണ സഭ, ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുക്ഷേമ മന്ത്രാലയം എന്നിവ പോർട്ടൽ രൂപവത്കരണമെന്ന ആശയത്തോടു യോജിപ്പു പ്രകടിപ്പിച്ചതായും മന്ത്രി സുഷമ പറഞ്ഞു. വിവാഹശേഷം പ്രവാസി ഭർത്താക്കന്മാർ കടന്നുകളയുന്ന പ്രവണതയെയും വിവാഹശേഷം വിദേശരാജ്യത്തുവച്ച് ഭാര്യയെ മാനസികവും ശാരീരികവുമായി ഉപദ്രവിക്കുന്ന രീതിയും ഇല്ലാതാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം എൻ ആർ ഐ ഭർത്താക്കന്മാർ ഉപേക്ഷിച്ചെന്ന പരാതിയുമായി 3328 സ്ത്രീകളാണ് 2015 ജനുവരി മുതൽ നവംബർ 2017 വരെ അധികൃതരെ സമീപിച്ചിട്ടുള്ളത്.