തിരുവനന്തപുരം: വെള്ളിത്തിരയിൽ മലയാളികളെ കുടുകുടെ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട് ബിന്ദു പണിക്കർ. ജഗതി ശ്രീകുമാറും കൽപ്പനയും ഇന്നസെന്റും നിറഞ്ഞു നിന്ന വേളയിൽ തന്നെയാണ് ബിന്ദുവും സിനിമാ ലോകത്ത് നിറഞ്ഞു നിന്നത്. എന്നാൽ, പിൽക്കാലത്ത് ഇടക്കാലം കൊണ്ട് ബിന്ദു പണിക്കരും മലയാള സിനിമയിൽ നിന്നും പുറത്തായി. പുതുതലമുറ ചിത്രങ്ങളിൽ ബിന്ദുവിന്റെ സാന്നിധ്യം തന്നെ കുറവാണ്.

ഒരുകാലത്ത് ബിന്ദു പണിക്കർ കരഞ്ഞാൽ പോലും പ്രേക്ഷകർ ചിരിക്കുന്ന വിധത്തിൽ ശ്രദ്ധേയ ആയിരുന്നു അവർ. എന്നാൽ ക്യാമറയ്ക്കു പിന്നിലെ തന്റെ ജീവിതം കോമഡിയല്ല എന്നാണ് ബിന്ദു പണിക്കർ പറയുന്നത്. സത്യത്തിൽ ജീവിതം എനിക്കു കോമഡിയല്ല, ചിരിക്കാൻ മാത്രമെ അറിയു. കോമഡി പറയാറുമില്ല. ജഗതിയില്ലാത്തതിന്റെ നഷ്ടം എന്നെപ്പോലെ ഉള്ളവർക്കാണ്, ഞാനായിട്ടു സിനിമ വേണ്ടന്നു വച്ചിട്ടൊന്നുമില്ല പറ്റുന്ന കഥാപാത്രങ്ങൾ വരേണ്ടെയെന്നു ബിന്ദുപണിക്കർ ചോദിക്കുന്നു.

സിനിമയിലെ ചില കഥാപാത്രങ്ങൾ കാണുമ്പോൾ എനിക്കു തോന്നും ഇതു ഞാനാണല്ലൊ എന്ന്. സിനിമയിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഇത് ഉപയോഗിച്ചാണു കല്യാണം കഴിച്ചതു പോലും. കല്യാണം കഴിഞ്ഞു പത്തുവർഷം തികയാൻ നാലുമാസം ബാക്കിയുള്ളപ്പോഴാണ് ഏട്ടൻ പോയത്. അസോസിയേറ്റ് ഡയറക്ടറായിരുന്നു. 34 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. അപ്പോൾ എനിക്കു വർക്കിനു പോകാതിരിക്കാൻ പറ്റുമായിരുന്നില്ല. നിഴൽപോലെ കൂടെ നിന്നയാൾ പോയപ്പോൾ രണ്ടു വർഷത്തോളം വിഷാദത്തിന് അടിമപ്പെട്ടു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണു ബിന്ദു പണിക്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയിൽ അവസരങ്ങൾ കുറയുന്നതിനെ കുറിച്ചും ബിന്ദു പണിക്കർ പ്രതികരിച്ചു. ജഗതി ഇല്ലാത്തതിന്റെ നഷ്ടം എന്നെ പോലുള്ളവർക്കാണ്. ഞാനായിട്ട് സിനിമ വേണ്ടെന്ന് വച്ചിട്ടൊന്നുമില്ല. പറ്റുന്ന കഥാപാത്രങ്ങൾ വരണ്ടേ. ബിന്ദു ചോദിക്കുന്നു.