ടൊറന്റോ: ഗുരുതര രോഗം ബാധിച്ചവർക്ക് ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കുന്നതിന് അനുമതി നൽകുന്ന ബിൽ പാർലമെന്റിൽ പാസായി. രോഗം വന്ന് മരണം ഉറപ്പായ രോഗികൾക്ക് മരിക്കുന്നതിന് സഹായം ചെയ്തു കൊടുക്കാൻ ഡോക്ടർമാരെ സുപ്രീം കോടതി തടഞ്ഞതിനെ തുടർന്നാണ് ഇത്തരത്തിലൊരു ബിൽ പാസാക്കാൻ സഹാചര്യമൊരുക്കിയത്.

ഭേദപ്പെടാനാവാത്ത രോഗം ബാധിച്ച രോഗികൾക്ക് മരിക്കുന്നതിന് സഹായം ചെയ്തു കൊടുക്കുന്നത് അനുവദിച്ചുകൊണ്ട് ഏതാനും ചില രാജ്യങ്ങളിൽ നിയമം നിലനിൽക്കുന്നുണ്ട്. സ്വിറ്റ്‌സർലണ്ട്, അൽബേനിയ, കൊളംബിയ, ജപ്പാൻ, നെതർലാൻഡ്‌സ് എന്നിവിടങ്ങളിലാണ് അസിസ്റ്റഡ് സൂയിസൈഡ് നിയമാസൃതം ആക്കിയിട്ടുള്ളത്. കൂടാതെ അമേരിക്കൻ സംസ്ഥാനങ്ങളായ വാഷിങ്ടൺ, കാലിഫോർണിയ, വെർമോണ്ട്, ന്യൂ മെക്‌സിക്കോ, ഓറിഗോൺ എന്നിവിടങ്ങളിലും ഇത് നിയമാനുസൃതമാണ്.

അതേസമയം നിയമം ദുരുപയോഗപ്പെടാൻ സാധ്യതയുണ്ടെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വ്യക്തികളുടെ സ്വകാര്യ താത്പര്യം സംരക്ഷിക്കുന്നതാണ് ബിൽ എന്നും ജീവിതത്തിലേക്ക് തിരിച്ചുവരികയില്ലെന്ന് ബോധ്യപ്പെടുന്ന രോഗികൾക്ക് മരണം വരിക്കാൻ സാഹചര്യമൊരുക്കുന്നത് കുറ്റപ്പെടുത്താനാവില്ലെന്നും ചില സെനറ്റർമാർ ചൂണ്ടിക്കാട്ടി.