തിരുവനന്തപുരം: കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഉമ്മൻ ചാണ്ടിയുടെ ഭാര്യ തന്നെ ശകാരിച്ച് ഇറക്കിവിട്ടെന്ന ദേശാഭിമാനി വാർത്തയ്‌ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി മഹിള കോൺഗ്രസ് അധ്യക്ഷയും കൊല്ലം ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ. ഫേസ്‌ബുക്കിലാണ് ദേശാഭിമാനി വാർത്തയ്‌ക്കെതിരെ ബിന്ദു കൃഷ്ണ ആഞ്ഞടിച്ചിരിക്കുന്നത്. ശൂന്യതയിൽ നിന്നാണ് സി.പി.എം മുഖപത്രമായ ദേശാഭിമാനി വാർത്ത സൃഷ്ഠിക്കുന്നതെന്ന ഗുരുതര വിമർശനമാണ് അവർ ഉന്നയിച്ചിരിക്കുന്നത്.

ബിന്ദുകൃഷ്ണയുടെ ഫെയ്‌സബക്ക് പോസ്റ്റ് ചുവടെ:

ഈ പത്രം ദേശാഭിമാനി. നേരറിയാൻ ഒരു കോടിയും നേരത്തെ അറിയാൻ ബഹുകോടികളും വാങ്ങുന്നുവെന്ന് കേരളം മനസ്സിലാക്കിയ, രാഷ്ട്രീയ എതിരാളികൾക്കെതിരെ പെരും നുണകൾ മാത്രം പടച്ച് വിടുന്ന പത്രം. ഈ പത്രത്തിൽ കോൺഗ്രസുകാർക്ക് എതിരായിട്ട് സത്യമുള്ള ഒരു വാർത്ത വരുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ലെല്ലോ. ഇതു വരെയുള്ള അനുഭവം അതാണ് നമ്മെ പഠിപ്പിക്കുന്നത്.

അതു കൊണ്ട് തന്നെ ദേശാഭിമാനിയിൽ വന്ന ഈ വാർത്തയ്ക്ക് മനുഷ്യ മനസ്സിൽ സ്ഥാനമില്ല. സാധാരണ ഗതിയിൽ ആളുകൾ വാർത്ത എഴുതുമ്പോൾ അർദ്ധസത്യങ്ങളും ചേർക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ ശൂന്യതയിൽ നിന്നും വാർത്ത സൃഷ്ടിക്കാൻ ദേശാഭിമാനിക്കല്ലാതെ മറ്റാർക്കും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ദേശാഭിമാനി പത്രത്തിന്റെ കട്ടിംഗും ചേർത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ വല്ലാതെ വരുന്ന ഈ വാർത്ത അസത്യമായതുകൊണ്ട് പൂർണ്ണമായും നിഷേധിക്കട്ടെ. ഇതിൽ ഒരു സത്യവുമില്ല. എന്നെപ്പോലുള്ള പൊതുപ്രവർത്തകർ ഇത്തരത്തിൽ ആക്രമിക്കപ്പെടുന്നത് മനസ്സിലാക്കാം.

ഒന്നുമില്ലെങ്കിലും സിപിഎമ്മിനോടും ബിജെപിയോടും ഒക്കെ എതിർത്തു കൊണ്ട് കോൺഗ്രസ് രാഷ്ട്രീയ ആദർശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും സ്ത്രീപക്ഷ നിലപാടുകൾ എടുക്കുകയും ചെയ്യുന്നല്ലോ. അതുകൊണ്ട് ഞങ്ങളെയൊക്കെ ആക്രമിക്കാൻ കാരണങ്ങളുണ്ട്. അങ്ങനെ ആക്രമിക്കുമ്പോഴും ആ ആക്രമണത്തിന്റെ ഒരു ചെറു കണിക പോലും ഞങ്ങളുടെ മനസ്സിലോ പ്രജ്ഞയിലോ ഏൽക്കുകയില്ല. കാരണം സത്യസന്ധമായി ആത്മാർത്ഥമായി നിലപാട് എടുക്കുന്നവരെന്ന നിലയിൽ നിർഭയരായി തന്നെയാണ് മുന്നോട്ട് പോകുന്നത്.

മാത്രവുമല്ല വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും ഒരു അനാവശ്യ സന്ധി ചെയ്യലിന് ആരോടും നിൽക്കാതെ അന്തസ്സിനും അഭിമാനത്തിനും മറ്റെന്തിനെക്കാളും മുൻതൂക്കം നൽകുന്നവരായതുകൊണ്ടും അസത്യ പ്രചരണങ്ങളൊന്നും തന്നെ ഞങ്ങളെ ലവലേശം ബാധിക്കാറില്ല.

പക്ഷേ ഇവിടെ ശ്രീമതി മറിയാമ്മ ഉമ്മൻ പതിറ്റാണ്ടുകളായി ഉമ്മൻ ചാണ്ടി സാറിന്റെ ഭാര്യ എന്ന നിലയിൽ കേരളത്തിലെ പൊതുസമൂഹത്തിൽ, വിശേഷിച്ച് കോൺഗ്രസിന്റെ രാഷ്ട്രീയ പൈതൃകം അറിയുന്ന ആളാണ്. മാത്രവുമല്ല കോൺഗ്രസിന്റെ പ്രവർത്തകരുമായും നേതാക്കന്മാരുമായും അവർക്ക് അടുത്ത ബന്ധവും ഉണ്ട്. അങ്ങനെയുള്ള ഒരു വനിതയെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഇത്തരം അസത്യ പ്രചരണത്തിലേക്ക് വലിച്ചിഴക്കുന്നതിൽ ദുഃഖം തോന്നിയതുകൊണ്ടാണ് സത്യാവസ്ഥ വിശദീകരിച്ചുകൊണ്ട് ഒരു വിവരണം നൽകാൻ ഞാൻ ശ്രമിക്കുന്നത്.

വാർത്തയിൽ പറയുന്ന പോലെ ഞാൻ ആരുടെയും കാറിൽ അനുവാദമില്ലാതെ കയറുന്ന ഒരാളല്ല. മന്ത്രിമാർ ഉള്ളപ്പോൾ ആയാലും നേതാക്കന്മാർ ഉള്ളപ്പോൾ ആയാലും അവരുടെ കാറിൽ കയറാതെ സ്വന്തമായി യാത്ര ചെയ്യാറാണ് പതിവ്. ഏതെങ്കിലും സാഹചര്യത്തിൽ സ്വന്തമായി കാറിൽ പോകാൻ കഴിയാതെ വന്നാൽ ബസിലും ട്രെയിനിലും യാത്ര ചെയ്യാൻ ഒരു മടിയുമില്ലാത്ത സാധാരണക്കാരിയാണ് ഞാൻ.

DCC പ്രസിഡന്റ് എന്ന നിലയിൽ മുതിർന്ന നേതാക്കന്മാർ ജില്ലയിൽ സന്ദർശനം നടത്തുമ്പോൾ അവരെ അനുഗമിക്കാനുള്ള ഉത്തരവാദിത്വമുള്ളതുകൊണ്ട് അത്തരം സന്ദർഭങ്ങളിൽ അവരെ അനുഗമിക്കാറുണ്ട്. അത് ആ സ്ഥാനത്തിന്റെ അവകാശമാണെങ്കിൽ പോലും ഞാൻ അങ്ങോട്ട് ചെന്ന് ആരുടെയും വാഹനത്തിൽ കയറാറില്ല. അവർ ക്ഷണിച്ചാൽ മാത്രമേ അവരോടൊപ്പം യാത്ര ചെയ്യുകയുള്ളൂ. അത്തരം സാഹചര്യങ്ങളിൽ അവരെ ബുദ്ധിമുട്ടിക്കാതെ എനിക്ക് മടങ്ങാനുള്ള സൗകര്യം കൂടി ഉറപ്പ് വരുത്തിയ ശേഷം മാത്രമേ യാത്ര തുടങ്ങുകയുള്ളൂ. ഒരു തരത്തിലും മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

സ്ത്രീ ആയതു കൊണ്ട് പാർട്ടിയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാത മാറി നിൽക്കുന്നതിനോട് യോജിപ്പില്ല. സ്ത്രീ ആയതിനാൽ എന്നെ എവിടെയെങ്കിലും മാറ്റി നിർത്തുന്നതിനോടും യോജിപ്പില്ല. അതു കൊണ്ട് സ്ത്രീ പുരുഷ ഭേദമന്യേ സ്വതന്ത്രമായി പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയിൽ എനിക്ക് പാർട്ടി നൽകിയ പദവിക്ക് അനുസരിച്ചുള്ള പ്രവർത്തനം ഞാൻ നടത്തിക്കൊണ്ട് പോവുകയാണ്.

ശ്രീ കരുമാലിൽ സുകുമാരൻ അനുസ്മരണ ചടങ്ങിന് ശേഷം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബ സംഗമങ്ങളിൽ ഉമ്മൻ ചാണ്ടി സാറിനോടൊപ്പം എനിക്കും പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അനുസ്മരണ ചടങ്ങിന് ശേഷം ഉമ്മൻ ചാണ്ടി സാറിന്റെ കാറിൽ അദ്ദേഹം പറഞ്ഞതനുസരിച്ച് കയറുകയും മുൻ സീറ്റിലിരിക്കുകയും ചെയ്തു. തൊട്ട് പിറകിൽ ഉമ്മൻ ചാണ്ടി സാറും, മറിയാമ്മ ഉമ്മനും ഇരുന്നു. തുടർന്ന് കുടുംബ സംഗമങ്ങളെക്കുറിച്ചും മറ്റ് സമകാലിക രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യുകയും ശ്രീമതി മറിയാമ്മ കൈയിൽ കരുതിയിരുന്ന ഭക്ഷണം അദ്ദേഹത്തിന്റെ സ്റ്റാഫ് ഉൾപ്പെടെ കാറിൽ ഇരുന്ന ഞങ്ങൾക്ക് എല്ലാവർക്കും തരികയും ചെയ്തു.

എല്ലാ പരിപാടികളും കഴിഞ്ഞ് രാത്രി 9മണിക്കാണ് ഞാൻ അവരോട് യാത്ര പറഞ്ഞ് എന്റെ വീട്ടിലേക്ക് പോകുന്നത്. ഇതിൽ ഒരിടത്ത് പോലും കാറിൽ കയറരുതെന്നോ മറ്റേതെങ്കിലും രീതിയിലോ അവർ എന്നോട് പറഞ്ഞിട്ടില്ല. കാരണം പതിറ്റാണ്ടുകളുടെ രാഷ്ട്രീയം കണ്ട് വന്ന വനിത എന്ന നിലയിൽ ഒരിക്കലും അവർ അങ്ങനെ പറയുകയുമില്ല. അങ്ങനെ പറയുന്നത് പോയിട്ട് മുഖത്ത് പരിഭവത്തിന്റെ ഒരു ലാഞ്ചന ആരെങ്കിലും കാണിച്ചാൽ അത്തരം സന്ദർഭങ്ങളിൽ അവിടെ കയറിയിരിക്കാൻ ഞാൻ ശ്രമിക്കില്ല. വീണ്ടും ആരെങ്കിലും നിർബന്ധിച്ചാൽ പോലും അവിടെയിരിക്കുന്ന ആളല്ല ഞാൻ. നേരത്തെ എഴുതിയതു പോലെ അഭിമാനത്തിനാണ് മറ്റെന്തിനെക്കാളും ഞാൻ വില ഞാൻ കൽപ്പിക്കുന്നത്.അങ്ങനെയൊരു സംഭവമുണ്ടായാൽ ആ വാഹനത്തിൽ തുടർന്ന് ഞാൻ യാത്ര ചെയ്യില്ല.

വീണ്ടും ഓർമ്മിപ്പിക്കട്ടെ എന്റെ ഉത്തരവാദിത്വമെന്ന നിലയിലാണ് നേതാക്കന്മാരുടെ വാഹനത്തിൽ കയറുന്നത്. അതല്ലാതെ ആരുടെയും വാഹനത്തിൽ കയറാനുള്ള താൽപര്യമുള്ളതുകൊണ്ടല്ല. പതിനഞ്ച് വയസ്സ് മുതൽ പൊതുരാഷ്ട്രീയ രംഗത്ത് സജീവമായി നിൽക്കുന്ന വ്യക്തി എന്ന നിലയിൽ ഒരിടത്തും ഇടിച്ച് കയറാനോ അവകാശം സ്ഥാപിക്കാനോ പോയിട്ടില്ല. ഇനിയും അങ്ങനെ പോവില്ല, എന്നാൽ സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടാനും തയ്യാറല്ല. വസ്തുതകൾ ഇതായിരിക്കെ ഇവിടെ വരുന്ന അസത്യ പ്രചരണങ്ങൾ പ്രിയ സുഹൃത്തുക്കൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു..