ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്ത് വീട്ടിൽ നടത്തിയ റെയ്ഡിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കിട്ടിയത് നിർണായക തെളവുകൾ. അനൂപ് മുഹമ്മദിന്റെ ക്രഡിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് കിട്ടിയത് കോടിയേരിയുടെ മകനെ കൂടുതൽ കുരുക്കിലേക്ക് നയിക്കുകയാണ്. കാർഡ് വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും റെയ്ഡിനിടെ വച്ചതാണെന്നുമുള്ള ബിനീഷിന്റെ ഭാര്യ റെനീറ്റയുടെ ആരോപണം ഇഡി മുഖവിലയ്ക്ക് എടുക്കുന്നില്ല. കാർഡ് തിരുവനന്തപുരത്ത് ഉപയോഗിച്ചതിന് തെളിവ് കൂടി കിട്ടിയതോടെ അന്വേഷണം ആ വഴിക്കും നീങ്ങുന്നു. അതിനിടെ ബിനീഷിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടു. ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിൽ ഉൾപ്പെടെ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിൽ ബിനീഷിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി പറഞ്ഞു.

വീട്ടിലും ബിനീഷുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡിൽ കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചതായി ഇഡി കോടതിയെ അറിയിച്ചു. ബിനീഷിന്റെ ബിനാമിയെന്നു കരുതുന്ന അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽനിന്നു കിട്ടി. ഈ കാർഡിൽ ബിനീഷിന്റെ ഒപ്പുണ്ടെന്ന് ഇഡി അഭിഭാഷകൻ പറഞ്ഞു. സംശയാസ്പദമായ ഇടപാടുകൾ നടത്തിയ മൂന്നു കമ്പനികളുമായി ബിനീഷിനു ബന്ധമുണ്ടെന്നും ഇഡി ആരോപിച്ചു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളും സംബന്ധിച്ച് കഴിഞ്ഞ എട്ടു ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്തു വരികയാണ്.രണ്ടു ഘട്ടങ്ങളിലായി തുടർച്ചയായി 9 ദിവസമാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്.

ലഹരി മരുന്ന് ഉപയോഗിച്ചെന്നും, ലഹരി ഇടപാടിന് സാമ്പത്തിക സഹായം നൽകി എന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ബിനീഷിനെതിരെ എൻസിബി കേസെടുക്കുമെന്ന് സൂചനകളുണ്ട്. ബിനീഷിന്റെ ചോദ്യം ചെയ്യുന്നതിന് അനുമതിക്കായി എൻസിബി കോടതിയിൽ അപേക്ഷ നൽകി.

ബ്യൂട്ടി പാർലറിൽ അനൂപിന്റെ കാർഡുമായി യുവതി

ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത ക്രെഡിറ്റ് കാർഡിന്റെ ഇടപാടുകൾ കുടുക്കുന്നത് ഒരു യുവതിയെ. ഈ കാർഡുമായെത്തി പണം ഇടപാടുകൾ നടത്തിയത് യുവതിയാണെന്നാണ് പ്രാഥമിക നിഗമനം. ബ്യൂട്ടി പാർലറിൽ അടക്കം ഈ കാർഡ് ഉപയോഗിച്ചിട്ടുണ്ട്. ബംഗളൂരുവിലുള്ള അനൂപ് മുഹമ്മദിന്റെ കാർഡ് എങ്ങനെ തിരുവനന്തപുരത്ത് ഉപയോഗിച്ചുവെന്നതാണ് കേസിൽ നിർണ്ണായകം. ഇതോടെ കാർഡുപയോഗിച്ചവരേയും കേസിൽ പ്രതിയാക്കാനുള്ള സാധ്യത കൂടുകയാണ്. കാർഡിന്റെ വിശദാംശങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച ആളെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തും.

ഇ.ഡി. ഉദ്യോഗസ്ഥർ കാർഡ് കൊണ്ടുവന്നുെവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് അനൂപിന്റെ കാർഡ് ഉപയോഗിച്ച് കേരളത്തിൽ പലയിടത്തും ഇടപാടുകൾ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളിൽ കാർഡ് ഉപയോഗിച്ച ഇടങ്ങളിൽ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കിൽ കാർഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. കാർഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാർഡ് നൽകിയ ബാങ്കിൽനിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ.ഡി. ശേഖരിച്ചു. തിരുവനന്തപുരത്തും കാർഡ് ഉപയോഗിച്ചിരുന്നു. കാർഡ് കുരുക്കാകുമെന്നും തിരുവനന്തപുരത്തെ ബ്യൂട്ടീ പാർലറിൽ ഇതു ഉപയോഗിച്ച കാര്യവും ഇന്നലെ മറുനാടൻ വാർത്തയാക്കിയിരുന്നു.

അനൂപ് മുഹമ്മദിനെ മുന്നിൽനിർത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെവരെ വിവരങ്ങൾ ശേഖരിച്ചത്.

ഇത് തന്നെയാണ് ക്രെഡിറ്റ് കാർഡിലുമുള്ളത്. മറ്റുള്ളവരുടെ ക്രെഡിറ്റ് കാർഡ് ബിനീഷ് ഉപയോഗിച്ചത് എന്തെന്നത് അന്വേഷണത്തിൽ നിർണ്ണായകമാകും. കള്ളപ്പണവും ബിനാമി സ്വത്തും പിടിക്കാതിരിക്കാനുള്ള തന്ത്രമാണ് ക്രെഡിറ്റ് കാർഡ് പൊളിച്ചത്.