തിരുവനന്തപുരം: ചിറയിൻകീഴ് കടയ്ക്കാവൂരിൽ രണ്ടുമാസം മുൻപു കാൽവഴുതി കിണറ്റിൽ വീണു മരിച്ച യുവാവിന്റെ ഭാര്യയും മകളും അതേ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ ദുരൂഹതകൾ വേണ്ടെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലയ്ക്കാമുക്ക് ശാസ്താംനട ക്ഷേത്രത്തിനു സമീപം വാണിയൻവിള വീട്ടിൽ പ്രവീണിന്റെ ഭാര്യ ബിന്ദു(35) ഏകമകൾ ദേവയാനി (8) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ മരണത്തെത്തുടർന്ന് വിഷാദത്തിലായ ബിന്ദു മകളുമൊത്ത് ജീവനൊടുക്കിയെന്നാണ് വിലയിരുത്തൽ.

സ്വകാര്യ കമ്പനിയിൽ സെയിൽസ് വിഭാഗം മാനേജരായിരുന്ന പ്രവീൺ(36) പിന്നീടു നിലയ്ക്കാമുക്കിൽ സുഹൃത്തുക്കളുമായി ചേർന്നു മെഡിക്കൽ സ്റ്റോർ നടത്തുകയായിരുന്നു. കിഴുവിലം കൊച്ചാലുംമൂട് പുതുവൽവിള വീട്ടിൽ ഗോപി-വിജയകുമാരി ദമ്പതികളുടെ മകനാണ് പ്രവീൺ. തദ്ദേശഭരണ വകുപ്പിൽ ക്ലാർക്കായിരുന്ന ബിന്ദു ഇപ്പോൾ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരം വഞ്ചിയൂർ കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമനിധി ബോർഡിൽ ജോലി ചെയ്യുകയാണ്. ദേവയാനി വക്കം ശിവഗിരി വിദ്യാനികേതൻ സ്‌കൂൾ വിദ്യാർത്ഥിനിയും.

ഇരുവരെയും വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ ആറരയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ബിന്ദുവിന്റെ ഭർത്താവ് പ്രവീൺ ഇക്കഴിഞ്ഞ മാർച്ച് 31ന് വീടിന് സമീപത്തുള്ള ഇവരുടെ പുരയിടത്തിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയിരുന്നു. സ്വകാര്യ ബാങ്ക് ജീവനക്കാരനായിരുന്ന പ്രവീൺ പിന്നീട് ആറ്റിങ്ങൽ വഞ്ചിയൂരിൽ മെഡിക്കൽ ഷോപ്പ് ആരംഭിച്ചിരുന്നു. സാമ്പത്തിക ബാദ്ധ്യതകളെ തുടർന്നാണ് ആത്മഹത്യചെയ്തതെന്നാണ് വിവരം.

പ്രവീണിന്റെ മരണവും സാമ്പത്തിക ബാദ്ധ്യതകളും ബിന്ദുവിനെ അലട്ടിയിരുന്നു. കടയ്ക്കാവൂർ പൊലീസും വർക്കല ഫയർഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. ക്ഷേത്രത്തിന് സമീപമുള്ള സി.സി ടിവി ദൃശ്യങ്ങളിൽ രാത്രി പത്തരയോടെ ഇവർ പോകുന്നതായി കാണാൻ കഴിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാക്കുറിപ്പോ മറ്റ് തെളിവുകളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

ബിന്ദുവിന്റെ ഫോൺ പൊലീസ് പരിശോധിക്കുകയാണ്. സഹപ്രവർത്തകർ, അയൽവാസികൾ , ബന്ധുക്കൾ എന്നിവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണന്ന് പൊലീസ് പറഞ്ഞു.