ലണ്ടൻ: ''ഞാൻ ആത്മഹത്യയെ കുറിച്ച് പലവട്ടം ആലോചിച്ചതാണ്. എന്നെ ഇഷ്ടപ്പെടുന്നവരുടെ പുണ്യമാകും അത് തടഞ്ഞത്''. ലോക മാധ്യമങ്ങളിൽ ഒരു വർഷത്തോളമായി ഒരത്ഭുതം പോലെ നിറയുന്ന മലയാളി യുവാവ് ബിനേഷ് ബാലൻ ഈ വാക്കുകൾ മറുനാടൻ മലയാളിയോട് ലണ്ടനിൽ നിന്നും പങ്കു വയ്ക്കുമ്പോൾ കേരള സർക്കാർ എന്ന വെള്ളാന ഒരിക്കൽ കൂടി മറനീക്കി ലോക സമൂഹത്തിനു മുന്നിൽ പ്രത്യക്ഷപ്പെടുകയാണ്.

ബിനേഷിന്റെ ഭാഷയിൽ ചോദിച്ചാൽ ഈ യുവാവ് എങ്ങനെ ആത്മഹത്യ എന്ന അവസാന തീരുമാനത്തിലേക്ക് എത്താതിരിക്കും? ആരും മോഹിക്കുന്ന ബ്രിട്ടീഷ് സർവകലാശാലയിൽ ഉന്നത പഠനത്തിന് അവസരം ലഭിച്ചിട്ടും സ്‌കോളർഷിപ്പും യാത്ര ചെലവിനുള്ള പണവും കേന്ദ്ര, കേരള സർക്കാരുകൾ നല്കാൻ തയ്യാറായിട്ടും സെക്രട്ടറിയേറ്റ് ഭരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം ഇടഞ്ഞു നിന്നപ്പോൾ ആദിവാസി ഊരിന്റെ അഭിമാനമായ ഈ യുവാവിന് നഷ്ടമായത് വിലപ്പെട്ട വർഷങ്ങൾ. ഒരാൾക്കും സംഭവിച്ചു കൂടാത്ത കാര്യങ്ങളാണ് ഉദ്യോഗസ്ഥ ലോബിയുടെ മാർക്കട മുഷ്ടിയിൽ ബിനേഷിന് നേരിടേണ്ടി വന്നത്, ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അനുഭവമായി അവയെല്ലാം ഇനി അവനോടൊപ്പമുണ്ടാകും.

നിരന്തരമുള്ള മാധ്യമ ഇടപെടലുകളിലും ഏതാനും കാരുണ്യമതികളായ വ്യക്തികളും സഹായിച്ചു ഒടുവിൽ ഇപ്പോൾ ബിനേഷ് ലണ്ടനിൽ എത്തിയപ്പോൾ ആ വരവ് തങ്ങളുടെ വകയാണെന്നു കാണിക്കാൻ മത്സരമാണ്. അതായതു ബിനീഷിനും ഗോഡ് ഫാദർ ഉണ്ടായിരിക്കുന്നു. ഇത്തരം വാർത്ത തലക്കെട്ടുകൾ കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ വിഷമിക്കുകയാണ് ഈ സാധു യുവാവ്. എങ്കിലും ആരെയും കുറ്റപ്പെടുത്താൻ ഈ പ്രതിഭ തയാറല്ല. ഇനി അതിലൊക്കെ എന്ത് കാര്യം എന്ന ചിന്തയാകും. എങ്കിലും തനിക്കു അർഹതപ്പെട്ട പണം കൈപ്പറ്റി എന്ന നുണ എങ്കിലും വാർത്തയായി പ്രചരിപ്പിക്കരുതേ എന്നാണ് ബിനേഷിന് അപേക്ഷിക്കാനുള്ളത്.

പാവപ്പെട്ടവന്റെയും അധഃസ്ഥിതന്റെയും രക്ഷകർ എന്ന് സ്വയം പറഞ്ഞു കൊണ്ടിരിക്കുന്ന ഇടതു പക്ഷ സർക്കാർ ഭരിക്കുമ്പോൾ ഒരു ആദിവാസി യുവാവിന് ഇത്തരം അനീതി നേരിടേണ്ടി വന്നത് ഏറ്റവും അപമാനകരമായി തോന്നിയതിനാലാകണം ദേശാഭിമാനിയും മറ്റും പ്രചരിപ്പിക്കുന്നത് ഇടതുപക്ഷ സർക്കാരിന്റെ ഇടപെടൽ മൂലം ബിനേഷിന് ലണ്ടനിൽ എത്താനായി എന്ന വാർത്ത ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് തന്നെ പറ്റി നുണ വാർത്തകൾ പ്രചരിപ്പിക്കരുതെന്നു ബിനീഷ് മറുനാടൻ മലയാളിയിലൂടെ മലയാളി സമൂഹത്തെ അറിയിക്കുന്നത്. എന്തായാലും തനിക്കും ഒടുവിൽ ഗോഡ് ഫാദർമാർ ഉണ്ടാകുന്നതു നല്ലതാണല്ലോ എന്ന മട്ടിൽ ഇതൊക്കെ ചിരിച്ചു തള്ളാനും ബിനീഷ് പഠിച്ചിരിക്കുന്നു. തന്റെ ഇടപെടലിനെ കുറിച്ച് കേരള ആദിവാസി ക്ഷേമ മന്ത്രി ഫേസ്‌ബുക്കിൽ വാചകമടി നടത്തുമ്പോൾ ദേശാഭിമാനി പറയുന്നത് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടായി എന്നാണ് . ഇതിൽ നിന്നും തന്നെ രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പും പാവപ്പെട്ടവന്റെ നേട്ടത്തിൽ സ്വന്തം പങ്കു പതിച്ചു ചേർക്കാൻ ഉള്ള വ്യഗ്രതയും വ്യക്തം.

തനിക്കു അർഹതപ്പെട്ട ആനുകൂല്യം നേടിയെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ആദ്യത്തെയും അവസാനത്തെയും ഇരയല്ല താനെന്നും ബിനേഷിന് നന്നായി അറിയാം. എങ്കിലും ഇനിയാർക്കും ഇങ്ങനെ സംഭവിക്കരുതേ എന്നാണ് അദ്ദേഹത്തിന് പ്രാര്ഥിക്കാനുള്ളത്. രണ്ടു വർഷമായി തന്റെ സ്‌കോളര്ഷിപ്പിനോട് മുഖം തിരിച്ച സർക്കാർ ഉദ്യോഗസ്ഥ പ്രഭുക്കൾക്കിടയിൽ ധൈര്യം ചോർന്നു പോകാതെ മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിച്ചത് ശോഭ വാര്യരെ പോലെയുള്ള പത്രപ്രവർത്തകർ നൽകിയ പിന്തുണയാണ്. ദേശീയ തലത്തിൽ തന്നെ ശോഭായടക്കമുള്ള ഒട്ടേറെ മാധ്യമ പ്രതിനിധികൾ തുടർച്ചയായി ബിനേഷിന് വേണ്ടി എഴുതിയപ്പോഴും എന്തുകൊണ്ടോ കേരളത്തിലെ മാധ്യമങ്ങളിൽ ബിനീഷ് ലണ്ടനിൽ എത്തും വരെ ഈ യുവാവിന്റെ പോരാട്ടം കാര്യമായി ഇടം പിടിച്ചില്ല . ഒരിക്കലും സഫലമാകില്ല എന്ന് കരുതിയ സ്വപ്ന തുല്യ ജീവിത നേട്ടം കയ്യെത്തിപ്പിടിച്ച ബിനേഷിന് വേണ്ടി ഇപ്പോൾ മലയാള മാധ്യമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും ഉണ്ടെന്നതാണ് ഏറെ ആശ്വാസം.

തനിക്കു വാഗ്ദാനം ചെയ്യപ്പെട്ട പണം ഇനിയും കയ്യിൽ എത്തിയിട്ടില്ലെന്നതാണ് ലണ്ടനിൽ നിന്നും ബിനീഷ് ബ്രിട്ടീഷ് മലയാളിയെ അറിയിക്കുന്നത് . എന്നാൽ സഹായിക്കാൻ ബാധ്യത ഉള്ളവരാകട്ടെ എല്ലാ സഹായവും ചെയ്തു എന്ന മട്ടിലും പ്രത്കരിക്കുന്നു . കഴിഞ്ഞ ദിവസം സംസ്ഥാന ആദിവാസ ക്ഷേമ മന്ത്രി എ കെ ബാലനും മധുരത്തിൽ പൊതിഞ്ഞ വാക്കുകളിൽ ബിനേഷ് ലണ്ടനിൽ എത്തിയതിൽ തന്റെ പങ്കും ആവർത്തിക്കുന്നു. ആദിവാസി സമുദായത്തിൽ നിന്നും ആദ്യമായി ഒരാൾ ലണ്ടൻ സ്‌കൂൾ ഓഫ് എകണോമിക്‌സിലും ബ്രിട്ടീഷ് സർവകലാശാലയിലും സ്‌കോളര്ഷിപ്പോടെ പഠിക്കാൻ എത്തിയിട്ടും ആ യാത്രക്ക് തടസ്സം നിന്നതു ആരാണ് എന്ന് വെളിപ്പെടുത്താൻ ഉത്തരവാദിത്തം ഉള്ള മന്ത്രി രാഷ്ട്രീയ കൗശലത്തോടെ അതിൽ നിന്നും തെന്നി മാറുന്നതും അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റിൽ വക്തമാണ് .

നടപടി എടുക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചു എന്ന ഒഴുക്കൻ മട്ടിലൊരു വാചകമടിയും മന്ത്രിയുടെ മറുപടിയിൽ ഉണ്ട് . ഇത്തരത്തിൽ ഉള്ള നൂറു കണക്കിന് നടപടികൾ ഓരോ മന്ത്രിയും ഓരോ ദിവസവും കൈക്കൊള്ളുന്നതിനാൽ ബിനേഷ് എന്നല്ല ദൈവം തമ്പുരാൻ പോലും മന്ത്രിയുടെ വാക്കുകളിൽ പുളകിതരാകില്ല. സോഷ്യൽ മീഡിയയിൽ ആയതിനാൽ പുളകിതരാകാൻ കുറെ പാർട്ടി അണികൾ എത്തിയേക്കും എന്ന് മാത്രം. മുൻ യു ഡി എഫ് സർക്കാരിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മി മുൻകൈ എടുത്തു അനുവദിച്ച 27 ലക്ഷം രൂപ ഇനിയും ബിനേഷിന് ലഭിച്ചിട്ടില്ല എന്നറിയുമ്പോഴാണ് ഇപ്പോൾ മന്ത്രിയായ എ കെ ബാലന്റെ വാക്കുകളിലെ പൊള്ളത്തരം കൂടുതൽ വക്തമാകുന്നത് .

എന്നാൽ ഇവരോടൊന്നും അല്ലാതെ വക്തിപരമായി തനിക്കു നന്ദി അറിയിക്കാൻ ഉള്ളത് മറ്റു പലരോടുമാണ് എന്നാണ് ബിനേഷിന് പറയാൻ ഉള്ളത് . അക്കൂട്ടത്തിൽ തീർച്ചയായും ആദ്യ പേരുകാർ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ഉദ്യോഗസ്ഥർ തന്നെ . അതിൽ തന്നെ മലയാളിയായ ടി ഹരിദാസ്. യുകെ മലയാളികൾ സ്‌നേഹപൂർവ്വം ഹരിയേട്ടൻ എന്ന് വിളിക്കുന്ന ടി ഹരിദാസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സർവ സഹായവുമായി ഇപ്പോൾ ബിനേഷിന്റെ കൂടെയുണ്ട് . കേരളത്തിൽ നിന്നും എത്തുന്ന രാഷ്ട്രീയക്കാർ ലണ്ടൻ ഹൈ കമ്മീഷന്റെ പടിക്കൽ നിന്ന് ഫോട്ടോ എടുക്കാൻ പ്രയാസപ്പെടുമ്പോൾ ആണ് രാജ്യത്തിന്റെ പ്രതിനിധിയായി പഠിക്കാൻ എത്തിയ മലയാളി യുവാവിനെ തേടി ഹൈ കമ്മീഷൻ ഉദ്യോഗസ്ഥർ എത്തിയത്.

ഓരോ തവണയും കാസർഗോട്ട് നിന്നും തിരുവനന്തപുരത്തു എത്തി മൂന്നു വര്ഷം സെക്രട്ടറിയേറ്റ് പടി കയറിയിറങ്ങി വിഷമിച്ച ബിനേഷിന് ഇത് ഏറെ വത്യസ്തമായി . കേരളത്തിൽ നിന്നും മന്ത്രി അടക്കമുള്ളവർ നൽകുന്ന ഉറപ്പിനേക്കാൾ ബിനേഷ് ഇപ്പോൾ വിലമതിക്കുന്നതു കേന്ദ്ര സർക്കാർ സ്‌കോളർഷിപ്പാണ് . കാരണം ഈ തുക ബിനേഷിന്റെ ആവശ്യങ്ങൾക്കായി എത്തിച്ചു നൽകാം എന്ന് വാക്ക് നൽകുന്നത് ലണ്ടൻ ഹൈ കമ്മീഷന് ആണ് . കേരളത്തിൽ തനിക്കുണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങൾ ഈ യുവാവിനെ ഇത്തരത്തിൽ ചിന്തിപ്പിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ.

വിശന്നപ്പോൾ ചക്കക്കുരു പുഴുങ്ങി തിന്നും പഠന ആവശ്യത്തിനായി കോൺക്രീറ്റ് കട്ടകൾ ചുമന്നും കുട്ടികൾക്ക് ട്യൂഷൻ നൽകിയും ഓരോ തവണയും തിരുവനന്തപുരം സെക്രട്ടറിയേറ്റ് കയറിയിറങ്ങാൻ യാത്രാച്ചിലവും മറ്റും ഒപ്പിക്കുമ്പോൾ തീർച്ചയായും സഹായവുമായി കൂടെ എത്തേണ്ടവരാണ് സ്വപ്രയത്‌നത്തിൽ കാര്യം നേടിയ യുവാവിന്റെ നേട്ടത്തിൽ പങ്കു പറ്റാൻ എത്തുന്നത് എന്നതാണ് ഏറെ കൗതുകമായി മാറുന്നത്. ലണ്ടനിൽ എത്തിയ ഉടൻ ബിനീഷ് തന്നെ സഹായിച്ചവരെ മറക്കാതെ ഫേസ്‌ബുക്കിലൂടെ നന്ദി അറിയിക്കാൻ ആണ് ആദ്യം തയ്യാറായത്.