- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനീഷിനെ പുറത്താക്കാൻ ഉറച്ച് 'അമ്മ'; മോഹൻലാലിന്റെ ഷൂട്ടിങ് തിരിക്കുകൾ കഴിഞ്ഞാൽ സസ്പെന്റ് ചെയ്യും; കോടിയേരിയുടെ മകൻ നായകനായ നാമം സിനിമയ്ക്ക് പണം മുടക്കിയത് കാർ പാലസ് ഉടമയെന്നും സംശയം; 15 നിർമ്മതാക്കളിൽ നിന്ന് വിവരം തേടി ഇഡി; മലയാള സിനിമയ്ക്ക് തലവേദനയായി ബിനീഷിന്റെ അറസ്റ്റ്
കൊച്ചി: ലഹരിക്കടത്തുകേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി അറസ്റ്റിലായതിനു പിന്നാലെ നടനെതിരെ നടപടിക്ക് താര സംഘടന. ബിനീഷ് കോടിയേരി കേസിൽ പ്രതിയായ സാഹചര്യത്തിൽ താരസംഘടനയായ 'അമ്മ' വിഷയം അടുത്ത എക്സിക്യുട്ടീവ് യോഗത്തിൽ ചർച്ചചെയ്യാനാണ് തീരുമാനം. പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യംകൂടി പരിഗണിച്ചായിരിക്കും യോഗത്തിന്റെ തീയതി തീരുമാനിക്കുന്നത്. ബിനീഷിനെ സംഘടനയിൽ നിന്ന് സസ്പെന്റ് ചെയ്യും. മയക്കു മരുന്ന് കേസിൽ കേന്ദ്ര ഏജൻസികൾ സംശയ നിഴലിൽ നിർത്തുന്നവർക്കെതിരെ എല്ലാം നടപടി എടുക്കാനാണ് തീരുമാനം.
എൻസിബിയുടെ അന്വേഷണം സിനിമാമേഖലയിലേക്കും കടക്കുകയാണ്. ബിനീഷ് നായകനായ 'നാമം' എന്ന സിനിമയ്ക്ക് പണം മുടക്കിയവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചിട്ടുണ്ട്. ചില പുതിയ നിർമ്മാതാക്കളെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. തണ്ണീർമത്തൻ ഡേയ്സ്, കുമ്പളങ്കി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ നിർമ്മാതാക്കളിൽ നിന്നും പോലും വിവരം തേടുമെന്നാണ് സൂചന. 15-ലേറെ പേരിൽ നിന്നും സിനിമയുടെ സാമ്പത്തിക സ്രോതസ്സിൽ ഇഡി വിവരങ്ങൾ തേടികഴിഞ്ഞു. എൻസിബിയും എത്തിയേക്കും. ന്യൂജെൻ സിനിമകളെ കുറിച്ചാണ് അന്വേഷണം. മുൻനിര നിർമ്മാണ കമ്പനികൾ ഒഴികെ എല്ലാം നിരീക്ഷണത്തിലാണ്.
'നാമം' എന്ന സിനിമയ്ക്കായി ബിനീഷ് കോടിയേരി മുൻകൈയെടുത്ത് മറ്റുചിലർ പണം മുടക്കിയതായാണ് അന്വേഷണ ഏജൻസികളുടെ സംശയം. തിരുവനന്തപുരം സ്വദേശി നിർമ്മിച്ച ഈ സിനിമയിൽ സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷുമായി ബന്ധമുള്ള ഒരു കാർ ഷോറൂം ഉടമ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ചില സിനിമകൾ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽനിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. കാർ പാലസ് എന്ന സ്ഥാപനത്തിന് എതിരെയാണ് അന്വേഷണം. ബിനീഷിന്റെ ഇടപാടുകളിൽ ഈ കാർ ഉടമയും പങ്കാളിയാണ്. ബിനോയ് മാർബിൾസിന്റെ ഇടപെടലും സംശയ നിഴലിലാണ്. ഇതും അന്വേഷണിക്കും.
ബെംഗളൂരു മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിന് മലയാളസിനിമയിലെ ചിലരുമായി ബന്ധമുണ്ടെന്ന വിവരവും നേരത്തേ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നു. മലയാള സിനിമാരംഗത്ത് നേരത്തേയുണ്ടായ ലഹരിമരുന്നുകേസുകളും നാർക്കോട്ടിക്സ് ബ്യൂറോ വീണ്ടും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം സ്വദേശി മഹേഷ് രാജാണ് ചിത്രം നിർമ്മിച്ചത്. ബിനീഷ് കോടിയേരി മുൻകൈ എടുത്ത് ഈ സിനിമയ്ക്കായി മറ്റു ചിലർ പണം മുടക്കിയതായാണ് അന്വേഷണ ഏജൻസികളുടെ സംശയം. ഇതിനൊപ്പം കഴിഞ്ഞ വർഷം വമ്പൻ വിജയം നേടിയ സിനിമകളിലേക്കാണ് അന്വേഷണം. ഇതിന്റെ ഭാഗമായാണ് നാമം സിനിമയും പരിശോധിക്കുന്നത്. കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട സംഭവ കഥയുടെ സത്യസന്ധമായ ചലച്ചിത്രാവിഷ്ക്കരണമാണ് ബിനീഷ് കോടിയേരി മുഖ്യ വേഷത്തിൽ എത്തുന്ന 'നാമം' എന്നായിരുന്നു അവകാശവാദം.
അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂന്നിയാണ് കഥ പറയുന്നത്. ആത്മീയ, ഗണേശ് കുമാർ, കൊച്ചുപ്രേമൻ, വത്സല മേനോൻ, ബൈജു മുൻഷി, മഹേഷ് കോട്ടയം, ആസിഫ്ഷാ, ദിലീപ്, ഷിജു, സാജൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.. ഓൾ ലൈറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. സിനിമാ നിർമ്മാണത്തിൽ ബാനറിന് വ്യക്തമായ കണക്ക് നൽകേണ്ടിവരും. മാതൃ, പിതൃ, പുത്ര ബന്ധത്തിന്റെ വേർതിരിചെടുക്കാനാകാത്ത കണ്ണികളുടെ മാതൃകകളാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ രമേശനും, റീനയും, വിഷ്ണുവും.
അനാഥത്വത്തിന്റെ ഏകാന്തതയിൽ ജീവിച്ച രമേശന് റീന തണലാകുമ്പോൾ രമേശന്റെ ജീവിതം പുതിയ ദിശയിലേക്ക് നീങ്ങുന്നു. അവർക്കിടയിൽ സ്വപ്ന സാഫല്യമായ മകന്റെ (വിഷ്ണു) കടന്നു വരവോടെ സ്നേഹത്തിന്റെ, വിരഹത്തിന്റെ, ഒറ്റപ്പെടലിന്റെ പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ബിനീഷ് കോടിയേരി രമേശനാവുമ്പോൾ റീനയായി ആത്മീയ രാജൻ എത്തുന്നു. ബിനീഷിനെ ഈ സിനിമയുടെ നായകനാക്കിയ സാഹചര്യമാണ് പരിശോധിക്കുന്നത്. ഇതിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കലുണ്ടോ എന്നാണ് സംശയം. ഇഡി ഈ സിനിമയിലേക്ക് പരിശോധിക്കുന്നുണ്ട്.
അതേ സമയം ക്രൈം ബ്രാഞ്ചും സിനിമാ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുയാണ്. ചില സിനിമകൾ കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന സംശയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. 15 സിനിമകളുടെ നിർമ്മാതാക്കളിൽ നിന്നും ഇതിനോടകം വിവരങ്ങൾ തേടി കഴിഞ്ഞു. ഇതിൽ പ്രധാന താരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ന്യൂജെൻ സിനിമകളെയാണ് ഇഡി പ്രധാനമായും ലക്ഷ്യമിടുന്നത്. ഇവർക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നും ഇഡി സംശയിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ