ബില്ല് സ്ത്രീകളെ അടുക്കളയിൽ തളച്ചിടാൻ മാത്രമെ ഉപകരിക്കുവെന്ന് കെ കെ രമ; സ്ത്രീകൾക്കായി പ്രത്യേക ക്ഷേമനിധി ബോർഡിന്റെ ആവശ്യമില്ലെന്ന് വീണ ജോർജ്ജ് ; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് വേണമെന്ന കൊണ്ടോട്ടി എം എൽ എ യുടെ ബില്ലിനെതിരെ വനിത അംഗങ്ങൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം; വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ബില്ലിനെ എതിർത്ത് നിയമസഭയിലെ വനിതാ അംഗങ്ങൾ. ആരോഗ്യ മന്ത്രി വീണ ജോർജ്ജും വടകര എംഎൽഎ കെ കെ രമയുമാണ് ബില്ലിനെ എതിർത്തത്. വനിതകൾക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം ആയിരുന്നു നിയമസഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചത്.
ഹരിതയും ലിംഗനീതി രാഷ്ട്രീയവുമെല്ലാം സജീവ ചർച്ചയായിരിക്കെയാണ് ലീഗ് നേതാവ് കൂടിയായ ടിവി ഇബ്രാഹിം വീട്ടമ്മമാർക്കായി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സ്വകാര്യബിൽ അവതരിപ്പിച്ചത്. തൊഴിലില്ലാത്ത വീട്ടമ്മാരുടെ സുരക്ഷക്കും ചികിത്സയ്ക്കുമൊപ്പം വരുമാനം കൂടി ഉറപ്പാക്കണമെന്നാവശ്യപ്പട്ടുള്ള ബില്ലിന് പക്ഷേ സഭയിലെ വനിതാ അംഗങ്ങളിൽ നിന്ന് പിന്തുണ കിട്ടിയില്ലെന്നു മാത്രമല്ല കടുത്ത വിമർശനവും ഏൽക്കേണ്ടി വന്നു.
വടകര എംഎൽഎ കെകെ രമയാണ് ബില്ലിനെതിരെ കടുത്ത വിമർശനം ഉയർത്തിയത്. സ്ത്രീകളെ അടുക്കളയിൽ തളച്ചിടാൻ മാത്രമെ ബിൽ ഉപകരിക്കൂ എന്നായിരുന്നു രമയുടെ വിമർശനം. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജ്ജും രമയുടെ നിലപാടിന് പിന്തുണ നൽകി. നിലവിലെ സാഹചര്യത്തിൽ സ്ത്രീകൾക്കായി പ്രത്യേക ക്ഷേമനിധി ബോർഡിന്റെ ആവശ്യമില്ലെന്ന് വീണ ജോർജ്ജ് പറഞ്ഞു.
എന്നാൽ വീട്ടമ്മമാരുടെ ജോലിയൂടെ മൂല്യം തിട്ടപ്പെടുത്താനാവില്ലെന്നും അവർക്ക് പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെയാണ് താൻ ബിൽ അവതരിപ്പിച്ചതെന്നും ടിവി ഇബ്രാഹിം വിശദീകരിച്ചു. ബില്ലിന്മേൽ അടുത്ത വെള്ളിയാഴ്ച നടക്കും. വീട്ടമ്മമാർക്ക് പെൻഷനും പരിഗണനയുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നിലനിൽക്കെ ബില്ലിന്മേൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ