സിഡ്‌നി: വിക്ടോറിയ, ടാസ്മാനിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളിലെ പോലെ ന്യൂ സൗത്ത് വേൽസിലും ഗർഭഛിദ്രം കുറ്റകരമല്ലാതാക്കാൻ നിയമനിർമ്മാണം നടന്നേക്കും. ഗർഭഛിദ്രം കുറ്റകരമാണെന്ന നിയമം നീക്കം ചെയ്യുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. ഗ്രീൻസ് എംപി മെഹ്‌റീൻ ഫറൂഖിയാണ് ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ മുൻകൈയെടുത്തത്. കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് ഗർഭഛിദ്രത്തെ ഒഴിവാക്കുന്നതിനാണ് ഫറൂഖി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

ബിൽ അവതരണത്തെ തുടർന്ന് ഫറൂഖിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്. അബോർഷൻ നിയമവിധേയമാക്കേണ്ട കാലം കഴിഞ്ഞുവെന്നും അബോർഷൻ സർവീസ് പ്രൊവൈഡർമാരുടേയും ക്ലിനിക്കുകളുടേയും സമീപം പ്രൈവസി സോൺ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞുകൊണ്ട് നിരവധി ലോ, ക്രിമിനോളജി അക്കാഡമിക്കുകൾ രംഗത്തെത്തി. ഗർഭഛിദ്രം കുറ്റകൃത്യമായി പരിഗണിക്കേണ്ടത് ഒഴിവാക്കണമെന്നും ഡോക്ടർമാരും മറ്റുള്ളവരും ഗർഭഛിദ്രം തെരഞ്ഞെടുക്കുമ്പോൾ അവർ എങ്ങനെ കുറ്റവാളികളാകുമെന്നും ഫറൂഖി ചോദിച്ചു.

നിലവിൽ ന്യൂ സൗത്ത് വേൽസും ക്വീൻസ് ലാൻഡുമാണ് ഗർഭഛിദ്രം കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാത്ത രണ്ടു സംസ്ഥാനങ്ങൾ. തനിക്ക് പിന്തുണ നൽകിക്കൊണ്ട് നിയമരംഗത്തുള്ളവർ തന്നെ എത്തുന്നത് ഏറെ സന്തോഷകരമാണെന്നും ഫറൂഖി വ്യക്തമാക്കി. ഒരു സ്ത്രീയുടെ മാനസികവും ശാരീരികവുമായ നില അപകടത്തിലാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയാൽ മാത്രമാണ് ഇപ്പോൾ ന്യൂ സൗത്ത് വേൽസിൽ ഗർഭഛിദ്രത്തിന് അനുമതി ലഭിക്കുകയുള്ളൂ.