- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയതന്ത്ര ബാഗ് പിടികൂടിയ ദിവസം സ്വപ്ന ആദ്യം ബന്ധപ്പെട്ടത് ബംഗളൂരുവിലെ നമ്പരുകളിൽ; ബിനീഷും അനൂപും സംസാരിച്ചത് പ്രതികളെ രക്ഷപ്പെടുത്താനും സ്വയം രക്ഷാകവചം തീർക്കാനും; കള്ളി പൊളിഞ്ഞപ്പോൾ ബംഗളൂരുവിൽ എത്താൻ ഉപദേശിച്ചു; സ്വപ്നയും കുടുംബവും ലക്ഷ്യമിട്ടത് അവിടെ നിന്ന് യുഎഇയിലേക്ക് പറക്കാൻ; സ്വർണ്ണ കടത്തിലും ബിനീഷും കാർ പാലസ് ഉടമയും സംശയ നിഴലിൽ
തിരുവനന്തപുരം: സ്വർണ്ണ കടത്തു കേസിൽ ബിനീഷ് കോടിയേരിയെ പ്രതിചേർക്കുന്നത് കേന്ദ്ര ഏജൻസികളുടെ പരിഗണനയിൽ. കാർപാലസ് ഉടമ അബ്ദുൽ ലത്തീഫും സംശയ നിഴലിലാണ്. സ്വപ്നാ സുരേഷുമായി ഇവർക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഇത്. മയക്കുമരുന്ന് കേസിൽ പിടികൂടിയ അനൂപ് മുഹമ്മദുമായുള്ള ഫോൺ വിളികൾ ഈ കേസിൽ ബിനീഷിന് വിനയാണ്.
നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വർണക്കടത്ത് പിടികൂടിയ ജൂലൈ അഞ്ചിന് സ്വപ്ന ആദ്യം ബന്ധപ്പെട്ടത് ബംഗളൂരുവിലെ ചില നമ്പരുകളിലാണ്. അന്ന് ബിനീഷും അനൂപ് മുഹമ്മദും തമ്മിൽ പല തവണ ഫോണിൽ ബന്ധപ്പെട്ടു. ഇതു പ്രതികളെ രക്ഷപ്പെടുത്താനും സ്വയം രക്ഷാകവചം തീർക്കാനുമായിരുന്നു എന്നാണ് ഇഡി പറയുന്നത്. കള്ളി പൊളിയുമെന്നു വന്നപ്പോൾ ഉടൻ ബംഗളൂരുവിലെത്താനാണ് അവിടെ നിന്നു ലഭിച്ച സന്ദേശം. അതനുസരിച്ചാണ് എട്ടിന് അവർ ഭർത്താവിനെയും മകളെയും കൂട്ടി ബംഗളൂരുവിനു പോയത്. അവിടെ നിന്ന് യുഎഇയിലേക്കു രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാൽ അതിനു മുൻപേ പിടിയിലായി.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തും ബംഗളൂരു കേന്ദ്രമാക്കിയുള്ള മയക്കുമരുന്നു വ്യാപാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന സംശയം ഇഡിക്കുണ്ട് ബംഗളൂരുവിലെയും കൊച്ചിയിലെയും ഇഡി അധികൃതർ രണ്ടു വഴിക്കാണ് നീങ്ങുന്നത്. ബംഗളൂരു ടീം ബിനീഷിനെയും അബ്ദുൾ ലത്തീഫിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ ആലോചിക്കുന്നു. അതിനിടെ കേരളത്തിലേക്ക് 20 അംഗ ഇഡി ടീം ഇന്ന് എത്തിയതായും സൂചനയുണ്ട്.
അബ്ദുൾ ലത്തീഫും ബിനീഷും തമ്മിൽ മയക്കുമരുന്ന് സംബന്ധിച്ച പണമിടപാടുകളുണ്ട് എന്നാണ് ഇഡിയുടെ വാദം. ഓൾഡ് കോഫി ഹൗസ് കേന്ദ്രീകരിച്ചുള്ള ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ഇഡി കരുതുന്നു. ഈ ദിവസങ്ങളിൽ അതുണ്ടാകും. അതിലും എം. ശിവശങ്കർ ഒരു കക്ഷിയാകും. അതു മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും വിരൽ ചൂണ്ടിയേക്കാം. ബാലഭാസ്കറിന്റെ മരണവുമായും ഓൾഡ് കോഫീ ഹൗസ് കേന്ദ്രീകരിച്ച് സംശയങ്ങൾ എത്തിയിരുന്നു. ബാലഭാക്സറിന്റെ മരണത്തിൽ സംശയ നിഴലിലുള്ള പലർക്കും ഈ കോഫീ ഹൗസുമായി അടുത്ത ബന്ധമുണ്ട്.
സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരിൽ നിന്നു ചില കാര്യങ്ങൾ ചോദിച്ചറിയാനാണ് ഇഡിയുടെ തീരുമാനം. കൊച്ചിയിൽ കസ്റ്റഡിയിൽ കഴിയുന്ന ശിവശങ്കറുടെ മൊഴികളുമായി ഒത്തുപോകുന്നുണ്ടോ എന്നാവും ഇഡി പരിശോധിക്കുക. ഈ ചോദ്യം ചെയ്യലുകളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതൽ പേരിലേക്ക് അന്വേഷണം നീട്ടിയേക്കാം.
സ്വർണക്കടത്ത് കേസ് പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയും വ്യാപാരപങ്കാളിയുമാണെന്നാണ് എൻഫോഴ്സ്മെന്റ് പറയുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ലഹരിക്കടത്തിലൂടെ ലഭിച്ച പണം ലത്തീഫായിരുന്നു കൈവശം വെച്ചിരുന്നതെന്നും തിരുവനന്തപുരത്തെ ഓൾഡ് കോഫീ ഹൗസ് എന്ന സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമുണ്ടെന്നെന്നും എൻഫോഴ്സ് മെന്റ് വ്യക്തമാക്കുന്നു. അതീവ ഗുരുതരമായ ആരോപണമാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടത്.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇഡി തീരുമാനമെന്ന് ഏഷ്യാനെറ്റ് പറയുന്നു. കമ്പനി രേഖകളും ഇരുവരുടെയും സാന്നിധ്യത്തിൽ പരിശോധിക്കും. നേരത്തെ മാതൃഭൂമിയും സ്വർണ്ണ കടത്ത് കേസിലെ പ്രതിയായ അബ്ദുൾ ലത്തീഫുമായി ബന്ധപ്പെട്ട വാർത്ത നൽകിയിരുന്നു. എന്നാൽ കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫിനെ ഇതുവരെ സ്വർണ്ണ കടത്തിൽ പ്രതിചേർത്തിട്ടില്ല. കോൺസുലേറ്റിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അബ്ദുൾ ലത്തീഫിനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസിൽ പ്രതി ചേർത്തിരുന്നില്ല.
ഇതിനിടെയാണ് മാതൃഭൂമിയിൽ ലത്തീഫിന്റെ പേര് ചർച്ചയായത്. പിന്നാലെ ഏഷ്യാനെറ്റ് അതിന് കാർപാലസ് ഉടമയുടെ മുഖവും നൽകുന്നു. ഇതോടെ ആരോപണങ്ങൾക്ക് പുതിയ തലം വരികയാണ്. കാർപാലസ്, കാപ്പിറ്റൽ ഫർണിച്ചർ തുടങ്ങിയ വമ്പൻ സ്ഥാപനങ്ങൾ അബ്ദുൾ ലത്തീഫിന്റേതായുണ്ട്. ഇദ്ദേഹത്തിന് ബിനീഷുമായി അടുത്ത ബന്ധവും ഉണ്ട്. തിരുവനന്തപുരത്തെ പാരഗൺ ഹോട്ടലിന് പിന്നിലും ബിനീഷും അബ്ദുൾ ലത്തീഫും ആണെന്നും ആരോപണമുണ്ട്. ഇതെല്ലാം പുതിയ തലത്തിൽ ചർച്ചയാക്കുന്നതാണ് ഇഡിയുടെ റിമാൻഡ് റിപ്പോർട്ടിൽ അബ്ദുൾ ലത്തീഫിന്റെ പേര് ഉയർത്തി ഏഷ്യാനെറ്റ് ചെയ്യുന്നത്.
കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ബിനീഷിനെതിരെയുള്ള ഇഡിയുടെ പ്രധാന കണ്ടെത്തലുകൾ വ്യക്തമാക്കുന്നുണ്ട്. 2012 മുതൽ 2019 വരെയുള്ള കാലയളവിൽ ബിനീഷ് കോടിയേരി വിവിധ അക്കൗണ്ടുകളിലൂടെ മയക്കുമരുന്ന് കേസിലെ മുഖ്യപ്രതി മുഹമ്മദ് അനൂപിന് 5,17,36,600 രൂപ കൈമാറി. ഇതേ കാലയളവിൽ ബിനീഷ് ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഈ തുക ഒട്ടും ഒത്തു പോകുന്നതല്ല. ഈ പണം മയക്കുമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്.
മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരെ ബിനാമിയാക്കിയും ബിനീഷ് കേരളത്തിലും കർണാടകത്തിലും ഇവന്റ് മാനേജ്മെന്റ് കമ്പനികൾ രൂപീകരിച്ചു. ഈ കമ്പനികളെ കുറിച്ചും അന്വേഷണം വേണം. ബിനീഷ് ദുബായിലായിരിക്കുന്ന സമയത്ത് പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെ കുറിച്ചും തങ്ങൾക്ക് കൂടുതലന്വേഷിക്കണം. ബിനീഷ് കൊക്കെയ്നടക്കമുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചതായും , ലഹരിവസ്തുക്കൾ വിൽപന നടത്തിയതായും അന്വേഷണത്തിനിടെ ചിലർ തങ്ങൾക്ക് മൊഴി നൽകിയിട്ടുണ്ടെന്നും ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അബ്ദുൾ ലത്തീഫ് ഡയറക്റ്ററായ യുഎഫ്എക്സ് കമ്പനി ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അബ്ദുൾ ലത്തീഫ് ബിനാമി മാത്രമാണെന്നുമാണ് എൻഫോഴ്സ്മെന്റ് അധികൃതർക്കു ലഭിച്ച വിവരം. ഇതു സ്ഥാപിക്കുന്നതിനുള്ള തെളിവുകളും അവരുടെ പക്കലുണ്ട്. ലഹരിമരുന്ന് കടത്തിൽ മാത്രം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബിനീഷ് അഞ്ചുകോടി രൂപയുടെ സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ നിഗമനം. അതിൽ മൂന്നരക്കോടി രൂപ, കേസിലെ ഒന്നാംപ്രതി അനൂപ് മുഹമ്മദുമായി നേരിട്ടുനടത്തിയ ഇടപാടാണ്. അബ്ദുൾ ലത്തീഫുമായി നടത്തിിട്ടുള്ള ഇടപാടുകളുടെ വ്യാപ്തി ഇതിലും കൂടുമെന്നാണ് ഇഡി പറയുന്നത്. ബിനീഷിനെയും അബ്ദുൾ ലത്തീഫിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
ഈ ചോദ്യം ചെയ്യലിലൂടെ ബിനീഷ് കോടിയേരിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു സഹായം കിട്ടിയിരുന്നു എന്നു വ്യക്തമാകുമെന്നതാണ് ഇഡിക്കെതിരേ തിരിയാൻ മുഖ്യമന്ത്രിയെ പെട്ടെന്നു പ്രകോപിച്ചതെന്നു കരുതുന്നു. യുഎഫ്എക്സ് സൊലൂഷൻസ് എന്ന കമ്പനിക്ക് യുഎഇ കോൺസുലേറ്റുമായി നേരിട്ടു ബന്ധമുണ്ട്. തൊഴിൽ വിസ സ്റ്റാപിങ് പെർമിറ്റുള്ള സ്ഥാപനമാണിത്. ഇവിടെ നിന്ന് സ്വപ്ന സുരേഷിനു സാമ്പത്തിക സഹായം ലഭിച്ചിരുന്നു എന്നു നേരത്തേ വ്യക്തമായിരുന്നു.
യുഎഫ്എക്സിൽ നിന്ന് തനിക്കു വലിയ തുക കമ്മിഷനായി കിട്ടിയിട്ടുണ്ടെന്ന് ഇഡി ചോദ്യം ചെയ്യലിൽ അവർ സമ്മതിക്കുകയും ചെയ്തു. അതിനുള്ള ഒത്താശകൾ ചെയ്തുകൊടുത്തത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ്.