തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ വീട്ടിൽ തുടരുന്നു. പരിശോധനയ്ക്കായി ഇന്നലെയാണ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറിൽ ഒപ്പിടാൻ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടർന്നാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ തുടരുന്നത്. അതിനിടെ വീട്ടിന് മുമ്പിൽ പ്രതിഷേധവുമായി ബന്ധുക്കളെത്തി.

ബിനീഷിന്റെ ഭാര്യയെ കാണണമെന്നതാണ് ആവശ്യം. ഇതിന് ഇഡി അനുവദിച്ചില്ല. ഇതോടെ അവർ കുത്തിയിരിപ്പ് സമരം തുടങ്ങി. ആരേയും കാണേണ്ടെന്ന് ബിനീഷിന്റെ ഭാര്യ പറഞ്ഞെന്ന് ഇഡി വിശദീകരിക്കുന്നു. ഇതിന് ശേഷം വീട്ടിലേക്ക് ബന്ധുക്കളെ കയറ്റി വിടാതെ റെയ്ഡ് തുടരുന്നു എന്നാണ് സൂചന. ഇതിനെ തുടർന്ന് മരുതംകുഴിയിലെ വീട്ടിന് മുമ്പിൽ പ്രതിഷേധിക്കുന്നത് കോടിയേരിയുടെ ഭാര്യയുടെ അനുജത്തിയും ബന്ധുക്കളും. എല്ലാത്തിനും കാരണം ഭീഷണിപ്പെടുത്തൽ എന്ന് ആരോപിച്ചാണ് കുത്തിയിരിക്കൽ. കോടിയേരിയുടെ മകന്റെ വീട്ടിന് മുമ്പിൽ പ്രതിഷേധം തുടരുകയാണ്.

ബിനീഷ് കോടിയേരിയുടെ വീട്ടിലെ പരിശോധനയ്ക്കിടയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയ രേഖകൾ അംഗീകരിക്കാൻ വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ബിനീഷിന്റെ ഭാര്യ റിനീറ്റയും ഭാര്യാപിതാവുമാണ് വീട്ടിലുള്ളത്. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി മുഹമ്മദ് അനൂപുമായി ബിനീഷ് നടത്തിയ ഇടപാടുകൾ ശരിവെക്കുന്ന ചില രേഖകൾ കണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇവ വീട്ടിൽ നിന്ന് എടുത്തതാണെന്ന് സ്ഥിരീകരിക്കാനും സാക്ഷ്യപ്പെടുത്തി നൽകാനും വീട്ടുകാർ വിസമ്മതിച്ചു. ഇതോടെയാണ് നാടകീയത തുടങ്ങിയത്.

ഉദ്യോഗസ്ഥർ കൊണ്ടുവന്നുവെച്ചതാണെന്നാണ് വീട്ടുകാരുടെ വാദം. അഭിഭാഷകനെയും വീട്ടുകാർ ബന്ധപ്പെട്ടു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ തയാറാക്കിയ രേഖകളിൽ ഒപ്പിടാൻ വീട്ടുകാർ വിസമ്മതിച്ചതായി അഭിഭാഷകനും പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടുകൂടിയാണ് ഇ.ഡി.സംഘം ബിനീഷിന്റെ വീട്ടിലേക്കെത്തുന്നത്. തുടർന്ന് നടന്ന റെയ്ഡ് പത്ത് മണിക്കൂർ കൊണ്ട് അവസാനിച്ചു. തുടർന്ന് മഹസർ രേഖകൾ തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്നു. എന്നാൽ രേഖകളിൽ ഒപ്പുവെക്കാൻ ബിനീഷിന്റെ ഭാര്യ ഒരു തരത്തിലും തയ്യാറായില്ല. ഇവിടെ നിന്ന് ക്രെഡിറ്റ്കാർഡ് കണ്ടെടുത്തുവെന്ന് പറയുന്ന രേഖയിലാണ് ഒപ്പുവെക്കാൻ തയ്യാറാകാതിരിക്കുന്നത്. അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡാണിത്. ഇ.ഡി തന്നെ ഈ കാർഡ് കൊണ്ടുവരികയായിരുന്നുവെന്നാണ് ബിനീഷിന്റെ ഭാര്യ പറയുന്നത്.

രാവിലെയോടെ ബിനീഷിന്റെ ബന്ധുക്കളെത്തി. അവർ പ്രതിഷേധം തുടങ്ങി. ബിനീഷിന്റെ ഭാര്യയെ തടഞ്ഞു വച്ചിരിക്കുകയാണെന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തുവെന്നും ആരോപിച്ചു. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. എന്നിട്ടും ബന്ധുക്കളെ വീട്ടിലേക്ക് കടത്താൻ ഇഡി തയ്യാറായില്ല. സി ആർ പി എഫ് സുരക്ഷയിലാണ് റെയ്ഡ് നടക്കുന്നത്.

അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാർഡ് അടക്കം കണ്ടെത്തിയ വസ്തുക്കൾ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ബിനീഷിന്റെ കുടുംബം ആരോപിക്കുന്നു. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥർ അനുവദിച്ചില്ല. രാത്രി 11 30 ഓടെ അസ്വ മുരുകുമ്പുഴ വിജയകുമാർ ഇ ഡിക്കെതിരെ രംഗത്തെത്തി. പ്രതിയല്ലാതിരുന്നിട്ടും ബിനീഷിന്റെ ഭാര്യയെയും ബന്ധുക്കളെയും വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ചു. ഇന്ന് കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി.

അതേസമയം, ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തുടർച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യൽ. ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ കേരളത്തിലെ ബാങ്കുകൾക്കും ഇഡി നോട്ടീസ് നൽകി. ബിനീഷിന്റെ ബിനാമികൾ എന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. അതിൽ ചിലർ ഇന്ന് ഹാജരാകും.