- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവർത്തകരുടെയും ജനങ്ങളുടേയും സ്നേഹത്തിന് മുന്നിൽ ഞാനറിയാതെ കണ്ണ് നിറഞ്ഞുപോയി; ഡിസിസി ഓഫീസിലെ വൈകാരിക രംഗങ്ങളെ കുറിച്ച് ബിന്ദു കൃഷ്ണ പറയുന്നത് ഇങ്ങനെ
കൊല്ലം: ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ കൊല്ലം മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കൊല്ലം ഡിസിസി ഓഫിസിൽ വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. ബിന്ദു കൃഷ്ണയ്ക്ക് പിന്തുണയറിയിച്ച് സ്ത്രീകൾ ഡിസിസി ഓഫിസിലെത്തി മുദ്യാവാക്യം വിളിച്ചു. പിന്തുണയറിയിച്ചുള്ള പ്രവർത്തകരുടെ വികാരപ്രകടനത്തിനിടെ ബിന്ദു കൃഷ്ണയും കണ്ണീരണിഞ്ഞു. സംഭവം വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ, ഇന്നലെ പൊട്ടിക്കരഞ്ഞ സംഭവത്തിൽ വിശദീകരണ കുറിപ്പുമായി ബിന്ദു കൃഷ്ണ രംഗത്തെത്തിയിരിക്കുകയാണ്. .
വിതുമ്പിയത് മനപ്പൂർവ്വമായിരുന്നില്ലെന്നും പ്രവർത്തകരുടെയും ജനങ്ങളുടേയും സ്നേഹത്തിന് മുന്നിൽ അറിയാതെ കണ്ണ് നിറഞ്ഞുപോയതാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. കോൺഗ്രസിന്റെ തീരുമാനങ്ങളെ സിരകളിൽ രക്തമൊഴുകുന്ന കാലത്തോളം ബഹുമാനിക്കുകയും അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തിരിക്കുമെന്നും ബിന്ദു പറഞ്ഞു.
ബിന്ദു കൃഷ്ണയുടെ വാക്കുകൾ: "സിരകളിൽ രക്തം ഒഴുകുന്നിടത്തോളം കാലം ആ രക്തത്തിൽ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ ആശയങ്ങൾ കൂടി ചേർന്നിരിക്കും. ആ പ്രസ്ഥാനത്തിന്റെ തീരുമാനങ്ങളെ സിരകളിൽ രക്തമൊഴുകുന്ന കാലത്തോളം ബഹുമാനിക്കുകയും, അംഗീകരിക്കുകയും, നടപ്പിലാക്കുകയും ചെയ്തിരിക്കും… ഇന്ന് വിതുമ്പിയത് മനപ്പൂർവ്വമായിരുന്നില്ല…പ്രവർത്തകരുടെയും ജനങ്ങളുടേയും സ്നേഹത്തിന് മുന്നിൽ ഞാനറിയാതെ കണ്ണ് നിറഞ്ഞുപോയി… എന്റെ മാത്രമല്ല, വൈകാരിക നിമിഷത്തിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തരുടേയും…"
ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കൊല്ലം ഡിസിസി ഓഫീസിൽ വൈകാരിക രംഗങ്ങൾ അരങ്ങേറിയത്. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രവർത്തകരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അവർക്ക് മുന്നിലാണ് ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞത്. സ്ത്രീകളടക്കമുള്ള പ്രവർത്തകർ എത്തിയാണ് കൊല്ലത്ത് ബിന്ദു കൃഷ്ണയെ വേണമെന്ന ആവശ്യത്തിൽ സമ്മർദ്ദം ചെലുത്തിയത്. പ്രതിഷേധിച്ചെത്തിയ വനിതാ പ്രവർത്തകരിലൊരാൾ പറഞ്ഞതിങ്ങനെ, ‘ഇതിനെ ഞങ്ങൾക്ക് തന്നേ പറ്റൂ, ഇല്ലെങ്കിൽ ഞങ്ങൾ വോട്ട് ചെയ്യത്തില്ല. ഇവരെ ഞങ്ങൾക്ക് തന്നില്ലെങ്കിൽ ഞങ്ങളെല്ലാം ഒന്നടങ്കം രാജിവെക്കും. ഈ ബിന്ദു കൃഷ്ണയെ തീരദേശത്തിന്റെ പ്രതിനിധിയായി തന്നില്ലെങ്കിൽ, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കിൽ, ഞങ്ങളുടെ മകളായി തന്നില്ലെങ്കിൽ… ഞങ്ങൾ പിന്നോട്ടല്ല. ഞങ്ങളെല്ലാം മുമ്പോട്ടാണ്. ഞങ്ങളുടെ ഈ മകളെ ഞങ്ങൾക്ക് കിട്ടിയേ പറ്റൂ. മത്സ്യത്തൊഴിലാളിക്ക് കിട്ടിയേ പറ്റൂ'.
ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം സീറ്റ് ലഭിച്ചേക്കില്ലെന്ന സൂചനകൾക്ക് പിന്നാലെയാണ് കൊല്ലത്തെ കോൺഗ്രസ് പ്രവർത്തകർ രണ്ട് ചേരികളായി തിരിഞ്ഞ് പ്രതിഷേധത്തിലേക്ക് നീങ്ങിയത്. ജില്ലയിലെ മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പിസി വിഷ്ണുനാഥിന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുന്നുമുണ്ട്. കൊല്ലം സീറ്റിൽ പി സി വിഷ്ണുനാഥിനെയും കുണ്ടറയിൽ ബിന്ദു കൃഷ്ണയെയും മൽസരിപ്പിക്കാനുമായിരുന്നു ധാരണ. ഇതിനിടയിലാണ് അസാധാരണ സംഭവങ്ങൾ.
അതേസമയം, ഇന്ന് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ കൊല്ലം സീറ്റ് സംബന്ധിച്ച ആശങ്കകൾ ഒഴിഞ്ഞു. കൊല്ലത്ത് ബിന്ദു കൃഷ്ണ തന്നെയാണ് ഇക്കുറി പോരിനിറങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ