ന്യൂഡൽഹി: സിബിഐ ഡയറക്ടറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കി. കോൺഗ്രസിന്റെ ശക്തമായ എതിർപ്പിനിടെയാണ് ഭേദഗതി പാസാക്കിയത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാണ് ഇതുവരെ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങൾ. എന്നാൽ ലോക്സഭയിൽ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യത്തിലാണ് നിയമ ഭേദഗതി കൊണ്ടു വരാൻ തീരുമാനിച്ചത്.

പുതിയ ഭേദഗതി പ്രകാരം സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ കമ്മിറ്റിയിൽ പ്രധാനമന്ത്രിയേയും ചീഫ് ജസ്റ്റിസിനെയും കൂടാതെ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാർട്ടിയിലെ നേതാവും അംഗങ്ങമായിരിക്കും. കമ്മിറ്റിയിലെ അംഗങ്ങളിൽ ആരുടെയെങ്കിലും അഭാവമുണ്ടായാലും സമിതി തീരുമാനത്തിന് സാധുതയുണ്ടാകും.

സിബിഐ ഡയറക്ടറുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ ഭേഗഗതി കൊണ്ടുവരുന്നതെന്ന് ഡൽഹി സ്‌പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് (അമെന്റ്‌മെന്റ്) ബില്ല് സഭയിൽ അവതരിപ്പിച്ച് പേഴ്‌സണൽ മന്ത്രാലയ മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. നിലവിലുള്ള സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹയുടെ കാലാവധി ഡിസംബർ രണ്ടിന് അവസാനിക്കും. അതേ സമയം ബില്ല് ജനാധിപത്യത്തിന് എതിരാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിന്നും ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇതെന്നും നേതാക്കൾ ആരോപിച്ചു.